ഇത് ലോകത്തിലെ ആദ്യ ചോക്കലേറ്റ് വീട്! ഒപ്പം ഒരു മുന്നറിയിപ്പും...

ബാല്യത്തിൽ ചോക്കലേറ്റ് കൊണ്ടൊരു വീട് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ആ ഫാന്റസി യാഥാർഥ്യമാക്കുകയാണ് ഫ്രാൻസിലുള്ള ഒരു കലാകാരൻ. പാരിസിൽ നിന്നും അരമണിക്കൂർ അകലെയുള്ള സേവറിസ് എന്ന സ്ഥലത്താണ് ഈ ചോക്കലേറ്റ് വീട്. ഭക്ഷ്യവസ്തുക്കളിൽ കലാരൂപങ്ങൾ തീർക്കുന്ന ശിൽപി ജീൻ ഡഗ്ലസാണ് ഈ ചോക്കലേറ്റ് വീട് നിർമിച്ചിരിക്കുന്നത്.

193 ചതുരശ്രയടിയുള്ള വീട്ടിൽ ഒരു കിടപ്പുമുറിയും ഹാളുമാണ് ഒരുക്കിയിരിക്കുന്നത്. ചുവരുകളും മേൽക്കൂരയും നിലവും വാതിലുകളും വാഡ്രോബുകളും...എന്തിനേറെ പറയുന്നു വീട്ടിലെ പാത്രങ്ങളും ക്ളോക്കും വരെ ചോക്കലേറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പലനിറത്തിലുള്ള ചോക്കലേറ്റ് കൊണ്ടുള്ള ഉദ്യാനവും വൈറ്റ് ചോക്കലേറ്റ് കൊണ്ടുനിർമിച്ച കുളവും ഇവിടെയുണ്ട്. 

ഒന്നര ടണ്ണിലേറെ ചോക്കലേറ്റ് ഉപയോഗിച്ചാണ് ഈ സ്വപ്നസൗധം നിർമിച്ചത്. ഓൺലൈൻ ട്രാവൽ സൈറ്റുകൾ വിനോദസഞ്ചാരികൾക്ക് ഇവിടെ താമസം ഒരുക്കാൻ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. 100 ഡോളർ വരെയാണ് ഒരു ദിവസം ചോക്കലേറ്റ് വീട്ടിൽ ചെലവഴിക്കാൻ ഈടാക്കുന്നത്. താമസക്കാരോട് അവർക്ക് പറയാനുള്ളത് ഒരു കാര്യം മാത്രം- കൊതിമൂത്ത് വീട് തിന്നുതീർക്കരുത്...ഇത് സൂചിപ്പിക്കുന്ന ബോർഡുകളും വീടിനുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.