സ്വപ്നവീട്ടിലേക്ക് ആശാ ശരത്, അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി!

മിനിസ്‌ക്രീനിൽ നിന്നും സിനിമയിലേക്കെത്തി കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ആശ ശരത്. അഭിനയത്തോടൊപ്പം നൃത്തവും ഒരു തപസ്യയായി കൊണ്ടുപോകുന്ന ആശ ദുബായിലും നാട്ടിലുമായി ഡാൻസ് സ്‌കൂളുകളും നടത്തുന്നുണ്ട്. വിവാഹശേഷം ദുബായിൽ സ്ഥിരതാമസമായിരുന്നു ആശയും കുടുംബവും. ഇപ്പോൾ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം നാട്ടിൽ പുതിയ വീട് യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആശയും കുടുംബവും.

ഫെയ്‌സ്ബുക്കിലൂടെയാണ് ആശ പുതിയ വീട് സഫലമായതിന്റെ സന്തോഷം പങ്കുവച്ചത്. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി എത്തിയത് ആശയ്ക്കും കുടുംബത്തിന് ഇരട്ടിമധുരമായി.

ബാലഗോകുലം എന്നാണ് വീടിനു നൽകിയ പേര്. മോഡേൺ ശൈലിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് പുറംകാഴ്ചയിൽ നിറയുന്നത്. വെട്ടുകല്ല് കൊണ്ട് നിർമിച്ച മതിലും കരിങ്കല്ല് വിരിച്ച മുറ്റവും പുൽത്തകിടിയുമെല്ലാം വീടിന് അകമ്പടിയേകുന്നു.

കമനീയമായാണ് വീടിനകം അലങ്കരിച്ചിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. നൃത്തത്തോടുള്ള കുടുംബത്തിന്റെ സ്നേഹം വീടിന്റെ അകത്തളങ്ങളിലും ദൃശ്യമാണ്. സ്വീകരണമുറി അലങ്കരിക്കുന്നത് മനോഹരമായ ഒരു നടരാജവിഗ്രഹമാണ്. നൃത്തം പരിശീലിക്കാനുള്ള ഇടങ്ങളും വീട്ടിൽ ഒരുക്കിയിരിക്കുന്നു. 

മമ്മൂട്ടിയെ വീടിനകം പരിചയപ്പെടുത്തുന്ന ചിത്രങ്ങളിൽ തടിയിൽ പൊതിഞ്ഞെടുത്ത ഗോവണിയും കോർട്യാർഡും കാണാം.

ബാലഗോകുലം'...A dream comes true....ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്....കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്.... ഇരട്ടിമധുരം എന്ന പോലെ..... ആശ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.

ചിത്രങ്ങൾ കാണാം...

ചിത്രങ്ങൾക്കു കടപ്പാട്- ഫെയ്സ്ബുക്