ജീപ്പ് കോംപസിനെ ആഘോഷമാക്കുന്ന ബെഡ്റോക്ക്

കോംപസ് വിൽപ്പന കാൽ ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ആഘോഷമായി ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പരിമിതകാല പതിപ്പായ ‘ബെഡ്റോക്ക് എഡീഷൻ’ പുറത്തിറക്കി; 17.53 ലക്ഷം രൂപയാണ് ഈ ‘ജീപ്പി’ന് ഡൽഹി ഷോറൂമിൽ വില. കോംപസിന്റെ അടിസ്ഥാന വകഭേദമായ ‘സ്പോർട്’ അടിത്തറയാക്കിയാണ് എഫ് സി എ ‘ബെഡ്റോക്ക് എഡീഷൻ’ സാക്ഷാത്കരിച്ചത്; ഡീസൽ എൻജിനോടെ മാത്രമാണ് ഈ പരിമിതകാല പതിപ്പ് ലഭിക്കുക. 

ബ്ലാക്ക് ഫിനിഷുള്ള 16 ഇഞ്ച് അലോയ് വീൽ, ഡോറിലെ കറുപ്പ് ഡികാൽ, ബ്ലാക്ക് റൂഫ് റെയ്ൽ എന്നിവ സഹിതമെത്തുന്ന ‘ബെഡ്റോക്ക് എഡീഷൻ’ മൂന്നു നിറങ്ങളിലാണ് വിപണിയിലുള്ളത്: വോക്കൽ വൈറ്റ്, മിനിമൽ ഗ്രേ, എക്സോട്ടിക്ക റെഡ്. അകത്തളത്തിൽ ‘ബെഡ്റോക്ക്’ ബാഡ്ജിങ്ങുള്ള സീറ്റ് കവർ, പുത്തൻ ഫ്ളോർ മാറ്റ്,  ഡൈനമിക് ഗൈഡൻസുള്ള റിവേഴ്സിങ് കാമറയായും പ്രവർത്തിക്കുന്ന അഞ്ച് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണു വാഹനത്തിന്റെ അകത്തളത്തിലെ മാറ്റം.

മുന്നിൽ ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, സ്റ്റെബിലിറ്റി ആൻഡ് ട്രാക്ഷൻ കൺട്രോൾ, ഫോർ വീൽ ഡിസ്ക് ബ്രേക്ക്, പവർ അഡ്ജസ്റ്റ് ഫോൾഡിങ് വിങ് മിറർ, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക് തുടങ്ങി ‘സ്പോർട്’ വകഭേദത്തിലെ സവിശേഷതകളൊക്കെ ‘ബെഡ്റോക്ക് എഡീഷനി’ലും ലഭ്യമാണ്. പരമാവധി 173 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കുന്ന രണ്ടു ലീറ്റർ ഡീസൽ എൻജിനാണ് ‘ബെഡ്റോക്ക് എഡീഷനി’ലുള്ളത്. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.