ഇടംകയ്യന്‍മാരെക്കുറിച്ചുള്ള ഈ സംഗതി അറിയാമോ?

നമ്മുടെ കൂട്ടത്തിലും കാണും ഇടംകയ്യൻമാർ. വലംകൈയേക്കാള്‍ കൂടുതല്‍ ഇടംകൈയ്ക്കു സ്വാധീനമുള്ളവര്‍. ഇടംകയ്യന്മാര്‍ക്ക് ആയുസ്സ് കുറവാണെന്നോ പെരുമാറ്റവൈകല്യത്തിനുള്ള സാധ്യതയുണ്ടെന്നോ അവര്‍ മദ്യപാനികളാകാമെന്നോ ഒക്കെ കേട്ടിട്ടുണ്ടാകാം. ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല എന്നിരിക്കെത്തന്നെ, ഇടംകയ്യന്മാരെ കുറിച്ചു പുതിയൊരു പഠനം പുറത്തു വന്നിരിക്കുന്നു.

റൈറ്റ് ഹാന്‍ഡഡ് ആളുകളെ അപേക്ഷിച്ചു ലെഫ്റ്റ് ഹാന്‍ഡ്‌ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ മിടുക്കൻമാരാണെന്നാണ് പുതിയ പഠനം. അതുപോലെ ഇടംകയ്യന്മാര്‍ കൂടുതല്‍ ബുദ്ധിമാൻമാരാകാനുള്ള സാധ്യതയും കൂടുതലാണ്. 

ഇടംകൈയ്ക്ക് കൂടുതല്‍ സ്വാധീനമുള്ളവര്‍ക്ക് തലച്ചോറിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അവരില്‍ ആശയസംവേദനം വലംകയ്യന്മാരെ അപേക്ഷിച്ചു വേഗത്തിലാകും. ഇടംകൈവിദഗ്ധന്‍മാര്‍ക്ക് ഗണിതശാസ്ത്രത്തില്‍ പൊതുവേ നല്ല കഴിവായിരിക്കും.  

2,300  ആളുകളില്‍  നടത്തിയൊരു പഠനത്തില്‍ ഇടംകയ്യൻമാര്‍ക്ക് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ കൈയുടെ സ്വാധീനം അനുസരിച്ചു മാത്രം ഒരാളുടെ കഴിവുകള്‍ അളക്കുന്നതില്‍ കാര്യമില്ല എന്നത് മറ്റൊരു സംഗതി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍, മുൻ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, അമേരിക്കന്‍ മാധ്യമപ്രവർത്തകയും അവതാരകയും നടിയുമായ ഓപ്ര വിന്‍ഫ്രി, അലക്സാണ്ടര്‍ ചക്രവര്‍ത്തി, ചിത്രകാരൻ ലിയനാര്‍ഡോ ഡാവിഞ്ചി,  അര്‍ബുദചികില്‍സയില്‍ നിര്‍ണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇടംകയ്യൻമാരാണ്.