'എന്റെ ഉള്ളുതൊട്ട സന്ദർഭങ്ങൾ പകർത്താൻ ശ്രമിച്ചതാണ് സുഗന്ധി'

ടി.ഡി രാമകൃഷ്ണൻ ആദ്യ ചുവടിൽ മനുഷ്യനെ അളന്നു... രണ്ടാമത്തെ ചുവടിൽ മിത്തുകളെ അളന്നു... മൂന്നാമത്തെ ചുവടിൽ ചരിത്രത്തെയും... ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി... എഴുതിയ മൂന്നു നോവലുകൾകൊണ്ട് തന്നെ മലയാളനോവൽ ചരിത്രത്തിൽ അടയാളപ്പെട്ടു കഴിഞ്ഞ എഴുത്തുകാരൻ. ഒന്നിലൊന്ന് തൊടാത്തവിധം വ്യത്യസ്തമായ മൂന്ന് നോവലുകൾ. ടി.ഡിയുടെ നോവലിൽ മികച്ചത് ഇട്ടിക്കോരയെന്ന് വായനക്കാർ ഒറ്റസ്വരത്തിൽ പറയുമ്പോഴും അവാർഡുകൾ തേടിയെത്തുന്നത് സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയെ.. ടി.ഡി മനസ് തുറക്കുന്നു

ഇട്ടിക്കോരയിൽ നിന്ന് സുഗന്ധിയിലേക്കുള്ള ദൂരം...

ഞാൻ ലോകത്തോട് സംവദിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഇട്ടികോരയിൽ നിന്ന് സുഗന്ധിയിലേക്ക് വരുമ്പോൾ അത് വൈകാരികമായി എന്നെ കുറച്ചുകൂടി ബാധിച്ചിട്ടുള്ള വിഷയമാണ്. ഇട്ടിക്കോര വളരെ ബുദ്ധിപരമായി ചെയ്യുന്ന ഒരു കളിയാണ്. അത് നമ്മളെ വ്യക്തിപരമായി വേദനപ്പിക്കുന്ന, അലട്ടികൊണ്ടിരിക്കുന്ന എന്തെങ്കിലും വിഷയത്തിന്റെ പുറത്തല്ല. എന്നാൽ സുഗന്ധി അങ്ങനെയല്ല. 

സുഗന്ധിയിൽ എനിക്ക് വളരെ അടുപ്പമുള്ള ചില ശ്രീലങ്കൻ വീട്ടുകാർ.. എഴുത്തുകാർ അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നു പോലും എനിക്ക് അറിയാൻ വയ്യാത്ത ഒരു കാലത്ത് അതിന്റെ എല്ലാ സംഘർഷങ്ങളും അനുഭവിച്ചുകൊണ്ടാണ് സുഗന്ധി എഴുതുന്നത്. പെരുമാൾ മുരുകനെപ്പോലെയൊക്കെ അക്കാലത്ത് എനിക്ക് ബന്ധമുള്ള ചില ആളുകൾ അവിടെ ഉണ്ടായിരുന്നു. സിവിൽ വാറിന്റെ അവസാനത്തിനു ശേഷം അവർക്കയക്കുന്ന ഇ– മെയിലുകൾക്കൊന്നും മറുപടി കിട്ടുന്നില്ല. സ്വഭാവികമായും അതെന്നെ വല്ലാതെ വേദനിപ്പിച്ചു. 

അപ്പോൾ ഡ്രാഫ്റ്റിന്റെ തന്ത്രങ്ങളെ കുറിച്ചോ എഴുത്തിന്റെ മറ്റു ഘടകങ്ങളെ കുറിച്ചോ അല്ല ചിന്തിക്കുക. ആ വിഷയം, പ്രശ്നം നമ്മളെ മുന്നോട്ട് നയിക്കുകയാണ്. അതുപോലെ ഉള്ളുതൊട്ട സന്ദർഭങ്ങൾ, അതേ വൈകാരികതയോടെ തന്നെ പകർത്താനുള്ള ശ്രമമാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'.

'ഫ്രാൻസിസ് ഇട്ടിക്കോര' നാളുകൾ എടുത്ത് തന്ത്രപരമായി രൂപപ്പെടുത്തിയെടുത്ത കഥയാണ്. അതിൽ യാഥാർഥ്യത്തിന്റെ അംശങ്ങൾ കുറവാണ്. ഭാവനയിൽ പൂർണ്ണമായും മെനഞ്ഞെടുത്ത ഒരു കഥ. അതുവരെയുള്ള ജീവിതത്തിൽ നിന്ന് പലതും കഥയ്ക്കുവേണ്ടി ഉൾകൊണ്ടിട്ടുണ്ടെങ്കിലും 'ഇട്ടിക്കോര' അനുഭവത്തേക്കാളേറെ ഭാവനയിൽ നിന്നുള്ള എഴുത്താണ്.

പുതിയ നോവൽ...

പുതുതായി എഴുതാൻ ശ്രമിക്കുന്ന നോവൽ മലയാള ഭാഷയെ വളരെ ചേർത്തു പിടിക്കുന്ന രണ്ടു മൂന്നു വ്യക്തികളുമായി ബന്ധപ്പെട്ടതാണ്. പലകാരണങ്ങൾ കൊണ്ട് വളരെ ദൂരെ ജീവിക്കേണ്ടി വരുന്ന ഇന്നത്തെ പോലെ കമ്യൂണിക്കേഷന്റെ സാധ്യതകളൊന്നും ഇല്ലാതിരുന്ന 1895 മുതൽ 1901 വരെയുള്ള കാലഘട്ടം. കേരളവും ഈസ്റ്റ് ആഫ്രിക്കയിൽ ഇപ്പോഴത്തെ കെനിയ ഉഗാണ്ട, ടാൻസാനിയ എന്നീ പ്രദേശങ്ങളുമാണ് കഥയുടെ പശ്ചാത്തലം. കെനിയ ഉഗാണ്ട വരെ ഒരു റെയിൽവേ ലൈൻ പണിയുന്നു. ആറ് കൊല്ലം കൊണ്ടാണ് ആ റെയിൽവേ കൺസ്ട്രക്ഷൻ പണി കഴിയുന്നത്. അതിനായി ഇന്ത്യാക്കാരായ ജോലിക്കാരെ ആണ് കൊണ്ടു പോകുന്നത്. ഏറെക്കുറെ മുപ്പതിനായിരത്തോളം പേർ ഈസ്റ്റാഫ്രിക്കയിലേക്ക് പോകുന്നു. 

ഈ പോയവരുടെ കൂട്ടത്തിൽ കുറച്ച് മലയാളികളും ഉണ്ടായിരുന്നു. കടലുണ്ടി പ്രദേശത്ത് ഉണ്ടായിരുന്ന മാപ്പിള കലാഫികൾ എന്ന് പറയുന്ന, ക്രെയിനൊക്കെ വരുന്നതിനു മുൻപ് വണ്ടി മറിഞ്ഞാലും, പാലങ്ങൾ ഉണ്ടാക്കാനും ഒക്കെ കപ്പിയും കയറുമുപയോഗിച്ച് പണി ചെയ്തിരുന്ന ആൾക്കാർ. മാപ്പിള കലാഫിയെന്നു പറയുന്നത് കൊണ്ട് അവർ മുസ്​ലിം തന്നെയാവണമെന്നില്ല. എല്ലാ വിഭാഗത്തിലുള്ള ആൾക്കാരും അവരിൽ ഉൾക്കൊള്ളുന്നു. വന്യമൃഗ ജീവികളുടെ ആക്രമണങ്ങളും മറ്റും കാരണം മുപ്പതിനായിരം പേരിൽ ആറായിരത്തോളം പേർ മരിക്കുന്നു. കുറച്ച് ആളുകൾ‌ തിരികെ പോരുകയും കുറച്ച് ആളുകൾ അവിടെ തങ്ങുകയും ചെയ്യുന്നു. ചിലർക്ക് റെയിൽവേയിൽ തന്നെ ജോലി കിട്ടുന്നു അല്ലാത്തവർ മറ്റു ജോലികള്‍ കച്ചവടം ഒക്കെ ആയി അവിടെ ജീവിക്കുന്നു. 

പിന്നെ ഈസ്റ്റ്ആഫ്രിക്കയുടെ സാമ്പത്തികപുരോഗതിയിൽ അടിസ്ഥാന ഘടകമായി ഇവർ മാറുന്നു. അവരെയാണ് അമീൻ ഉഗാണ്ടയിൽ അധികാരത്തിൽ വന്നപ്പോൾ പുറത്താക്കിയത്. ഈയൊരു പശ്ചാത്തലത്തിലുള്ള കാര്യങ്ങളാണ് പുതിയ കഥയിൽ വരുന്നത്. 1895 ല്‍ ഇവിടുന്ന് പോകുന്ന സമയത്ത് ഒരു വ്യക്തിക്ക് മലയാളഭാഷയിൽ വളരെ താൽപര്യമുള്ള ആളായിരുന്നു. പക്ഷേ അയാളുടെ വിധിയുടെ ഭാഗമായി അയാൾക്ക് പോകേണ്ടി വരുന്നു. ഈയൊരു കാലഘട്ടം എന്നു പറയുമ്പോള്‍ മലയാള സാഹിത്യത്തിലെ തന്നെ ഒരു പ്രധാന കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിലാണ് ഇന്ദുലേഖ, മാർത്താണ്ഡവർമ ഒക്കെ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടത്. ഇങ്ങനെയുള്ള കാലത്ത് കുറച്ച് പുസ്തകങ്ങളുമായിട്ടാണ് അദ്ദേഹം പോകുന്നത്. ആ ഭാഷയെ അയാൾ പിന്തുടരുന്നുണ്ട് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നു. 

21–ാം നൂറ്റാണ്ടിലെഴുതുന്ന ഒരാളെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി വായനക്കാരെകൊണ്ട് വായിപ്പിക്കുക എന്നതാണ്. ഇത് എന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഏരിയയാണ്. പുതിയ നോവൽ , അതിന്റെ എഴുത്ത് പൂർണ്ണമാകാത്ത സ്ഥിതിക്ക് എങ്ങനെ വരുമെന്ന് എനിക്ക് പറയാനാവുന്നില്ല...

ടി.ഡിയുടെ പുതിയ നോവലിനായുള്ള കാത്തിരിപ്പാലാണ് വായനക്കാർ.