സ്വപ്‌നങ്ങൾ കൊണ്ട് കൂടു നെയ്യുന്നവൾ... 

'സ്വപ്‌നങ്ങൾ നെയ്യുന്ന പെൺകുട്ടി' എന്ന അഖിലയുടെ കഥാസമാഹാരം വായിക്കാൻ കയ്യിലെടുക്കുമ്പോൾ ഇന്നത്തെ കാലത്തിന്റെ തനതു കഥകളുടെ ഭ്രമിപ്പിക്കുന്ന കൂട്ടിലേക്കാണ് ചാടേണ്ടത് എന്നോർത്തിരുന്നു. പക്ഷേ, വായനകളിൽ മാന്ത്രികമായ ഒരു ആർദ്രത ഒളിപ്പിച്ച്, ഓരോ കഥകളും ഒരു പഴയ ഗൃഹാതുരതയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അഖിലയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും അവരുടെ കഥകൾ പോലെ ജീവിതത്തിന്റെ വളരെ പോസിറ്റീവായ വശങ്ങളെ കണ്ടെടുക്കുന്നവയാണ്. ആയുർവേദ ഡോക്ടർ കൂടിയാണ് അഖില, എഴുത്തിനെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും അഖില മനസ്സുതുറക്കുന്നു–

സ്വപ്‌നങ്ങൾ കൊണ്ടൊരു കൂടൊരുക്കാൻ 

പലതുണ്ട്. സാഹിത്യം എല്ലായ്പോഴും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണ്. മനസ്സിൽ സ്വപ്നമായി കൊണ്ടു നടക്കുന്ന ഒരു നോവലുണ്ട്. അത് ഏറ്റവും നന്നായി എഴുതി പൂർത്തിയാക്കണം എന്നതാണ് ഒന്ന്. മറ്റൊന്ന് ആയുർവേദവുമായി ബന്ധപ്പെട്ടതാണ്. ആയുർവേദ ഗവേഷണ രംഗത്ത് കുറച്ചുകൂടെ മനസ്സു പതിപ്പിക്കണം, ഭാവിയിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ എന്റെ വകയായി എന്തെങ്കിലും സംഭാവന ആയുർവേദത്തിനു നൽകണം എന്നൊരു വലിയ സ്വപ്നം. പിന്നെയുമുണ്ട് കുറെയേറെ.

സ്വപ്‌നങ്ങൾ നെയ്യുന്ന പെൺകുട്ടി 

ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന ഒരാളാണ് ഞാൻ. കുട്ടിയായിരിക്കുമ്പോൾ തുടങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ പറയാൻ ഒരുപാടുണ്ടാവും. പലപ്പോഴും ആ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി തന്നെയാണ് ഞാൻ കഥകൾ എഴുതാറുള്ളത്. ആഗ്രഹങ്ങളും, ചിന്തകളും, വേദനകളുമൊക്കെ സ്വപ്നങ്ങളോട് ചേർത്ത് വയ്ക്കുമ്പോൾ നേടാൻ ഒരു ലക്ഷ്യമുണ്ടാകും. അതിലെത്തിച്ചേരാൻ ഒരു വഴി തുറന്നു കിട്ടും. അങ്ങനെ കിട്ടിയ വഴിയിലൂടെ നടന്നാണ് എന്റെ ആദ്യ കഥാസമാഹാരത്തിലേക്ക് ഞാൻ എത്തിയത്. അതിന് 'സ്വപ്‌നങ്ങൾ നെയ്യുന്ന പെൺകുട്ടി' എന്ന പേരിട്ടതും അതു കൊണ്ടു തന്നെ.

ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നോക്കി കാണാൻ ആണ് അഖിലയുടെ കഥകൾ പറയുന്നത്.

മറ്റുള്ളവരോട് സംവാദിക്കാനുള്ള ഒരു മാധ്യമമായി തന്നെ എഴുത്തിനെ കാണാനാണിഷ്ടം. പ്രതീക്ഷകളും സ്വപ്നങ്ങളും, ശുഭാപ്തി  വിശ്വാസവുമില്ലെങ്കിൽ ജീവിതത്തിൽ ഒന്നും നേടാനാകില്ല. പ്രതിസന്ധികളും, വേദനകളുമില്ലാത്ത മനുഷ്യരുണ്ടാവില്ലല്ലോ. ഞാനും അതിലൊരുവൾ തന്നെ. അതുകൊണ്ടു തന്നെ മനസ്സിന് സന്തോഷം തരുന്നതെന്തും വായിക്കാൻ കൂടുതൽ ഇഷ്ടമാണ്. ആ ഇഷ്ടം എഴുത്തിലേക്കും പകരുന്നുവെന്ന് മാത്രം.

ആയുർവേദത്തിൽ നിന്നും ലഭിക്കുന്ന കഥകൂട്ടുകൾ?

ആയുർവേദ ആചാര്യന്മാർ എല്ലാം മികച്ച സാഹിത്യകാരന്മാർ കൂടിയായിരുന്നു. രോഗലക്ഷണങ്ങളോ, ഔഷധയോഗങ്ങളോ എന്തുമാവട്ടെ, എത്ര ഭംഗിയുള്ള എഴുത്താണെന്നോ സംഹിതകളിലെല്ലാം. മരുന്നുകളുടെ പേരുകൾ പോലും സാഹിത്യഭംഗിയുള്ളതാണ്. ആയുർവേദത്തെ അടിസ്ഥാനമാക്കി ഒരു നോവൽ എഴുതണമെന്നു വലിയ ആഗ്രഹമുണ്ട്. പക്ഷേ, അതിന് ആയുർവേദത്തെ ഒന്നു കൂടെ ആഴത്തിൽ പഠിക്കണം - ഒരു പിഴവ് പോലും വരാത്ത രീതിയിൽ.

എഴുത്ത് എന്ന ലോകം

എന്റെ അപ്പൂപ്പനും, അച്ഛനും പരന്ന വായനയുള്ളവരും, നന്നായി എഴുതുന്നവരുമായിരുന്നു. കവിതയും, നാടകവും, കീർത്തനങ്ങളുമായിരുന്നു ഇരുവരുടെയും എഴുത്ത് മേഖല. എന്നാൽ അധികം ആരാലും തിരിച്ചറിയപ്പെടാതെ പോയി. അച്ഛനാണ് എനിക്ക് കവിതകളും, കഥകളും പരിചയപ്പെടുത്തി തന്നത്, എഴുതാൻ പ്രേരിപ്പിച്ചത്. പ്ലസ് വൺ പഠിക്കുമ്പോഴാണ് അച്ഛൻ പോയത്. പക്ഷേ, അച്ഛൻ പറഞ്ഞു തന്നതെല്ലാം ഉള്ളിൽ തന്നെ കരുതി വച്ചു. എഴുത്ത് ഇഷ്ടമാണ് സ്കൂൾ കാലം മുതൽ തന്നെ. എന്നാൽ ഇതുവരെ എല്ലാം ഡയറിത്താളുകളിൽ മറഞ്ഞിരിക്കുകയായിരുന്നു.

എഴുത്തിലൂടെ വായനക്കാർക്ക് നൽകാൻ ആഗ്രഹിക്കുന്നത് ...

എന്തെഴുതുമ്പോഴും ഞാൻ എന്നെത്തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുക. അങ്ങനെ എന്തെങ്കിലും ഒരാശയമെങ്കിലും വായനക്കാർക്ക് കൊടുക്കാൻ കഴിയണം എന്ന് ആഗ്രഹമുണ്ട്. കൂടുതൽ സംഘർഷങ്ങളിൽ കൊണ്ടു ചെന്നെത്തിക്കുന്നതിന് പകരം പുനർ വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ഒന്ന്. എത്രത്തോളം സാധ്യമാണ്, അതിനുള്ള അവസരങ്ങൾ കിട്ടുമോ എന്നൊന്നും അറിയില്ല. നേരത്തെ പറഞ്ഞപോലെ പ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ടു നടത്തുന്നത്.

ബന്ധങ്ങളും വേരുകളിലേക്കുള്ള മടക്കവുമൊക്കെ എഴുത്തിലുണ്ട്, എന്നാൽ അതിലും ഒരു നവജാതയായ വിപ്ലവകാരിയുമുണ്ട്. 

തീവ്രമായ എന്തിനെയും എനിക്ക് ഭയമാണ്. ഒരുപാട് തർക്കിക്കാനൊക്കെ പോയാൽ ചിലപ്പോൾ കുറെ ദിവസങ്ങൾ പോയി കിട്ടുന്ന തരം മനസ്ഥിതിയാണ്. അതുകൊണ്ട് മൃദു, മധ്യമ മാർഗങ്ങളിലാണ് താൽപര്യം. നിലപാടുകളിൽ വെള്ളം ചേർക്കാതെ ഉറച്ചു നിൽക്കാനുള്ള ധൈര്യം ഒപ്പമുണ്ട് താനും.

കഥകളോടാണ് കൂടുതലിഷ്ടം, പിന്നെ?

തീർച്ചയായും ഏറ്റവും സ്നേഹം കഥകളോട് തന്നെയാണ്. നോവൽ, കവിത തുടങ്ങി എല്ലാം വായിക്കാനും വലിയ ഇഷ്ടമാണ്. പിന്നെ വരയോടും, പെയിന്റിംഗ്സിനോടുമൊക്കെ ആഴത്തിൽ പതിഞ്ഞ ഒരു താൽപര്യമുണ്ട്. സിനിമ കാണാനും ഒരുപാടിഷ്ടം.

അഭിനന്ദനങ്ങൾ

എല്ലാ അഭിപ്രായങ്ങളെയും, ആസ്വാദനകുറിപ്പുകളെയും ഒരു പോലെ വിലമതിക്കുന്നു. മുരളി തുമ്മാരുകുടി എന്റെ ചെറുകഥ സമാഹാരം  വായിച്ചിട്ട് കുറിപ്പിനെഴുതിയ മുഖവുരയിലെ വരികൾ തന്നെ -' ഒരു സമ്മാനം കൂടെ '- എന്നാണ്. ഫേസ്ബുക്കിലല്ലാതെ പേർസണൽ മെസ്സേജ് ആയി ഒരുപാടു പേർ അഭിപ്രായം അറിയിക്കുന്നുണ്ട്. ചിലർ നേരിൽ വിളിക്കുന്നു. കുറച്ച് കത്തുകളും കിട്ടി. ഇവയൊരോന്നും  എന്നെ സംബന്ധിച്ച് ഓരോ നിധിയാണ്. അപ്രതീക്ഷിതമായി വന്നു ചേർന്നത്. ഹൃദയത്തിൽ സൂക്ഷിക്കുന്നു ഓരോ വാക്കിനെയും.

അടുത്ത പുസ്തകത്തിന്റെ ജോലികൾ

എന്റെ സ്വപ്നമായ നോവൽ തുടങ്ങി വച്ചു. മടി പിടിക്കരുതെന്ന് കരുതി മാത്രം. കുറച്ചു പഠനം ആവശ്യമുള്ള വിഷയമായതു കൊണ്ടു പതുക്കെ മുന്നോട്ടു പോകണമെന്നു വിചാരിക്കുന്നു.

എഴുത്തും ജോലിയും ഒപ്പം കുടുംബിനി, അമ്മ... പല റോളുകൾ

കുടുംബമാണ് എന്റെ ശക്തി. അമ്മ, ചേട്ടൻ, ഭർത്താവ്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ– എല്ലാവർക്കും ഇഷ്ടമാണ് ഞാൻ എഴുതുന്നത്. പിന്നെ രണ്ടു കുഞ്ഞു പിള്ളേരുണ്ട്. ഞാൻ എഴുതാനായി ഇരിക്കുന്നത് അവർക്കു മാത്രം ഇഷ്ടമല്ല. അവരെ വിഷമിപ്പിച്ച് എഴുതാനോ വായിക്കാനോ ഇരിക്കാറുമില്ല. കുടുംബത്തിന്റെ സപ്പോർട്ട് തന്നെയാണ് പ്രധാനമായും പറയാനുള്ളത്. പിന്നെ എഴുത്ത് എനിക്ക് പാഷൻ തന്നെയാണ്. പലപ്പോഴായി കിട്ടിയ സമയത്തിൽ നിന്ന് പിശുക്കി മാറ്റി വച്ച്, എനിക്കായി മാത്രം എഴുതിയ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത പത്തെണ്ണമാണ് പ്രസിദ്ധീകരിച്ചത്. അതുപോലെ ഒത്തു വരുന്ന സന്ദർഭങ്ങളൊക്കെ എഴുതാൻ ഉപയോഗപ്പെടുത്തണമെന്നു വിചാരിക്കുന്നു.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം