പുതിയ മൈക്ര; കൈ നിറയെ ഫീച്ചറുകൾ, കയ്യിലൊതുങ്ങും വില

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യ കോംപാക്ട് ഹാച്ച്ബാക്കായ ‘മൈക്ര’യുടെ സ്പോർട്ടി പതിപ്പ് പുറത്തിറക്കി; 5.03 ലക്ഷം രൂപ മുതലാണു കാറിന്റെ വില. സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന മികച്ച ഫീച്ചറുകളുമായാണ് പുതിയ മൈക്രയുടെ വരവ്. ഇരട്ട എയർബാഗുകൾ, സ്പീഡ് സെൻസിങ് ‍ഡോർ ലോക്ക്, ഡ്രൈവർ സീറ്റ്ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസറുകൾ, സ്പീഡ് മുന്നറിയിപ്പു സംവിധാനം എന്നിവയൊക്കെയാണ് സവിശേഷമായ സുരക്ഷ ഫീച്ചറുകൾ. എല്ലാ വേരിയന്റുകളിലും ഈ സുരക്ഷാ ഫീച്ചറുകൾ ലഭ്യമായിരിക്കും. 

6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഔട്ടർ റിയർ വ്യൂ മിററുകളിലെ ടേൺ ഇൻഡിക്കേറ്ററുകളും‌ പുതിയ മൈക്രയുടെ സവിശേഷതകളാണ്. ജിയോ ഫെൻസിങ്, സ്പീഡ് അലർട്ട്, കർഫ്യൂ അലർട്ട്, മുന്നിലുള്ള കുഴികളെ സംബന്ധിച്ച മുന്നറിയിപ്പ്, ലൊക്കേറ്റ് മൈകാർ, ഷെയർ മൈകാർ ലൊക്കേഷൻ അഡ്രസ് തുടങ്ങിയ സവിശേഷതകൾ വാ‌ഹനത്തിന്റെ സുരക്ഷ ഉറപ്പിക്കാൻ സഹായിക്കുന്നു. കീലെസ് എൻട്രി, ഇന്‍റലിജന്‍റ് കീ, പാർക്കിങ് സ്ഥലത്ത് വാഹനം കണ്ടെത്താൻ ഉടമയെ സഹായിക്കുന്ന ലീഡ് മീ ടു കാർ തുടങ്ങിയ സവിശേഷതകളും ശ്രദ്ധേയമാണ്.

ജാപ്പനീസ് സാങ്കേതികവിദ്യയുടെയും യൂറോപ്യൻ രൂപകൽപ്പനയുടെയും സമന്വയമായ പുതിയ ‘മൈക്ര’ ഇന്ത്യൻ ഉപഭോക്താക്കളുടെ ഡ്രൈവിങ് അനുഭവം കൂടുതൽ സംതൃപ്തമാക്കുമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. ഇന്‍റലിജന്‍റ് ഫീച്ചറുകൾ തേടുന്ന ഉപയോക്താക്കളുടെ സംതൃപ്തി കൂടി കണക്കിലെടുത്താണ് പുതിയ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിവിടി ഗിയർബോക്സോടു കൂടിയ 1.2 ലിറ്റർ പെട്രോൾ, 5– സ്പീഡ് മാനുവൽ ഗിയർ ബോക്സോടു കൂടിയ 1.5 ലിറ്റർ ഡീസൽ എൻജിനുകളിൽ പുത്തൻ മൈക്ര ലഭ്യമാണ്.