കന്നുകാലികളിലെ വിളർച്ച

പശുവിനു വിളർച്ചരോഗം ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം. ഉണ്ടെങ്കിൽ എന്താണു പ്രതിവിധി.

രക്തക്കുറവു ശരീരത്തിൽ ഉണ്ടാകുമ്പോൾ അത് അനീമിയ എന്ന വിളർച്ചാവസ്ഥയ്ക്കു കാരണമാകുന്നു. സങ്കരയിനം പശുക്കളിൽ വിളർച്ചരോഗം പാലുൽപാദനശേഷി കുറയ്ക്കുകയും പ്രത്യുൽപാദനശേഷിയെയും രോഗപ്രതിരോധശേഷിയെയും ബാധിക്കുകയും ചെയ്യുന്നു. വിളർച്ച സംബന്ധിച്ച് അറിയാൻ കണ്ണിനു താഴ്ഭാഗത്തുള്ള ശ്ലേഷ്മസ്തരത്തിന്റെ നിറം നോക്കുക. സാധാരണയായി അതിന്റെ നിറം റോസ് ചുവപ്പാണ്. എന്നാൽ വിളർച്ചയുടെ തീവ്രത അനുസരിച്ച് അതിന്റെ നിറം   കുറഞ്ഞുവരുന്നു. ചിലപ്പോള്‍ വെളുപ്പുനിറമാകുന്നു.  ഇതു രക്തത്തിലെ ഹീമോഗ്ലോബിന്റെ ഏറ്റവും കുറഞ്ഞ തോതിനെയാണു സൂചിപ്പിക്കുന്നത്.

വിരകൾ,  ശരീരത്തിനുള്ളിലെ ആന്തരിക പരാദങ്ങൾ, തൊലിപ്പുറത്തു കാണുന്ന ചെള്ള്, പേൻ, പട്ടുണ്ണി ഇവയൊക്കെ കന്നുകാലികളുടെ ശരീരത്തിലെ രക്തവും പോഷകങ്ങളും വലിച്ചെടുക്കുന്നു. ഇതുവഴിയാണ് അനീമിയ എന്ന വിളർച്ചരോഗമുണ്ടാകുന്നത്. കന്നുകാലികളുടെ  കുടലിലും ആമാശയത്തിലും ബാധിക്കുന്നതു നാടവിര, ഉരുണ്ട വിര, പത്രവിര എന്നിവയാണ്. ബെബീസിയ, തൈലേറിയ, അനാപ്ലാസ്മ എന്നിവയാണു രക്തത്തിൽ കയറിക്കൂടുന്ന പരാദങ്ങൾ. ഇവ രക്തകോശങ്ങളെ നശിപ്പിക്കുന്നു. ഈ രോഗങ്ങൾ പകർത്തുന്നതാകട്ടെ, രക്തം കുടിക്കുന്ന ബാഹ്യപരാദങ്ങളും.

പരിഹാരമാർഗങ്ങൾ: കന്നുകുട്ടികൾക്കു കന്നിപ്പാൽ ശരിയായ അളവിൽ നൽകുക, വിരമരുന്ന് യഥാസമയം നൽകുക, ബാഹ്യപരാദങ്ങളായ പേൻ, ചെള്ള്, വട്ടൻ എന്നിവ അകറ്റാനുള്ള മരുന്നുകൾ കന്നുകാലികളുടെ ദേഹത്തു നിശ്ചിത ഇടവേളകളിൽ തളിക്കുക. തൊഴുത്തില്‍ ശുചിത്വം ഉറപ്പാക്കുക, ശാസ്ത്രീയ തീറ്റക്രമത്തിലൂടെ ശരിയായ പോഷണം നൽകുക, ധാതുലവണമിശ്രിതം പതിവായി തീറ്റയിലൂടെ നൽകുക, പശുക്കൾക്ക് പ്രസവത്തിനു മുമ്പും പ്രസവിച്ച് ഒരാഴ്ചയ്ക്കുള്ളിലും വിരയിളക്കുക.  മണ്ണിലെ വിരമുട്ടകളുടെ സാന്ദ്രത കുറയ്ക്കാൻ ആറു  മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാ മൃഗങ്ങൾക്കും മഴക്കാലത്തിനു മുമ്പും ശേഷവും വർഷത്തിൽ രണ്ടു തവണ വിരയിളക്കുക.