ഫീച്ചറുകൾ നിറച്ച് ഹെക്സ എക്സ് എം പ്ലസ്

ലൈഫ് സ്റ്റൈൽ സ്പോർട്സ് യൂട്ടിലിറ്റി(എസ് യു വി) വാഹനമായ ‘ഹെക്സ’യുടെ പുതിയ പ്രീമിയം വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി; ‘ഹെക്സ എക്സ് എം പ്ലസ്’ എന്നു പേരിട്ട പതിപ്പിന് 15.27 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. മൊത്തം 16 പുതുമകളും പരിഷ്കാരങ്ങളും സഹിതമാണ് ‘ഹെക്സ എക്സ് എം പ്ലസി’ന്റെ വരവ്. വൈദ്യുത സൺറൂഫ് സഹിതമെത്തുന്ന ഈ ‘ഹെക്സ’യ്ക്ക് രണ്ടു വർഷ വാറന്റിയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

‘ആര്യ’ പ്ലാറ്റ്ഫോം അടിത്തറയാക്കി ടാറ്റ മോട്ടോഴ്സ് സാക്ഷാത്കരിച്ച ‘ഹെക്സ’യ്ക്ക് കരുത്തേകുന്നത് ‘സഫാരി സ്റ്റോമി’ൽ നിന്നു കടമെടുത്ത എൻജിനാണ്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ‘ഹെക്സ’യുടെ അരങ്ങേറ്റം. ഹിവ റിവേഴ്സ് പാർക്കിങ് സെൻസർ, കാമറ, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ ആൻഡ് ഫോൾഡബ്ൾ എക്സ്റ്റീരിയർ മിറർ, ഓട്ടമാറ്റിക് ഹെഡ്ലാംപ് തുടങ്ങിയവയൊക്കെ ‘ഹെക്സ് എക്സ് എം പ്ലസി’ലുണ്ട്. 

പുതിയ പതിപ്പായ ‘എക്സ് എം പ്ലസി’ന്റെ അവതരണത്തോടെ ‘ഹെക്സ’ ശ്രേണി കൂടുതൽ കരുത്താർജിച്ചതായി ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് (സെയിൽസ്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ സപ്പോട്ട്) എസ് എൻ ബർമൻ അഭിപ്രായപ്പെട്ടു.  ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ‘എക്സ് യു വി 500’, ടൊയോട്ട ‘ഇന്നോവ’ തുടങ്ങിയവയോടാണ് ‘ഹെക്സ’യുടെ പോരാട്ടം.