2018 ഏപ്രിലിയ എസ് ആർ 150 എത്തി; വില 70,031 രൂപ

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ ഏപ്രിലിയ ‘എസ് ആർ 150’ സ്കൂട്ടറിന്റെ അടിസ്ഥാന വകഭേദത്തിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി; 70,031 രൂപയാണു സ്കൂട്ടറിന്റെ പുണെ ഷോറൂമിലെ വില. ‘എസ് ആർ 150 കാർബൺ’ 73,500 രൂപയ്ക്കും ‘എസ് ആർ 150 റേസ്’ 80,211 രൂപയ്ക്കും ലഭിക്കും. പ്രകടനക്ഷമതയിൽ മുന്നിലെങ്കിലും ‘എസ് ആർ 150’ സ്കൂട്ടറിൽ സൗകര്യങ്ങളും സംവിധാനങ്ങളും അപര്യാപ്തമാണെന്നതായിരുന്നു വിലയിരുത്തൽ. ഈ പോരായ്മ തീർക്കാനുള്ള പരിഷ്കാരങ്ങളാണു സ്കൂട്ടറിൽ ഏപ്രിലിയ നടപ്പാക്കിയത്.

പരിഷ്കരിച്ച ഗ്രാഫിക്സിനൊപ്പം ‘എസ് ആർ 125’ സ്കൂട്ടറിലെ ബ്ലൂ, ഗ്രേ നിറങ്ങളിലും ‘എസ് ആർ 150’ വിൽപ്പനയ്ക്കുണ്ട്. ‘2018 എസ് ആർ 150 റേസി’ലും പുതിയ നിറങ്ങൾക്കും ഗ്രാഫിക്സിനുമൊപ്പം വലിയ വിൻഡ്സ്ക്രീനും ഫോൺ കണക്ടിവിറ്റി സംവിധാനവും ലഭ്യമാക്കി. ബോഡിയിൽ കാർബൺ ഫൈബറിനെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്സോടെ എത്തുന്ന പരിമിതകാല പതിപ്പാണ് ‘എസ് ആർ 150 കാർബൺ’. 

മൂന്നു മോഡലിലും ഇന്ധനഗേജിനു ഡിജിറ്റൽ ഡിസ്പ്ലേ സഹിതം ഓഡോമീറ്റർ, ട്രിപ് മീറ്റർ തുടങ്ങിയവയോടെ പുതിയ ഡിജി അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഇടംപിടിക്കുന്നുണ്ട്. അതേസമയം സ്പീഡോമീറ്റർ അനലോഗ് രീതിയിൽ തുടരും. സീറ്റിനടിയിൽ യു എസ് ബി ചാർജിങ് പോർട്ടും ലഭ്യമാക്കി. ടയറിന്റെ വലിപ്പത്തിൽ മാറ്റമില്ലെങ്കിലും ട്രെഡ് പാറ്റേൺ പരിഷ്കരിച്ചിട്ടുണ്ട്.

‘എസ് ആർ 150’ ശ്രേണിക്കു കരുത്തേുന്നത് 154 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 10.06 ബി എച്ച് പി കരുത്തും 10.9 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുന്നിൽ 220 എം എം ഡിസ്കും പിന്നിൽ 140 എം എം ഡ്രമ്മുമാണ് ബ്രേക്ക്. പ്രീലോഡ് അഡ്ജസ്റ്റബ്ൾ മോണോഷോക്കാണു പിൻസസ്പെൻഷൻ. ഇന്ധന ടാങ്ക് സംഭരണശേഷിയിലും മാറ്റമില്ല: 6.5 ലീറ്റർ.