തുടർജീവിതത്തിൽ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏതു ചികിത്സ സ്വീകരിക്കുന്നുവോ അതിനനുസരിച്ചായിരിക്കും പ്രമേഹരോഗികളുടെ തുടർജീവിതം നിർണയിക്കപ്പെടുന്നത്. ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ നിർദ്ദേശപ്രകാരം കോംപ്രിഹൻസീവ് (സമഗ്ര പരിരക്ഷ) ചികിത്സയാകാം, അല്ലെങ്കിൽ മിനിമൽ ചികിത്സയാകാം. മോശം ചികിത്സയായി കരുതുന്ന അടിസ്ഥാന ചികിത്സ മാത്രമാണ് സ്വീകരിക്കുന്നതെങ്കിൽ പ്രമേഹ അനുബന്ധ രോഗങ്ങൾ തടയുന്നത് ബുദ്ധിമുട്ടായി വരും. എല്ലാ പരിശോധനകളും നടത്തി സമഗ്ര പരിരക്ഷയാണ് സ്വീകരിക്കുന്നതെങ്കിൽ തുടർജീവിതം സ്വാഭാവിക ജീവിതമായിരിക്കും. ഇവർക്ക് അവശതകൾ സംഭവിക്കുന്നില്ല, ഗുരുതര രോഗങ്ങൾ ബാധിക്കുന്നില്ല, മറ്റുള്ളവരെപ്പോലെ യാത്ര ചെയ്യാം, ജോലി ചെയ്യാം, ദാമ്പത്യജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നില്ല, ലൈംഗികശേഷിക്കുറവു സംഭവിക്കുന്നില്ല. അഥവാ ഇവയിലേതെങ്കിലും സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയാൽ അപ്പോൾത്തന്നെ അതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനാകും. 

പ്രമേഹരോഗി പ്രാരംഭത്തിലേ ഏതു ചികിത്സയാണ് സ്വീകരിക്കുന്നത്, ഏതുതരം ജീവിതശൈലീ മാറ്റങ്ങളാണ് അനുവർത്തിക്കുന്നത് എന്നതിനെ ആശ്രയിച്ചാകും ഭാവിജീവിതം. അനുബന്ധ രോഗങ്ങൾ ഇല്ലാതെ 40–50 വർഷമായി പ്രമേഹം ചികിത്സിക്കുന്ന ലക്ഷണക്കണക്കിനു രോഗികൾ കേരളത്തിലുണ്ട്. ഇത്തരം രോഗികളെ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്.