േകാഴികളിലെ ദുശീലങ്ങൾ; പരിപാലനത്തിലെ പാളിച്ച

പരിപാലനത്തിലെ പാളിച്ചകളാണ് ദുശ്ശീലങ്ങള്‍ക്കു കാരണം. കൃത്യമായ പരിപാലനത്തിലൂടെ ഇവ ഒഴിവാക്കാം

ദുശ്ശീലങ്ങൾ ഒരു രോഗമല്ല. എങ്കിലും ആദായമാർഗമായി കോഴികളെ വളർത്തുന്നവർക്ക് ഇതു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.

തൂവൽ‍ കൊത്തിവലിക്കല്‍ ശരീരഭാരം  കുറഞ്ഞ വൈറ്റ്ലഗോൺ കോഴികളിൽ ഈ ശീലം കൂടുതൽ കണ്ടുവരുന്നു.  തീറ്റ, വെള്ളം ഇവ ആവശ്യാനുസരണം ലഭിക്കാതിരിക്കല്‍, പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും അഭാവം, തീറ്റയിലെ അമിത ഊർജം, നിയന്ത്രിത ഭക്ഷണരീതി, കൂട്ടിൽ മുട്ടപ്പെട്ടികളുടെ കുറവ്, ആവശ്യത്തിലേറെയുള്ളതോ രൂക്ഷമോ ആയ വെളിച്ചം എന്നിവ കാരണങ്ങളാകാം. 

കോഴികളുടെ വിസർജനദ്വാരം, വയറിന്റെ അടിഭാഗം എന്നിവിടങ്ങളിൽ കൊത്തി കുടൽമാല വലിച്ചെടുക്കുകയും മരണത്തിനിട വരുത്തുകയും ചെയ്യുന്നതാണ് സ്വവർഗഭോജനം. അത്യുൽപാദന ശേഷിയുള്ള കോഴികളിൽ അണ്ഡവാഹിനിയുടെ അഗ്രം പുറത്തേക്കു തള്ളിവരുകയും ഇതിന്റെ ചുവന്ന നിറവും രക്തത്തിന്റെ ഗന്ധവും മറ്റു കോഴികളെ ആകർഷിക്കുകയും അവിടെ കൊത്തുകയും ചെയ്യുന്നു. കൊത്തു മൂർച്ഛിക്കുന്നതു കൊത്തുകൊള്ളുന്ന കോഴിയുടെ മരണത്തിലേക്കു നയിക്കുന്നു. 

വാലിലും ചിറകിലുമുള്ള തൂവലുകൾ കൊത്തിവലിക്കുക, തല, പുറം എന്നിവിടങ്ങളിൽ കൊത്തി മുറിവുകൾ ഉണ്ടാക്കുക എന്നിവ മുതിർന്ന കോഴികളിലും പാദങ്ങളിൽ കൊത്തി മുറിവേൽപ്പിക്കുന്ന ശീലം   കോഴിക്കുഞ്ഞുങ്ങളിലും കാണുന്നു.

മുട്ട കൊത്തിക്കുടിക്കൽ

ഒരു കോഴിക്ക് ഈ ദുശ്ശീലം ഉണ്ടെങ്കിൽ  മറ്റു കോഴികളും ഇത് അനുകരിക്കും. മുട്ടപ്പെട്ടികളുടെ അഭാവം, ഇടയ്ക്കിടെ കൂട്ടിൽനിന്ന് മുട്ട ശേഖരിക്കാതിരിക്കുക, കൂടുകളിൽ ശരിയായി വിരി (ലിറ്റർ) ഇടാതിരിക്കുക എന്നിവയാണ് പ്രധാന കാരണങ്ങൾ.

പരിഹാരങ്ങൾ

● പ്രായാനുസൃതമായി കോഴികൾക്ക് ആവശ്യമായ തീറ്റ, വെള്ളം,  കൂട്ടിനുള്ളില്‍ സ്ഥലം എന്നിവ ലഭ്യമാക്കണം.

● കോഴികൾക്ക്  സൗകര്യത്തിൽ ലഭിക്കത്തക്കവണ്ണം വെള്ളവും തീറ്റയും പല ഭാഗങ്ങളിലായി വയ്ക്കണം. ഇവയ്ക്കായി  ഒരു കോഴി  10 അടി(300 സെ.മീറ്റർ) യില്‍  കൂടുതൽ നടക്കേണ്ടി വരരുത്. 

● കോഴിക്കൂട്ടില്‍ വെളിച്ചം എല്ലാ സ്ഥലത്തും ആവശ്യാനുസൃതം ഒരേ അളവില്‍ ലഭ്യമാക്കണം.

● പല പ്രായത്തിലുള്ളവയെ ഒന്നിച്ചു വളർത്തരുത്.

● അഞ്ച് കോഴികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ കോഴിക്കൂട്ടിൽ മുട്ടപ്പെട്ടി സജ്ജീകരിക്കണം.

● മുട്ടപ്പെട്ടികൾ വൃത്തിയായി സൂക്ഷിക്കണം. അവയ്ക്കുള്ളിൽ ആവശ്യമായ ലിറ്റർ‌ വിരിക്കണം.

● കൂട്ടിൽനിന്ന് ഇടയ്ക്കിടെ മുട്ട പെറുക്കണം. ( ദിവസം നാല് തവണയെങ്കിലും)

● കോഴികൾക്ക് സമീകൃതാഹാരം നൽകണം.

● ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മരുന്നുകൾ നൽകുന്നത് നല്ലത്.

● കോഴികളുടെ കൊക്ക് മുറിക്കൽ(ഡീബീക്കിങ്) പതിവാക്കണം.  – കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയ ദിവസംതന്നെ കൊക്ക് മുറിക്കുകയാണ് പതിവ്. മേൽകൊക്കിന്റെ നീളത്തിന്റെ മൂന്നിൽ ഒരു ഭാഗവും കീഴ്കൊക്കിന്റെ അഗ്രവും ചുട്ടുപഴുത്ത കത്തി ഉപയോഗിച്ച് മുറിക്കുന്നതാണ് സാധാരണ  മാർഗം. ഇതിനുള്ള   ഉപകരണമാണ് ഡീബീക്കർ.  കീഴ്കൊക്ക് മേൽകൊക്കിനെക്കാൾ നീളം കൂടിയതായിരിക്കണം. ഇത്തരത്തിലല്ലെങ്കിൽ തീറ്റ കൊത്തിയെടുക്കാൻ സാധിക്കാതെ വരും. കോഴിയുടെ നാവ് മുറിയാതെയും നോക്കണം. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ വേണം ഇതു പഠിക്കേണ്ടത്.

ഫോൺ: 99474 52708.