'കണ്ണീരിൽ നിന്നാണ് നല്ല ചിരിയുണ്ടാവുന്നത് '

മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച ശേഷം ഇന്ദ്രൻസ് ആദ്യം യാത്ര ചെയ്തത് കണ്ണൂരിലേക്കായിരുന്നു. ഇഷ്ടപ്പെട്ട രണ്ട് എഴുത്തുകാരെ കാണാൻ. നാടകകൃത്തും സാഹിത്യവിമർശകനുമായ എൻ.ശശിധരനെയും കഥാകൃത്ത് ടി.പത്മനാഭനെയും കണ്ട് സന്തോഷം പങ്കിടാനാണ് ശനിയാഴ്ച കണ്ണൂരിലെത്തിയത്. രണ്ടുപേരുമായും ദീർഘകാലത്തെ പരിചയമാണ്. 

അവാർഡ് ലഭിച്ചതുമുതൽ തിരുവനന്തപുരത്തെ വീട്ടിൽ തിരക്കായിരുന്നു. സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം അനുമോദിക്കാനെത്തി. രണ്ടുദിവസം വേറെയൊന്നിനും സമയമുണ്ടായിരുന്നില്ല. അങ്ങനെയാണ് വെള്ളിയാഴ്ച രാത്രി കണ്ണൂരിലേക്കു ട്രെയിൻ കയറുന്നത്. 

എൻ.ശശിധരനെ ഉച്ചയോടെ കണ്ടു. പത്മനാഭനെ വൈകിട്ടും. വായനയുടെ വിശാലമായ ലോകത്തേക്ക് തന്നെ നയിച്ചത് ഇവർ രണ്ടുപേരുമായിരുന്നെന്ന് ഇന്ദ്രൻസ് പറഞ്ഞു. വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ കൂടുതൽ വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല. മങ്ങിയ കാഴ്ചകളിൽ നിന്ന് തെളിമയിലേക്കു തന്നെ നയിച്ചത് പത്മനാഭന്റെ കഥകളായിരുന്നു. ഈ കഥകളിൽ നിന്നാണ് പുതിയ പുതിയ എഴുത്തുകാരെ തേടിപ്പോയത്. അന്നു വൈകിട്ട് പത്മനാഭനോടൊപ്പം ഒരു വേദി പങ്കിടാനും അവസരമുണ്ടായി.

വൈകിട്ട് കണ്ണൂരിലെ സായാഹ്നം ആസ്വദിച്ച് ഇന്ദ്രൻസ് സംസാരിച്ചു.

ആളൊരുക്കത്തിനു അവാർഡ് ലഭിച്ചതോടെ പുതിയ വേഷങ്ങളൊക്കെ വരുന്നത് അത്തരത്തിലുള്ളതാണോ?

ഇത്തരത്തിലുള്ള ധാരാളം ചിത്രങ്ങളുമായി പലരും വരാറുണ്ട്. എല്ലാമൊന്നും ഞാൻ സ്വീകരിക്കാറില്ല. നമ്മുടെ രൂപവും ശരീരവുമൊക്കെ കൃത്യമായി അറിയാമല്ലോ. അതിനു പറ്റിയ വേഷമായിരിക്കണം. പിന്നെ നമുക്കെന്തെങ്കിലും ചെയ്യാനുള്ളതുമായിരിക്കണം. പലതിലും അങ്ങനെയൊന്നും കാണാറില്ല. 

കഴിഞ്ഞ വർഷം പാതി എന്ന ചിത്രം അവാർഡ് പരിഗണനയ്ക്കു വന്നിരുന്നു?

ഏറെ കഷ്ടപ്പെട്ടാണ് പാതിയിൽ അഭിനയിച്ചത്. കണ്ണൂരിലെ മാടായിപ്പാറയിൽ വച്ചായിരുന്നു ചിത്രീകരണം. അതിരാവിലെ മേക്കപ്പിടണം. മുഖത്ത് റബറൊക്കെ ഒട്ടിച്ച് കുറേനേരം ഇരിക്കണം. രാത്രിയാകും ചിത്രീകരണം തീരാൻ. അന്നേരം കൃത്യമായി ഭക്ഷണമൊന്നും കിട്ടുകയുമില്ല. പാതിയിൽ നന്നായി കഷ്ടപ്പെട്ടു. പക്ഷേ, അവാർഡ് പരിഗണനയ്ക്കു വന്നപ്പോ‍ൾ തള്ളിപ്പോയി. മേക്കപ്പിലൊക്കെ വലിയ പ്രശ്നമുണ്ടായി. ഇടയ്ക്കുവച്ച് കഥയും പാളിപ്പോയി. അറിയപ്പെടുന്ന കുറേ താരങ്ങളുണ്ടായിരുന്നു. എന്നിട്ടും ചിത്രം രക്ഷപെട്ടില്ല.

ഈ ചിത്രം തിയറ്ററിൽ കാണാനുള്ള ഭാഗ്യവും ഉണ്ടായില്ല. തിരുവനന്തപുരത്ത് റിലീസ് ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ വിളിച്ചുപറഞ്ഞു. അതുപ്രകാരം പോയപ്പോൾ രണ്ടു ഷോയേ ഉള്ളൂ. ഞാനും ഭാര്യയും ചില ബന്ധുക്കളും. പത്തിൽ താഴെ ആളുകൾ മാത്രം. അതുകൊണ്ട് തിയറ്റുകാർ സിനിമ പ്രദർശിപ്പിച്ചില്ല. നേരാംവണ്ണം പരസ്യം പോലും കൊടുക്കാതെയാണ് അവർ റിലീസ് ചെയ്തത്. അതിന്റെ നിർമാതാവ് ഒരു വിദേശ മലയാളിയായിരുന്നു. അയാൾക്ക് മുടക്കുമുതലിന്റെ പാതി പോലും ലഭിച്ചിരിക്കില്ല. അടൂർ സാറിന്റെ പിന്നെയും എന്ന ചിത്രവും കഴിഞ്ഞവർഷം മത്സരത്തിനുണ്ടായിരുന്നു. 

ആളൊരുക്കം ഒരു കലാകാരന്റെ ജീവിതമല്ലേ?

പത്രപ്രവർത്തകനായ അഭിലാഷ് വന്നുപറഞ്ഞപ്പോൾ തന്നെ ആളൊരുക്കത്തിലെ കഥാപാത്രത്തെ എനിക്കിഷ്ടപ്പെട്ടിരുന്നു. എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു. ഒരു തെരുവിൽ പ്രായമായ ഒരാളിൽനിന്നാണു സിനിമ തുടങ്ങുന്നത്. മകനെ കാണാൻ എത്തിയ ഒരച്ഛനായിരുന്നു അത്. അയാളുടെ പഴയകാലത്തിലൂടെയും മകനെ കാണാനുള്ള അലച്ചിലുമൊക്കെയാണ് പ്രമേയം. ചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ എനിക്കു സംഭാഷണമില്ല. മുഖഭാവത്തിൽ വേണമായിരുന്നു ചെയ്യാൻ. നന്നായി ചെയ്തതുകൊണ്ടായിരിക്കും അവാർഡ് ലഭിച്ചിരിക്കുക.

കോമഡിയിൽ നിന്നുള്ള മാറ്റം?

കോമഡിയിൽ നിന്നു മാറിയിട്ടൊന്നുമില്ല. കോമഡി ചെയ്യാൻ തന്നെയാണ് ഇഷ്ടം. പക്ഷേ, അത്തരം കഥാപാത്രങ്ങൾ ഇപ്പോൾ കുറവാണ്. സീരിയസായ വേഷങ്ങൾ തേടിവരാൻ തുടങ്ങിയത് മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയിലെ അച്ഛൻ വേഷം ചെയ്തപ്പോഴാണ്. ആ വേഷത്തിന് അക്കൊല്ലത്തെ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. പിന്നെ രണ്ടുവർഷം മുൻപെ മണ്‍റോ തുരുത്ത് ചെയ്തു. അതിലെ വേഷവും നന്നായി എന്ന് പലരും പറഞ്ഞിരുന്നു.

നമ്മൾക്കെന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ പറ്റുന്ന ഇത്തരം ചിത്രങ്ങൾ കൂടുതൽ ചെയ്യണമെന്നുണ്ട്. പലരും കഥയുമായി വരുമ്പോൾ തന്നെ പറയും ചേട്ടാ, പണമൊന്നുമില്ല, ചെറിയ ബജറ്റാണ്, ഒന്നു സഹായിക്കണമെന്നൊക്കെ. സിനിമയെ സീരിയസായി കാണുന്നവരാണെങ്കിൽ അത്തരക്കാർക്കൊപ്പം സഹകരിക്കുന്നതിൽ പ്രശ്നമൊന്നുമില്ല. പക്ഷേ, പലരും അങ്ങനെയാകാറില്ല.

എന്നാൽ കോമഡി ചിത്രത്തിന് അങ്ങനെയില്ല. നമ്മൾ പറയുന്ന പ്രതിഫലം തരും. അതുവാങ്ങുക, അഭിനയിക്കുക ഇത്രയേയുള്ളൂ.  

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം