ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഇവയും തരും 'പണി'

മിക്സിയും ഗ്രൈൻഡറും റഫ്രിജറേറ്ററും ഒന്നും ഇല്ലാതെ ജീവിക്കുന്ന കാലം പലർക്കും ഓർക്കാൻ കൂടി കഴിയില്ല. ജോലി എളുപ്പമാക്കുന്ന വീട്ടുപകരണങ്ങൾ എല്ലാം പക്ഷേ നാം ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത്? െതറ്റായ രീതിയിലുള്ള ഉപയോഗം ആരോഗ്യത്തിനു ദോഷം ചെയ്യും എന്നറിയാമോ? നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ചില വസ്തുക്കൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഇതാ ചില സൂത്രങ്ങൾ.

ഭക്ഷണപ്പാത്രങ്ങൾ

സ്റ്റീൽ ഒഴികെയുള്ള ഭക്ഷണപ്പാത്രങ്ങൾ എല്ലാം മൈക്രോവേവിൽ വയ്ക്കാമെന്നും വീണ്ടും വീണ്ടും ചൂടാക്കാമെന്നും കരുതുന്നവരുണ്ട്. എന്നാൽ ചൂടാകുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങളിലെ രാസവസ്തുക്കൾ ഭക്ഷണവുമായി സമ്പർക്കത്തിൽ വരുകയും അത് ഹോർമോണുകളായ ടെസ്റ്റോസ്റ്റീറോണിന്റെയും ഈസ്ട്രജന്റെയും അളവിനെ ബാധിക്കുകയും അർബുദകാരണമാകുകയും ചെയ്യും. ‘microwave safe’ എന്നോ ‘heat proof’ എന്നോ എഴുതിയ പാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക. 

ടൂത്ത് പേസ്റ്റ്

ബ്രഷ് നിറയെ ടൂത്ത് പേസ്റ്റ് എടുക്കുക. പല്ലുകളുടെ ആരോഗ്യത്തിന് അതാണ് നല്ലത് എന്നാണ് ചിലർ കരുതുന്നത്. എന്നാൽ ദന്തഡോക്ടർമാർ പറയുന്നത് ഒരു പയർമണിയുടെ അത്ര വലുപ്പത്തിൽ മാത്രമേ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവൂ എന്നും രണ്ടു മിനിറ്റ് മാത്രം പല്ല് തേച്ചാൽ മതി എന്നുമാണ്. അല്ലെങ്കിൽ ഫ്ലൂറൈഡ് പ്രശ്നങ്ങൾ ഉണ്ടാകാം. 

റഫ്രിജറേറ്റർ

എല്ലാ പഴങ്ങളും പച്ചക്കറികളും റഫ്രിജറേറ്ററിൽ സൂക്ഷിക്കരുത് കാരണം ഇത് അവയുടെ പുതുമ നഷ്ടപ്പെടുത്തും. പെട്ടെന്ന് കേടാകുന്നവ ഫ്രിജില്‍ സൂക്ഷിക്കാം. ഹ്യുമിഡിറ്റി കുറച്ച് വച്ചാൽ കേടാകുന്നത് ഒഴിവാക്കാം. 

ഹെയർബ്രഷ്

എത്ര തവണ നിങ്ങൾ മുടി ചീകും? എത്ര കുറച്ച് മുടി ചീകുന്നുവോ അത്രയും കുറച്ചു മാത്രമേ മുടി പൊട്ടിപ്പോകുകയുള്ളൂ. 

അടുക്കള സ്പോഞ്ച്

പാത്രങ്ങളുടെയും അടുക്കളയുടെയും വൃത്തിപോലെ പ്രധാനമാണ് പാത്രം കഴുകാനും അടുക്കളത്തട്ട് തുടയ്ക്കാനും എല്ലാം ഉപയോഗിക്കുന്ന സ്പോഞ്ചിന്റെ വൃത്തിയും. രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. ഓരോ ഉപയോഗശേഷവും ചൂടുവെള്ളത്തിൽ കഴുകണം. അണുക്കളെ അകറ്റാനും പാത്രങ്ങളിലേക്ക് ഇവ കലരാതിരി ക്കാനും ഇത് സഹായിക്കും. 

സോപ്പുപൊടി

സോപ്പുപൊടി നിറയെ ഇട്ടാൽ തുണി അത്രത്തോളം വൃത്തിയാകും എന്നു കരുതുന്നവരുണ്ട്. എന്നാൽ അവയുടെ പായ്ക്കറ്റിൽ പറയുന്ന അളവിലേ സോപ്പുപൊടി ഉപയോഗിക്കാവൂ. സോപ്പുപൊടി അധികമായാൽ തുണികൾ വേഗം കേടുവരും. 

ടൂത്ത് ബ്രഷ്

ടൂത്ത് ബ്രഷ് ഉപയോഗശേഷം ഏതെങ്കിലും ഇരുണ്ടയിടത്ത് മൂടി സൂക്ഷിക്കുകയാണോ പതിവ്. ഇത് തെറ്റാണ്. കാരണം ടൂത്ത് ബ്രഷിലെ വെള്ളം പൂർണമായി പോയില്ലെങ്കിൽ ബാക്ടീരിയൽ ഇൻഫെക്ഷനു സാധ്യത കൂടും.  

കോഫീ മേക്കർ

കോഫീമേക്കർ, ജ്യൂസർ ഇവയെല്ലാം ഓരോ തവണ ഉപയോഗിച്ച ശേഷവും വൃത്തിയായി കഴുകി സൂക്ഷിക്കണം. അവയുടെ ഭാഗങ്ങൾ എല്ലാം പ്രത്യേകം എടുത്ത് വൃത്തിയാക്കണം. ഇല്ലെങ്കിൽ ബാക്ടീരിയ പെരുകാനും അസുഖങ്ങൾക്കും കാരണമാകും.