ഫുട്‍ബോൾ ആവേശം കണ്ടിട്ടുണ്ട്, പക്ഷേ ഇങ്ങനെയൊന്ന്...

നെടുമ്പാശേരി പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമായ മേയ്ക്കാടെത്തിയാൽ ലോകകപ്പ് മൽസരങ്ങൾ ഇവിടെയാണു നടത്തുന്നതെന്നു തോന്നും. മേയ്ക്കാടിന് ഇപ്പോൾ റഷ്യയുടെ ചെറിയ ഛായയാണ്. എവിടെ നോക്കിയാലും ലോകകപ്പിലെ വമ്പൻ ടീമുകളുടെ ഫ്ലക്സുകളും കൊടികളും  തോരണങ്ങളും. ഗ്രാമ കവാടത്തിൽ സ്വീകരണ കമാനം.

കളിനടക്കുന്ന സ്റ്റേഡിയം നേരത്തെ അണിഞ്ഞൊരുങ്ങി. മേയ്ക്കാട് പെരുമറ്റത്ത് പാറയിൽ സാലു പോളിന്റ ഹൗസ് ഓഫ് ബ്രസീൽ എന്ന വീട്ടിലാണ് കളി. ഇവിടെ വലിയ പ്രൊജക്ടർ സ്ഥാപിച്ചാണു കളി കാണുന്നത്. 

എല്ലാ ടീമുകളുടെയും ആരാധകർ തമ്മിൽ മൽസര ബുദ്ധിയുണ്ടെങ്കിലും കളി കാണാനെത്തുമ്പോൾ എല്ലാവർക്കും തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റ്. കഴിഞ്ഞ ലോകകപ്പിനിടെ ദിവസവും മുന്നൂറോളം പേർ വരെ കളി കാണാനെത്തിയെന്നു സാലു. 

കളി നടക്കുന്ന സ്റ്റേഡിയം സാലുവിന്റെ വീടാണെന്നു പറഞ്ഞല്ലോ. സ്റ്റേഡിയം ഇത്തവണയും മുഖം മിനുക്കി. സ്റ്റേഡിയത്തിൽ കാണികൾ പല ടീമുകളുടേതുമെത്തുമെങ്കിലും സാലു ബ്രസീൽ ഫാൻ ആയതിനാൽ സ്റ്റേഡിയത്തിന് ഇത്തവണയും ബ്രസീലിന്റെ പച്ചയും മഞ്ഞയും നിറങ്ങൾ തന്നെ നൽകി. ഈ വീടു പണിത ശേഷം ഇതു മൂന്നാം തവണയാണു സാലു പോൾ ബ്രസീൽ നിറങ്ങൾ വീടിനു നൽകുന്നത്. ഇത്തവണ സ്റ്റേഡിയത്തിനു മുന്നിൽ വലിയൊരു ഫുട്ബോൾ മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്. 

വീടിന്റെ ചുവരുകൾ മാത്രമല്ല മേൽക്കൂര, കാർ ഷെഡ്, കർട്ടനുകൾ, ഗ്രാനൈറ്റ്, ഇരിപ്പിടങ്ങൾ എന്നുവേണ്ട കഴിയാവുന്നതിലൊക്കെ സാലു മഞ്ഞ, പച്ച നിറങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ മൂന്നു വാഹനങ്ങൾക്കും ഹൗസ് ഓഫ് ബ്രസീൽ എന്നു പേരു നൽകി. 

സാലു ഉപയോഗിക്കുന്ന എസ്‌യുവിയുടെ പുറം  ബ്രസീൽ നിറങ്ങളാലും ബ്രസീൽ താരങ്ങളുടെ ചിത്രങ്ങളാലും നിറച്ചിരിക്കുകയാണ്. വീടിന്റെ മതിലിൽ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും കൊടികളും സ്ഥാപിച്ചു. 

പെലെ, സോക്രട്ടീസ്, ഗാരിഞ്ച, സീക്കോ തുടങ്ങിയ ആദ്യകാല ബ്രസീൽ താരങ്ങളുടെ കളി കണ്ടാണു താൻ ബ്രസീൽ ആരാധകനായതെന്നു സാലു പറയുന്നു. ആക്രമിച്ചുള്ള കളിയാണിവരുടേത്. 

പുതുതലമുറയിൽ നെയ്മറെയാണിഷ്ടം. ഇപ്പോൾ നെയ്മറില്ലെങ്കിൽപ്പോലും കപ്പ് ബ്രസീലിന് അടിക്കാൻ തക്ക കളിക്കരുത്തു കഴിഞ്ഞ തോൽവിക്കു ശേഷം കോച്ച് ടിറ്റെയുടെ നേതൃത്വത്തിൽ ബ്രസീൽ നേടിയതായാണു സാലുവിന്റെ വിലയിരുത്തൽ.