മുഖത്തെ ചുളിവുകള്‍ മായ്ക്കാൻ അഞ്ച് എളുപ്പവഴികള്‍

പ്രായമേറുന്തോറും ചര്‍മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. ഇത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ലെങ്കിലും ഒരുപരിധി വരെ നമ്മുടെ പരിചരണത്താൽ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. 

ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളായ Collagen, Elastin എന്നിവ ഉല്‍പ്പാദിപ്പിക്കുന്നത് പ്രായമാകുന്തോറും കുറഞ്ഞു വരും. ഇതാണ് ചര്‍മത്തിന്റെ മിനുസം നഷ്ടമാകാനും ചുളിവുകള്‍ വീഴാനും കാരണമാകുന്നത്.

പുറമേ നിന്നുള്ള പൊടി, അഴുക്ക്, ഡിഹൈഡ്രേഷന്‍ എന്നിവയെല്ലാം ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാണ്. മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ഉപേക്ഷിക്കുന്നത് നല്ലതാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കാന്‍ ഇത് അഞ്ചു എളുപ്പവഴികള്‍. 

മുഖം കഴുകാം - മറ്റെന്തിനെക്കാളും പ്രധാനമാണ് മുഖചര്‍മം വൃത്തിയായി സൂക്ഷിക്കുക എന്നത്. ഉറങ്ങാന്‍ പോകും മുൻപായി മുഖം നല്ലൊരു ഫേസ് വാഷ്‌ ഉപയോഗിച്ചു പലവട്ടം കഴുകി വൃത്തിയാക്കാം. മേക്കപ്പ് അണിയുന്നവര്‍ മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ചു അത് പൂര്‍ണമായും നീക്കണം. മുഖം ഒരിക്കലും ഉരച്ചു കഴുകരുത്‌. ഉറങ്ങും മുൻപായി തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. 

മധുരം കുറച്ചോളൂ - ചര്‍മത്തിനു മാത്രമല്ല ആരോഗ്യത്തിനു തന്നെ ദോഷകരമായ ഒന്നാണ് മധുരം. ശരീരത്തില്‍ മധുരം അധികമാകുമ്പോള്‍ Glycation എന്നൊരു പ്രക്രിയ ആരംഭിക്കും. ഇതില്‍ ക്രമേണ Collagen പ്രോട്ടീനെ ബ്രേക്ക്‌ ചെയ്യുന്നു. ഇത് പ്രായമാകുന്നത് വേഗത്തിലാക്കുന്നു. എണ്ണപലഹാരങ്ങളും മധുരവും കുറയ്ക്കുന്നതിന്റെ ആവശ്യകത ഇവിടെയാണ്‌.

പുകവലിക്ക് 'നോ '- പുകവലി ആരോഗ്യത്തിനു ഹാനീകരമാണ് എന്നറിയാം. എന്നാല്‍ അത് ചര്‍മസൗന്ദര്യത്തെയും ഇല്ലാതാക്കുമെന്ന് അറിയാമോ ? 

79 ജോഡി ഐഡന്റിക്കല്‍ ഇരട്ടകളില്‍ പുകവലിക്കുന്നവരേയും  വലിക്കാത്തവരെയും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ചര്‍മസൗന്ദര്യം വേഗത്തില്‍ കുറയുന്നതായി കണ്ടുവരുന്നുണ്ട്. 

സണ്‍സ്ക്രീന്‍ ഉപയോഗിക്കാം - ചര്‍മസൗന്ദര്യം സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. SPF 30 ലധികം ഉള്ള ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. സ്കിന്‍ കാന്‍സര്‍ തടയാന്‍ മാത്രമല്ല പ്രായമാകുന്നത് മന്ദഗതിയിലാക്കാനും സണ്‍ സ്ക്രീന്‍ ലോഷനുകള്‍ സഹായിക്കും.

ആന്റി ഓക്സിഡന്റുകള്‍ - ചര്‍മസൗന്ദര്യം കൂട്ടാനും പ്രായമാകൽ തടയാനും  ആന്റി ഓക്സിഡന്റുകള്‍ നല്ലതാണ്. സണ്‍ സ്ക്രീന്‍ ലോഷന്‍ ആയാലും ആന്റി വ്രിങ്കില്‍ ക്രീമുകളായാലും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയവ വാങ്ങുന്നതാണു നല്ലത്. ബ്ലൂ ബെറി, മുന്തിരി, ചീര എന്നിവ അടങ്ങിയ ഡയറ്റുകള്‍ ശീലിക്കുന്നത് നല്ലതാണ്.