ചീഫ്ടെയ്‌ൻ എലൈറ്റ്, ഇന്ത്യയ്ക്ക് 10 എണ്ണം മാത്രം; വില 38 ലക്ഷം

അമേരിക്കന്‍  നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടര്‍ സൈക്കിള്‍സിന്റെ ചീഫ്ടെയ്‌ൻ എലൈറ്റ് വിപണിയിൽ. ഇന്ത്യൻ ചീഫ് കുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ എലൈറ്റിന് എക്സ്ഷോറൂം വില 38 ലക്ഷം രൂപയാണ്. ലോകത്തൊട്ടാകെ  350 ചീഫ്ടെയ്‌ൻ എലൈറ്റുകളാണ് ഇന്ത്യന്‍ മോട്ടൊര്‍ സൈക്കിള്‍സ് പുറത്തിറക്കുന്നത്  ഇതില്‍ പത്തെണ്ണം മാത്രമെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയുള്ളു. 111 ബിഎച്ച്പി കരുത്തും 161 എൻഎം ടോർക്കുമുള്ള 1811 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത് ക്രൂസർ ബൈക്ക് സെഗ്‌മെന്റിൽ എത്തുന്ന ബൈക്കിൽ ആത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. 

7 ഇഞ്ച് ടച്ച് സ്കീന്‍ ഡിസ്പ്ലെ, ലെതര്‍ സീറ്റ്, 200 വാട്ട് മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, യു.എസ്‍.ബി, റേഡിയോ എന്നിവ ചീഫ്ടെയ്‌ൻ എലൈറ്റിലുണ്ട്. അലുമിനിയം ബില്ലറ്റ് കൊണ്ട് നിര്‍മ്മിച്ച റൈഡറുടെ ഉയരത്തിനനുസരിച്ച് വയ്ക്കാവുന്ന  ഫ്ലോര്‍ ബോര്‍ഡാണ് മറ്റൊരു ഘടകം. മുന്നിൽ 19 ഇഞ്ച് ടയറും പിന്നിൽ 16 ഇഞ്ച് ടയറുമാണുള്ളത്. 300 എംഎം ഡിസ്ക് ബ്രേക്കുകൾ ഇരു ടയറുകളിലും ഉപയോഗിക്കുന്നു. ദൂര യാത്രകളിൽ മികച്ച യാത്ര സുഖം നൽകുന്നതിനായി മുന്നിൽ ടെലിസ്കോപ്പിക്കും പിന്നിൽ മോണോഷോക്ക് സസ്പെൻഷനും.

സില്‍വര്‍ എന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ചീഫ്ടെയ്‌ൻ എലൈറ്റിന്റെ കളറിന് ചില പ്രത്യേകതകളുണ്ട്. 25  മണിക്കൂര്‍ സമയമെടുത്ത് കൈ കൊണ്ട് സ്പേ പെയിന്റ് ചെയ്താണ് ഓരോ വാഹനവും പുറത്തിറക്കുന്നത്. ബ്ലാക്ക് ഹില്‍സ് സില്‍വര്‍ വിത്ത് മാര്‍ബിള്‍ ആക്സന്റ് എന്നതാണ് പ്രത്യേക ടോണിലുള്ള ഈ വെള്ളി നിറത്തിന് നിര്‍മാതാക്കാള്‍ നല്‍കിയിരിക്കുന്ന പേര്.