റേ സീ ആർ സ്ട്രീറ്റ് റാലി എഡീഷനുമായി യമഹ

ഗീയർരഹിത സ്കൂട്ടറായ ‘സൈനസ് റേ സീ ആറി’ന്റെ പുതിയ വകഭേദം ജാപ്പനീസ് നിർമാതാക്കളായ യമഹ പുറത്തിറക്കി; ‘സ്ട്രീറ്റ് റാലി’ എന്നു പേരിട്ട പതിപ്പിന് 57,898 രൂപയാണു ഡൽഹി ഷോറൂമിലെ വില. ‘റേ സീ ആറി’ന്റെ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് രണ്ടായിരത്തോളം രൂപ അധിമാണിത്. അതുകൊണ്ടുതന്നെ യമഹയുടെ ഇന്ത്യൻ ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുമാണ് ‘സ്ട്രീറ്റ് റാലി’. ഈ മാസം അവസാനത്തോടെ ‘റേ സീ ആർ 110 സ്ട്രീറ്റ് റാലി എഡീഷൻ’ ഡീലർഷിപ്പുകളിലെത്തുമെന്നാണു യമഹയുടെ വാഗ്ദാനം. 

പരിഷ്കരിച്ച മുൻ ഫെയറിങ്ങും റിയർ വ്യൂ മിററുകളുമാണു ‘സ്ട്രീറ്റ് റാലി’യുടെ സവിശേഷത. കൂടാതെ പൂർണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ സഹിതം യമഹ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്ന ആദ്യ മോഡലുമാണിത്.  കാറ്റിൽ നിന്നു സംരക്ഷണം നൽകുന്നതിനൊപ്പം ചെളി തെറിക്കുന്നതു തടയാനും ലക്ഷ്യമിട്ടാണു മുൻ ഫെയറിങ്ങിന്റെ രൂപകൽപ്പന പരിഷ്കരിച്ചതെന്നാണു യമഹയുടെ വിശദീകരണം. കൂടാതെ പുത്തൻ ഗ്രാഫിക്സിന്റെയും നിറക്കൂട്ടുകളുടെയും അകമ്പടിയോടെയാണ് ‘സ്ട്രീറ്റ് റാലി’യുടെ വരവ്: റാലി റെഡ്, റേസിങ് ബ്ലൂ നിറങ്ങളിലാണു സ്കൂട്ടർ ലഭിക്കുക.

ഇത്തരം മാറ്റങ്ങൾ ഒഴിവാക്കിയാൽ ‘റേ സീ ആറു’മായി വ്യത്യാസമൊന്നുമില്ലാതെയാണ് ‘സ്ട്രീറ്റ് റാലി’ എത്തുന്നത്. യമഹ ഇന്ത്യയിൽ വിൽക്കുന്ന സ്കൂട്ടറുകൾക്കെല്ലാം കരുത്തേകുന്ന, ബ്ലൂ കോർ സാങ്കേതികവിദ്യയുടെ പിൻബലമുള്ള 113 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിൻ തന്നെയാണ് ‘റേ സീ ആർ 110 സ്ട്രീറ്റ് റാലി എഡീഷ’ന്റെയും ‘ഹൃദയം’. എന്നാൽ പുതിയ പതിപ്പിൽ ഈ എൻജിന്റെ പ്രകടനത്തെപ്പറ്റി യമഹ വ്യക്തമായ സൂചന നൽകിയിട്ടില്ല. എങ്കിലും മറ്റു സ്കൂട്ടറുകളിലെ പോലെ 72. ബി എച്ച് പിയോളം കരുത്തും 8.1 എൻ എമ്മോളം ടോർക്കും തന്നെ ‘സ്ട്രീറ്റ് റാലി എഡീഷനി’ലും ഈ എൻജിൻ സൃഷ്ടിക്കാനാണു സാധ്യത. കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷനാണു ഗീയർബോക്സ്.

പത്ത് ഇഞ്ച് അലോയ് വീലോടെ എത്തുന്ന ‘റേ സീ ആർ 110 സ്ട്രീറ്റ് റാലി എഡീഷനി’ൽ ട്യൂബ്രഹിത ടയറുകളാണു യമഹ ഘടിപ്പിക്കുക. കൂടാതെ മുന്നിൽ ഡിസ്ക് ബ്രേക്കോടെയാവും പുതിയ സ്കൂട്ടറിന്റെ വരവ്. ഈ വില നിലവാരത്തിൽ 125 സി സി സ്കൂട്ടറുകളായ ‘ടി വി എസ് എൻ ടോർക്’, ‘ഹോണ്ട ഗ്രാസ്’, ‘സുസുക്കി അക്സസ്’ തുടങ്ങിയവയോടാവും ‘റേ സീ ആർ 110 സ്ട്രീറ്റ് റാലി എഡീഷ’ന്റെ പോരാട്ടം.