ടിഗൊർ, ടിയാഗൊ ജെ ടി പി എത്തി; വില 6.39 ലക്ഷം മുതൽ

ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെയും കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെയും പ്രകടനക്ഷമതയേറിയ പതിപ്പുകൾ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. ‘ടിയാഗൊ ജെ ടി പി’ക്ക് 6.39 ലക്ഷം രൂപയും ‘ടിഗൊർ ജെ ടി പി’ക്ക് 7.49 ലക്ഷം രൂപയുമാണു രാജ്യത്തെ ഷോറൂമുകളിൽ വില. ഇരു മോഡലുകളുടെയും ബുക്കിങ്ങുകൾ 11,000 രൂപ അഡ്വാൻസ് ഈടാക്കി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡീലർഷിപ്പുകൾ സ്വീകരിക്കുന്നുണ്ട്; അടുത്ത മാസത്തോടെ കാർ ഉടമസ്ഥർക്കു കൈമാറുമെന്നാണു പ്രതീക്ഷ.

കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ ജെ ടി പി’യും ‘ടിഗൊർ ജെ ടി പി’യും ആദ്യമായി പ്രദർശിപ്പിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായ ജെയെം ഓട്ടമോട്ടീവ്സുമായി ചേർന്ന് 50:50 ഓഹരി പങ്കാളിത്തത്തിൽ ടാറ്റ മോട്ടോഴ്സ് സ്ഥാപിച്ച ജെ ടി സ്പെഷൽ വെഹിക്കിൾസാണ് ഇരു കാറുകളും യാഥാർഥ്യമാക്കുന്നത്. 

ഹൂഡ് വെന്റ്, മുൻ ഗ്രില്ലിൽ പുതിയ ഗ്ലോസ് ബ്ലാക്ക് ഡീറ്റെയ്ലിങ്, വലിയ ഗ്രിൽ സഹിതം മുൻ ബംപർ, ഡിഫ്യൂസറുള്ള റിയർ ബംപർ, ഇരട്ട പൈപ് എക്സോസ്റ്റ്, ഗ്രില്ലിലും ഫെൻഡറിലും പിന്നിലും ജെ ടി പി ബാഡ്ജിങ് തുടങ്ങിയവയാണു ‘ജെ ടി പി’ പതിപ്പുകളിലെ മാറ്റം.  ക്രോം ഫിനിഷോടെ ഇരട്ട പ്രൊജക്റ്റർ ഹെഡ്ലാംപ്, പുതിയ രൂപകൽപ്പനയുള്ള ഡയമണ്ട് കട്ട് അലോയ് വീൽ, പുത്തൻ സൈഡ് സ്കർട്ട്, കോൺട്രാസ്റ്റിങ് ബ്ലാക്ക് റൂഫ്, റിയർ സ്പോയ്ലർ, കോൺട്രാസ്റ്റിങ് ഔട്ട്സൈഡ് മിറർ തുടങ്ങിയവയും കാറുകളിലുണ്ട്. 

അതേസമയം, അധിക കരുത്തും ടോർക്കുമുള്ള എൻജിനുകളാണു ‘ടിഗൊറി’ന്റെയും ‘ടിയാഗൊ’യുടെയും ‘ജെ ടി പി’ പതിപ്പുകളുടെ പ്രധാന സവിശേഷത. കാറുകളിലെ 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിന് 114 പി എസോളം കരുത്തും 150 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. സാധാരണ കാറിൽ ഇതേ എൻജിൻ 85 പി എസ് കരുത്തും 114 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പരിഷ്കരിച്ച അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘ടിയാഗൊ ജെ ടി പി’ 9.95 സെക്കൻഡിനുള്ള മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം; ‘ടിഗൊറി’നാവട്ടെ ഇതേ വേഗം കൈവരിക്കാൻ 10.38 സെക്കൻഡ് വേണം. സാധാരണ മോഡലുകളിലെ ഇകോ മോഡ് ഒഴിവാക്കി പ്രകടനക്ഷമതയ്ക്കായി സ്പോർട്, ഇന്ധനക്ഷമതയ്ക്കായി സിറ്റി മോഡുകളോടെയാണു ജെ ടി പി പതിപ്പിന്റെ വരവ്.

അകത്തളത്തിലാവട്ടെ കറുപ്പാണു നിറം; ട്രിം ബിറ്റുകളും സ്റ്റിച്ചിങ്ങുമൊക്കെ ചുവപ്പിലും. എ സി വെന്റിനു ചുറ്റും ചുവപ്പ് സ്പർശത്തിനു പുറമെ സ്റ്റീയറിങ് വീലിലും ഗീയർ ഷിഫ്റ്റിലും ലതർ റാപ്പിങ്ങുമുണ്ട്. ജെ ടി പി പതിപ്പിൽ ബ്ലൂടൂത്ത്, വോയ്സ് കമാൻഡ് തിരിച്ചറിയൽ സംവിധാനത്തോടെ അഞ്ച് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, എ ബി എസ്, കോണർ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയവയും കാറിലുണ്ട്.