2018 എഡീഷൻ സി ഡി 110 ഡ്രീം ഡി എക്സ്

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ‘സി ഡി 110 ഡ്രീം ഡി എക്സി’ന്റെ ‘2018 എഡീഷൻ’ പുറത്തിറക്കി. 48,272 രൂപയാണു ബൈക്കിന് ഡൽഹി ഷോറൂമിലെ വില. 

സ്വർണ വർണമുള്ള ഗ്രാഫിക്സും ക്രോം മഫ്ളർ പ്രൊട്ടക്ടറും ഭാരമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ പര്യാപ്തവും ശക്തവുമായ പിൻ കാരിയറുമൊക്കെയായാണ് എൻട്രി ലവൽ ബൈക്കായ ‘സി ഡി 100 ഡ്രീം ഡി എക്സി’ന്റെ പുതുരൂപമെത്തുന്നതെന്ന് എച്ച് എം എസ് ഐ വിശദീകരിച്ചു. സുഖയാത്രയ്ക്കായി നീളമേറിയ സീറ്റും ഉയർന്ന വീൽബേസുമാണ് ബൈക്കിനുള്ളത്. കരുത്തുറ്റതും ദൃഢവുമായ സസ്പെൻഷനും ബൈക്കിനുണ്ട്.

മികവു തെളിയിച്ച, ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലമുള്ള 110 സി സി എൻജിനാണ് ‘സി ഡി 110 ഡ്രീം ഡി എക്സി’നു കരുത്തേകുന്നത്. കരുത്തിന്റെയും ഇന്ധനക്ഷമതയുടെയും മികച്ച സമന്വയമാണ് ഈ എൻജിനിൽ ഹോണ്ടയുടെ വാഗ്ദാനം.

ആഗോളതലത്തിൽ 1966 മുതൽ ഉടമകളുടെ വിസ്വാമാർജിച്ചു മുന്നേറിയ ചരിത്രമാണ് ‘സി ഡി’ ശ്രേണിയുടേതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ആ പാരമ്പര്യം പിന്തുടർന്നു മികച്ച വിശ്വാസ്യതയാണ് ‘2018 സി ഡി 110 ഡ്രീം ഡി എക്സും’ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ മികച്ച വിപണന സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ പുതിയ ബൈക്കിനു സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.