'ഞാൻ കള്ളക്കടത്തുകാരനാണ് എന്നുപോലും പ്രചരിപ്പിക്കുന്നവരുണ്ട്'

പഴയ മദ്രാസ് പ്രവിശ്യയിൽപെട്ട മലബാറിലെ ചെങ്ങോടുമല. മലയുടെ അടിവാരത്തിലെ കോട്ടൂർ ഗ്രാമം. 

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ടി.പി.രാജീവന്റെ ‘കെ.ടി.എൻ.കോട്ടൂർ എഴുത്തും ജീവിതവും’  എന്ന നോവൽ വായിച്ചവരുടെ മനസ്സിൽ, കോഴിക്കോടു ജില്ലയിലെ പഴമക്കാരുടെ മനസ്സിലെന്നപോലെ തല ഉയർത്തി നിൽക്കുന്നുണ്ട് ചെങ്ങോടു മല. കോട്ടൂർ ഗ്രാമത്തെ പ്രകൃതി ഭദ്രമായി സംരക്ഷിച്ചു നിർത്തിയതു ചെങ്ങോടുമലയുടെ കരുത്തുകൊണ്ടുകൂടിയാണ്. കുന്നും മലയും ഇടതൂർന്ന കാടുമുള്ള കോട്ടൂർ. നഗരങ്ങളെ വളയുന്നതിനുപകരം ഗ്രാമങ്ങളോരോന്നായി നഗരങ്ങളായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തും കോട്ടൂരിനു തനതായ സംസ്കാരമുണ്ട്, മഴയും മഞ്ഞും ഇടകലർന്ന ഋതുഭേദങ്ങളുണ്ട്, പ്രകൃതിയുടെ തെറ്റാത്ത താളമുണ്ട്. ഇന്ത്യയിലും വിദേശത്തും ഏറെ സഞ്ചരിച്ചു താമസിച്ചിട്ടുണ്ടെങ്കിലും കോട്ടൂരിന്റെ കാറ്റ് മനസ്സിൽ നിലയ്ക്കാതെ അലയടിക്കുന്നതുകൊണ്ടാണ് പാലേരിമാണിക്യത്തിന്റെയും കോട്ടൂരിന്റെയും സ്രഷ്ടാവ് ടി.പി.രാജീവൻ കോഴിക്കോടു ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൂട്ടാലിടയ്ക്കടുത്തുള്ള കോട്ടൂരിലേക്കു മടങ്ങിയത്. ചെങ്ങോടു മലയുടെ അടിവാരത്തിൽ ഒരു കൂടു കൂട്ടി, എഴുത്തും വായനയും കൃഷിയുമായി ജീവിതത്തിന്റെ സജീവതയിൽ മുഴുകാൻ. പ്രകൃതിയുടെ താളത്തിൽ ജീവിതത്തിന്റെ സംഗീതം കണ്ടെത്തിയ എഴുത്തുകാരൻ പക്ഷേ ഇപ്പോൾ പ്രക്ഷോഭത്തിന്റെ പാതയിൽ. ഭീഷണികളെയും വെല്ലുവിളികളെയും നേരിട്ട് ഒരു ഗ്രാമത്തിന്റെ അതിജീവന വഴിയിൽ പുതിയ തലമുറയെ നയിച്ച്. നാടിന്റെ ജീവശ്വാസം നഷ്ടപ്പെട്ടാതിരിക്കാനുള്ള പോരാട്ടത്തിനു നേതൃത്വം കൊടുത്ത്.  

എഴുത്തിലേക്കാളും സംതൃപ്തി നൽകുന്ന പോരാട്ടത്തിന്റെ പുതുവഴികളെക്കുറിച്ചു പറയുന്നു ടി.പി.രാജീവൻ. 

കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയമാണല്ലോ ചെങ്ങോടുമല. ആ മല എന്തു ഭീഷണിയാണ് ഇപ്പോൾ നേരിടുന്നത് ? 

നരയംകുളത്ത് എന്റെ തറവാട്ടിൽനിന്നു കഷ്ടിച്ച് അഞ്ചു മിനുറ്റ് ദൂരം നടന്നാലെത്തും ചെങ്ങോടുമലയിൽ. ഒരുപക്ഷേ കേരളത്തിൽതന്നെ ഏറ്റവും സന്തുലിതമായ കാലാവസ്ഥയാണ് ഇവിടെ. നാടു ചൂടിൽ ഉരുകുമ്പോഴും ഇവിടെയൊരു കുളിർമയുണ്ട്. കാറ്റുണ്ട്. ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നില്ല. നാലു പതിറ്റാണ്ടിന്റെ അലച്ചിലിനു ശേഷം ഗ്രാമത്തിന്റെ സ്വച്ഛത അനുഭവിക്കുകയാണു ഞാൻ. പക്ഷേ, വലിയൊരു ഭീഷണി കോട്ടൂരിനെ തുറിച്ചുനോക്കുന്നു. നാടിന്റെ ഹൃദയമായ ചെങ്ങോടു മല ഇടിച്ചുപൊടിക്കാനും പാറ ഖനനം നടത്താനും നീക്കം നടക്കുന്നു. ഭീഷണിക്കുമുന്നിൽ ഉണർന്നെണീറ്റ ഗ്രാമത്തിനൊപ്പമുണ്ട് ഇപ്പോൾ ഞാനും. ചെങ്ങോടു മലയ്ക്കു സമാന്തരമായി ഉയർന്നുനിൽക്കുന്നുണ്ട് തുരുത്ത മല. അതിന്റെ താഴ്‍വാരത്തിലാണു അവിടനല്ലൂർ. കക്കാടിന്റെ സ്വന്തം സ്ഥലം. 

കുട്ടാലിട ടൗണിൽ നിന്നു നോക്കിയാൽ കാണുന്ന പാത്തിപ്പാറ മലയുടെ ദൃശ്യം

കോട്ടൂർ നേരിടാൻപോകുന്ന ഭീഷണിയെക്കുറിച്ച് ബോധവാൻമാരല്ലേ ഗ്രാമവാസികൾ ? 

ഗ്രാമത്തിൽ വലിയൊരു വ്യവസായം വരുന്നുവെന്ന പ്രതീതി ജനിപ്പിച്ച് വികസനത്തിന്റെ വാതിൽ തുറക്കുകയാണെന്നു പ്രചാരണം ഉണ്ട്. ചിലരൊക്കെ ആ പ്രലോഭനത്തിൽ വീണുപോയിട്ടുണ്ട്. നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കും. ആയിരത്തോളം പേർക്കു നേരിട്ടു ജോലി കിട്ടും. എന്നൊക്കെയാണു പ്രചാരണങ്ങൾ. നിഷ്കളങ്കരായ ചില ഗ്രാമീണർ പ്രലോഭനങ്ങളിൽ വീണുപോയെങ്കിലും ഇപ്പോൾ അവരും നാടിന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ അണിചേർന്നുകഴിഞ്ഞു. 

അധികാരികളുടെ നിലപാട് എന്താണ് ? 

ചെങ്ങോടുമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണു പ്രക്ഷോഭം. രണ്ടുമൂന്നു പ്രതിഷേധ യോഗങ്ങളും മാർച്ചുകളും ഒക്കെ നടന്നുകഴിഞ്ഞു. തുടക്കത്തിൽ മാറിനിന്നവരും ഇപ്പോൾ സംരക്ഷണ സമിതിക്ക് ഒപ്പമുണ്ട്. ഒരു പ്രദേശം മുഴുവൻ വേർതിരിച്ചു വേലികെട്ടി കൃഷി നടത്തുകയാണെന്ന വ്യാജേന കുന്നും മലയും ഇടിച്ചുനിരത്താനാണു ചില നിക്ഷിപ്ത താൽപര്യക്കാരുടെ ശ്രമം. അടുത്ത പ്രദേശമായ കീഴരിയൂരിലെ തങ്കമലയും മറ്റും ഇപ്പോൾത്തന്നെ ക്വാറിക്കാരുടെ കയ്യിലാണ്. ഖനനത്തിനെതിരെ അവിടെ വൻ പ്രക്ഷോഭങ്ങളാണു നടക്കുന്നത്. ഖനനത്തിനു കൊടുത്ത ലൈസൻസ് റദ്ദാക്കി ഒരു നാടു മുഴുവൻ പ്രകൃതിയെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. ആ പ്രക്ഷോഭങ്ങളിൽനിന്ന് ഒരോ ഗ്രാമത്തിനും ഏറെ പഠിക്കാനും മനസ്സിലാക്കാനുമുണ്ട്. 

ചെങ്ങോടുമല

രാജീവനെതിരെ വ്യക്തിപരമായി ഭീഷണികളുണ്ടോ ? 

തീർച്ചയായും. വ്യക്തിപരമായി അപമാനിക്കാൻ പോലും ശ്രമം നടക്കുന്നു. ഞാൻ കള്ളക്കടത്തുകാരനാണ് എന്നുപോലും പ്രചരിപ്പിക്കുന്നുണ്ട്. എവിടെയൊക്കെയോ പോയിട്ടു തിരിച്ചുവന്ന അന്യനായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നു. എന്റെ ഗ്രാമത്തിലല്ലെങ്കിൽ വേറെ എവിടെയാണു ഞാൻ പോകേണ്ടത്. അക്ഷരങ്ങളെപ്പോലെ ഞാൻ ഇവിടെ കൃഷി പരിപാലിക്കുന്നു. അടുത്ത വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ക്വാറിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമുതൽ സിനിമാ–രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പോലും പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്തുതന്നെ സംഭവിച്ചാലും എന്റെ നാടിന്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ ഞാനുണ്ട്; എന്റെ അക്ഷരങ്ങളും. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം