‘വി സ്ട്രോം 650 എക്സ് ടി’യുമായി സുസുക്കി; വില 7.46 ലക്ഷം

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ അഡ്വഞ്ചർ ടൂററായ ‘വി സ്ട്രോം 650 എക്സ് ടി എബി എസ്’ പുറത്തിറക്കി. 7.46 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില. നാലു സിലിണ്ടർ, 645 സി സി, ട്വിൻ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. മികച്ച സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ‘വി സ്ട്രോം  650 എക്സ് ടി’യിലുണ്ടെന്നു നിർമാതാക്കൾ അറിയിച്ചു. 

വിദേശ നിർമിത കിറ്റുകൾ ഇറക്കുമതി ചെയ്താവും ‘വി സ്ട്രോം ’ ഇന്ത്യയിൽ അസംബ്ൾ ചെയ്തു വിൽക്കുകയെന്നു സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അറിയിച്ചു. 

നടപ്പു സാമ്പത്തിക വർഷം സുസുക്കി അവതരിപ്പിക്കുന്ന മൂന്നാമതു മോഡലാണു ‘വി സ്ട്രോം 650 എക്സ് ടി എ ബി എസ്’ എന്നും ഉചിഡ വെളിപ്പെടുത്തി. എൻജിനീയറിങ് മികവും സാങ്കേതിക തികവുമുള്ള മോഡലുകൾ അവതരിപ്പിക്കുകയെന്ന പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് ഈ മോഡൽ അവതരണങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഇന്ത്യൻ വിപണിക്കായുള്ള പ്രത്യേക പരിഷ്കാരണങ്ങളോടെയാണ് ‘വി സ്ട്രോം 650 എക്സ് ടി’യുടെ വരവെന്നും അദ്ദേഹം വിശദീകരിച്ചു. പിൻ സീറ്റ് യാത്രികരുടെ സുരക്ഷയ്ക്കായി സാരി ഗാഡും നിയമപ്രകാരമുള്ള മുൻനമ്പർ പ്ലേറ്റുമൊക്കെ ഈ ബൈക്കിൽ സ്റ്റാൻഡേഡ് വ്യവസ്ഥയിൽ സുസുക്കി ലഭ്യമാക്കുന്നുണ്ട്.