സുപർബിനു 2019 കോർപറേറ്റ് എഡീഷൻ; വില 23.99 ലക്ഷം

പ്രീമിയം സെഡാനായ ‘സൂപർബി’ന്റെ ‘2019 കോർപറേറ്റ് എഡീഷൻ’ വിപണിയിൽ. 1.8 ലീറ്റർ പെട്രോൾ എൻജിനോടെയെത്തുന്ന കാറിന് 23.99 ലക്ഷം രൂപയാണു ഷോറൂം വില. നിലവിലുള്ള സ്കോഡ ഉടമകൾക്കു മാത്രമാണു സ്കോഡ ‘2019 സുപർബ് കോർപറേറ്റ് എഡീഷൻ’ ലഭ്യമാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ‘സൂപർബ് കോർപറേറ്റ് എഡീഷൻ’ അവതരിപ്പിക്കുമ്പോൾ കാൻഡി വൈറ്റ് നിറത്തിൽ മാത്രമായിരുന്നു കാർ വിൽപ്പനയ്ക്കുണ്ടായിരുന്നത്. എന്നാൽ ‘2019 കോർപറേറ്റ് എഡീഷൻ’  മാഗ്നറ്റിക് ബ്രൗൺ നിറത്തിലും ലഭ്യമാവും. 

വില അടിസ്ഥാനമാക്കി ‘സുപർബ്’ ശ്രേണിയിലെ അടിസ്ഥാന മോഡലായിട്ടാണ് ‘കോർപറേറ്റ് എഡീഷ’ന്റെ സ്ഥാനം; എന്നാൽ ‘സ്റ്റൈൽ’ വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും സ്കോഡ കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. അകത്തളത്തിൽ മിറർ ലിങ്ക്, ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം എട്ട് ഇഞ്ച് ഫ്ളോട്ടിങ് ടച് സ്ക്രീനും ഇടംപിടിക്കുന്നു. കൂടാതെ റേഡിയോ, സംഗീതം, നാവിഗേഷൻ എന്നിവ നിയന്ത്രിക്കാനുള്ള ആപ്ലിക്കേഷനുമുണ്ട്. മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കൺട്രോളിനൊപ്പം വിൻഡ്സ്ക്രീനിലെ ഫോഗിങ് കുറയ്ക്കാനുള്ള ഹ്യുമിഡിറ്റി സെൻസറും ശീതീകരിച്ച ഗ്ലൗ ബോക്സും കാറിലുണ്ട്. 

കാറിലെ 1.8 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 180 ബി എച്ച് പിയോളം കരുത്തും 320 എൻ എം കരുത്തും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. എട്ട് എയർബാഗും ആന്റി ലോക്ക് ബ്രേക്കുമായെത്തുന്ന കാറിൽ ഇലക്ട്രോണിക് സേഫ്റ്റി കൺട്രോളുമുണ്ട്. 

സ്റ്റൈലിനു പുറമെ ലോറിൻ ആൻഡ് ക്ലമന്റ് വകഭേദ(എൽ ആൻഡ് കെ)ത്തിലും സ്കോഡയുടെ ‘സൂപർബ്’ ഇന്ത്യയിൽ ലഭ്യമാണ്. ഈ വകഭേദങ്ങൾ 1.8 ലീറ്റർ പെട്രോൾ എൻജിനു പുറമെ രണ്ടു ലീറ്റർ, ഡീസൽ എൻജിൻ സഹിതവും വിൽപ്പനയ്ക്കുണ്ട്; 177 ബി എച്ച് പിയോളം കരുത്താണ് ഈ ഡീസൽ എൻജിൻ സൃഷ്ടിക്കുക. ‘സുപർബ് സ്റ്റൈലി’ൽ പെട്രോൾ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനു പുറമെ ഏഴു സ്പീഡ് ഡ്യുവൽ ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സും കൂട്ടായുണ്ട്. ഡീസൽ എൻജിനു കൂടെയുള്ളതാവട്ടെ ആറു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സാണ്. അതേസമയം ഡീസൽ, പെട്രോൾ എൻജിനുകൾക്കൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ മാത്രമാണ് മുന്തിയ വകഭേമായ എൽ ആൻഡ് കെയുടെ വരവ്. 25.99 ലക്ഷം രൂപ മുതൽ 33.49 ലക്ഷം രൂപ വരെയാണു ‘സുപർബ്’ ശ്രേണിയുടെ ഷോറൂം വില.