സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്, വില 68,000 രൂപ

മാക്സി സ്കൂട്ടറായ‘ബർഗ്മാൻ സ്ട്രീറ്റ്’ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലിമിറ്റഡ്(എസ് എം ഐ പി എൽ) വിൽപ്പനയ്ക്കെത്തിച്ചു; ഡൽഹി ഷോറൂമിൽ 68,000 രൂപയാണു വില. ഹോണ്ട ‘ആക്ടീവ’യെയും ടി വി എസ് ‘ജുപ്പീറ്ററി’നെയും ഹീറോ ‘മാസ്ട്രോ’യെയും അപേക്ഷിച്ചു പ്രീമിയം വില നിലവാരമാണ് ‘ബർഗ്മാൻ സ്ട്രീറ്റി’നായി സുസുക്കി പിന്തുടരുന്നത്. 

രാജ്യാന്തര വിപണികളിൽ 125 മുതൽ 600 സി സി വരെ ശേഷിയുള്ള എൻജിനുകളുമായി സുസുക്കി ‘ബർഗ്മാൻ’ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള 124.3 സി സി, ഫോർ സ്ട്രോക്ക്, എയർ കൂൾഡ്, എസ് ഒ എച്ച് സി എൻജിനുമായാണ് ‘ബർഗ്മാൻ സ്ട്രീറ്റി’ന്റെ വരവ്. 7,000 ആർ പി എമ്മിൽ 8.6 ബി എച്ച് പി വരെ കരുത്തും 5,000 ആർ പി എമ്മിൽ 10.2 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ഇന്ത്യയിൽ 125 സി സി സ്കൂട്ടർ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ‘ബർഗ്മാൻ സ്ട്രീറ്റി’ന്റെ വരവ് സഹായിക്കുമെന്ന് എസ് എം ഐ പി എൽ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അബിപ്രായപ്പെട്ടു. കൈനറ്റിക് ‘ബ്ലേസി’നു ശേഷം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ മാക്സി സ്കൂട്ടറാണു ‘ബർഗ്മാൻ സ്ട്രീറ്റ്’. പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് വലിപ്പമേറിയ ബോഡി ഷെല്ലും വലിയ മുൻ ഏപ്രണും ഉയരമേറിയ വിൻഡ് സ്ക്രീനുമൊക്കെയായിട്ടാണു  ‘ബർഗ്മാൻ സ്ട്രീറ്റ്’ എത്തുന്നത്. കൂടാതെ സുസുക്കിയുടെ ഇന്ത്യൻ ശ്രേണിയിൽ ഇതാദ്യമായി എൽ ഇ ഡി ഹെഡ്ലാംപും ‘ബർഗ്മാൻ സ്ട്രീറ്റി’ലുണ്ട്.  അലോയ് വീൽ സഹിതമെത്തുന്ന സ്കൂട്ടറിന് സ്റ്റെപ് അപ് രീതിയിലുള്ള സിംഗിൾ സീറ്റാണ്.

മൾട്ടി ഫംക്ഷൻ കീ സ്ലോട്ട്, സീറ്റിന് അടിയിൽ വിശാലമായ സംഭരണസ്ഥലം, 12 വോൾട്ട് ചാർജിങ് സോക്കറ്റ്, എൽ ഇഡി ടെയിൽ ലാംപ് തുടങ്ങിയവയും സ്കൂട്ടറിലുണ്ട്. കൂടാതെ സുസുക്കിയുടെ ഇന്ത്യൻ സ്കൂട്ടർ ശ്രേണിയിൽ ഇതാദ്യമായി ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോളും ‘ബർഗ്മാൻ സ്ട്രീറ്റി’ൽ ലഭ്യമാണ്.  ‘അക്സസി’ന്റെ ഫ്രെയിമിലാണു സുസുക്കി ‘ബർഗ്മാൻ സ്ട്രീറ്റ്’ സാക്ഷാത്കരിക്കുന്നത്; സ്കൂട്ടറിലെ 125 സി സി എൻജിൻ കടമെടുത്തതും ‘അക്സസി’ൽ നിന്നു തന്നെ. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ സിംഗിൾ ഷോക് അബ്സോബറുമാണു 110 കിലോഗ്രാം ഭാരമുള്ള ‘ബർഗ്മാൻ സ്ട്രീറ്റി’ന്റെ സസ്പെൻഷൻ.