റെഡി ഗൊ പ്രത്യേക പതിപ്പുമായി ഡാറ്റ്സൻ

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഹാച്ച്ബാക്കായ ‘റെഡി ഗൊ’യുടെ പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. 800 സി സി, ഒരു ലീറ്റർ എൻജിനുകളോടെ ഈ കാർ വിൽപ്പനയ്ക്കുണ്ടാവും.  റൂഫിന് കോൺട്രാസ്റ്റ് പെയ്ന്റ് ഓപ്ഷൻ, ബോഡിയിലും വീൽ ക്യാപ്പിലും ഡാഷ്ബോഡിലും വരെ റെഡ് — ബ്ലാക്ക് അക്സന്റ് തുടങ്ങിയവയാണു കാറിന്റെ സവിശേഷത. പ്രത്യേക ബോഡി ഗ്രാഫിക്സ്, മുൻ — പിൻ ബംപർ അണ്ടർകവർ തുടങ്ങിയവയും കാറിലുണ്ട്. അകത്തളത്തിലാവട്ടെ ചുവപ്പും കറുപ്പും ചേർന്നുള്ള സവിശേഷ അപ്ഹോൾസ്ട്രിയുമുണ്ട്. 

പിന്നിൽ പാർക്കിങ് സെൻസറോടെയെത്തുന്ന ‘റെഡി ഗൊ’ പരിമിതകാല പതിപ്പിൽ ഡോർ ഹാൻഡിലിൽ ക്രോമിയം സ്പർശവും കാർപറ്റ് മാറ്റിന് സവിശേഷ ഷെയ്ഡുമുണ്ട്. അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘റെഡി ഗൊ’യുടെ പരിമിതകാല പതിപ്പ് എത്തുന്നത്; മാനുവൽ ട്രാൻസ്മിഷനുള്ള കാർ വെള്ള, വെള്ളി, ചുവപ്പ് നിറങ്ങളിലാണു വിപണിയിലുള്ളത്. 

 ‘റെഡി ഗൊ’യുടെ 800 സി സി എൻജിനുള്ള പരിമിതകാല പതിപ്പിന് 3.58 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില; ഒരു ലീറ്റർ എൻജിനുള്ള മോഡലിനു വില 3.85 ലക്ഷം രൂപയും.അടുത്ത വർഷത്തോടെ ‘റെഡി ഗൊ’ സമഗ്രമായി പരിഷ്കരിക്കാൻ ഡാറ്റ്സനു  പദ്ധതിയുണ്ട്. കൂടാതെ ഇന്ത്യയ്ക്കായി പുതിയ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)വും കമ്പനി വികസിപ്പിക്കുന്നുണ്ട്. 

ഉത്സവകാലത്തിനു കൂടുതൽ പകിട്ടും പ്രൗഢിയുമേകാൻ ലക്ഷ്യമിട്ടാണു കമ്പനി ‘റെഡി ഗൊ ലിമിറ്റഡ് എഡീഷൻ’ അവതരിപ്പിച്ചതെന്ന് നിസ്സാൻ മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) പീറ്റർ ക്ലിസ്സോൾഡ് അറിയിച്ചു.