നീ വെറും സ്വപ്നം മാത്രം...

അന്ന് നല്ല മഴയായിരുന്നു നീല നിറമുള്ള കുടയും പിടിച്ചു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നിന്നെ കണ്ടപ്പോൾ  നെഞ്ച് വല്ലാതെ ഇടിക്കുന്നതു പോലെ .... നിന്‍റെ ഓരോ നോട്ടവും എന്റെ ഹൃദയത്തിൽ ആണ് കൊണ്ടത്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥ.. ഹോ.. പിന്നീട് അങ്ങോട്ട്, നിന്റെ കണ്ണുകളെ കാണാൻ മാത്രം ബസ് സ്റ്റോപ്പിൽ വന്നു നിൽക്കും.. നീ അറിയാതെ നിന്റെ ആ മുഖം ഒന്നു കാണാൻ ...

പിന്നെ, നേരം പുലരുവാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കാണുമ്പോൾ എല്ലാം ഒന്നു മിണ്ടാൻ മനസ്സ് പറയുന്നതു പോലെ തോന്നും എന്നാൽ എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ്. 

നിന്റെ വരവ് നോക്കി ബസ് സ്റ്റോപ്പിൽ കാത്തിരിക്കുമ്പോൾ ആണ്.. നിന്നെ തട്ടി തെറിപ്പിച്ചു കൊണ്ട് ഒരു കാർ കടന്നു പോയത്. ശ്വാസം നിലച്ചു പോയോ എന്നു തോന്നി പോയി എനിക്ക് പിന്നെ അങ്ങോട്ട് നിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു... ഹോസ്പിറ്റലിൽ എത്തുന്നത്‌ വരെ....

കുറച്ചു നേരം കഴിഞ്ഞ് അവൾ കണ്ണു തുറന്ന് എന്നോട് സംസാരിച്ചപ്പോൾ ഉണ്ടായ സന്തോഷം... അവൾ ഹോസ്പിറ്റൽ വിടുന്നതു വരെ ഞാൻ ഒരു നിത്യ സന്ദർശകൻ ആയി മാറി... ഞങ്ങൾ രണ്ടു പേരും അറിയാതെ കണ്ണുകൾ തമ്മിൽ പ്രണയം കൈമാറുകയായിരുന്നു.. പിന്നെ പിരിയാൻ വയ്യാത്ത അവസ്ഥ ആയിരുന്നു.

സ്വപ്‍നങ്ങൾ കണ്ട് കൊതി തീരാതെ മഴയിലൂടെ കൈകോർത്തു നടന്ന പ്രണയകാലം. ഓർക്കാൻ വയ്യ... എന്നിട്ടും കൈവിട്ടു പോയ നിന്നെ മറക്കാനാകുമോ എന്ന് അറിയില്ല ....

നീ എന്നോട് പറ‍ഞ്ഞിട്ടുണ്ട്.... കടലിൽ താഴുന്ന അസ്തമയ സൂര്യനെ നോക്കി നമ്മുടെ ഒരു മായാലോകം തീർക്കണമെന്ന്.. ഒരായിരം കഥകളും... സ്വപനങ്ങളും പിന്നെ നമ്മൾ രണ്ടു പേരും. ആ സമയത്തു കടലിനെ നോക്കി പറയണം ഞങ്ങളുടെ പ്രണയം പരിശുദ്ധമാണെന്ന്.. അവളെ ഞാൻ ആർക്കും കൊടുക്കില്ല എന്റെ പെണ്ണ്... എന്റെ പ്രണയം നിന്നിൽ അവസാനിക്കുന്നത് മണൽ തരി എണ്ണി തീരുന്ന ദിവസം .. 

അങ്ങനെ, ഒരായിരം സ്വപ്നങ്ങൾ.. അവയൊക്കെ വെറും സ്വപ്നം മാത്രമായി മാറുമെന്ന് കരുതിയില്ല. നിനക്ക് ഓർമയുണ്ടോ? ഒരു വാക്ക് പോലും പറയാതെ നീ പോയ ദിവസം... ഓർക്കുന്നുണ്ടോ നീ... വേണ്ട അത് എന്തിനാ ഞാൻ ഓർക്കുന്നത് .... അത് വെറും സ്വപനമായിരുന്നില്ലേ .. വെറും മായാജാലം..

ഇനി ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച മുഖം... ഇപ്പോൾ ഇതാ എന്റെ മുന്നിൽ വന്നിരിക്കുന്നു... നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് അറിയാം പക്ഷേ അത് കേൾക്കാൻ താൽപര്യമില്ല കാരണം എന്നെക്കാൾ കൂടുതൽ നിന്നെ സ്നേഹിച്ചതു കൊണ്ട് നീ പറയാൻ പോകുന്നത് എന്താണെന്ന് അറിയാം ... 

വേണ്ടാ ഞാനും ജീവിതത്തെ പൊരുതി ജയിക്കാനുള്ള ശ്രമത്തിലാണ്.. അസ്തമയ സൂര്യനെ പോലെ.. 

അവളുടെ ഒരു വാക്ക് പോലും കേൾക്കാൻ താൽപര്യമില്ല എന്ന ഭാവത്തിൽ ഞാൻ നടന്നു നീങ്ങി..

അവളുടെ മനസ്സ് എനിക്കു നന്നായി അറിയാം. മനസ്സിൽ നിന്ന് മായ്ക്കാൻ കഴിഞ്ഞിട്ടില്ല .. താലി കെട്ടിയ പുരുഷനെ ഉപേക്ഷിച്ചു വന്നിരിക്കുന്നു എന്റെ കൂടെ ജീവിക്കാൻ.. വേണ്ട.. അവൾ ജീവിക്കേണ്ടത് കെട്ടിയ പുരുഷന്റെ കൂടെയാണ്.. അവന്റെ താലി അവൾക്ക് സംരക്ഷണം ആണ്.. മരിക്കുവോളം അവളെ പൊന്നു പോലെ നോക്കും എന്നുള്ള വാഗ്ദാനം.