ശബ്ദങ്ങളിലെ ഓർമപ്പെടുത്തൽ (കഥ)

നിങ്ങൾ എന്ത് മനോഹരമായാണ് ഇതു വായിക്കുന്നത്... പാർക്കിന്റെ മൂലയിലെ മരത്തിന്റെ ചുവട്ടിൽ നിന്നുള്ള സാക്സോഫോണിന്റെ ശബ്ദം അവളെ ആശ്ചര്യപെടുത്തിയിരിക്കുന്നു.

പഴയ ഒരു കോട്ടും, നരച്ച താടിയും നീണ്ടമുടിയും, നീല കൃഷ്ണമണിയും ഉള്ള അയാൾ അവളെ സാകൂതം നോക്കി.

ചുരുളൻ മുടിയുള്ള ഭംഗിയുള്ള ഒരു പെൺകുട്ടി. അവൾ 500 രൂപയുടെ ഒരു നോട്ട് അയാൾക്കു നേരെ നീട്ടിക്കൊണ്ട് പ്രശംസിക്കുകയാണ്. 

കേട്ടു തഴമ്പിച്ച കാര്യം വീണ്ടും കേൾക്കുന്ന ലാഘവം അയാളുടെ മുഖത്തു നിഴലിച്ചിരുന്നു. പതിയെ ചിരിച്ചുകൊണ്ട്‌ കണ്ണുകൾ അടച്ച് വീണ്ടും അയാൾ വായന തുടർന്നു. അഞ്ചു മിനുറ്റിന്റെ സഞ്ചാരത്തിനു ശേഷം കണ്ണു തുറന്ന അയാൾക്കു മുന്നിൽ, അതെ ആശ്ചര്യ ഭാവത്തോടെ ആ പെൺകുട്ടി ഉണ്ടായിരുന്നു. 

നിങ്ങൾ പോയില്ലേ..? എനിക്ക് പണം വേണ്ട. 

ഇല്ല. പോയില്ല. നിങ്ങൾ ഉണരാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. 

സാക്സോഫോൺ നിലത്തു വച്ചു നരച്ച താടി തടവി അയാൾ അവളെ കൗതുകത്തോടെ നോക്കി, പിന്നെ പതിയെ പറയാൻ തുടങ്ങി. 

ഹേ പെണ്ണെ.. ശബ്ദത്തിനു മനുഷ്യ മനസ്സിൽ പല ഭാവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു..

കേൾക്കാൻ സുഖമുള്ള ഒരു ഈണത്തിനപ്പുറം, സ്ഥായിയായ സംഗീതത്തിന്റെ അനന്തവിഹായസിലെ നക്ഷത്ര ദീപങ്ങളെ ദർശിക്കാൻ, മനസിലാക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഇവിടെ എന്താണ് നിന്നെ ആകൃഷ്ടയാക്കുന്നത്?

എനിക്കത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. എന്നോട് സംസാരിക്കാൻ വരുന്ന ഓരോരുത്തരുടെ ഉള്ളിൽ നിന്നുമുള്ള ചില അഭിപ്രായങ്ങൾ  കേൾക്കാൻ ഞാനിഷ്ടപ്പെടുന്നു. ഈ നിമിഷം തോന്നുന്നതു മാത്രം പറയൂ. അയാൾ പറഞ്ഞു നിർത്തി.

അവൾ പതിയെ ചിരിച്ചു.

സാർ, സാക്സോഫോൺ എനിക്ക് ഇഷ്ടമുള്ള ഒരു സംഗീതോപകരണം ആയിരുന്നില്ല. പക്ഷേ, ഇതുവരെ കാണാത്ത, കേട്ടിട്ടു മാത്രമുള്ള, അല്ലെങ്കിൽ വായിച്ചിട്ടു മാത്രമുള്ള ഓസ്ട്രിയയിലെ വിയന്ന നഗരത്തിലെ തെരുവ് വീഥികൾ.. 300 വർഷങ്ങൾക്കു പിന്നിലേക്കുള്ള ആ സംസ്കാരത്തെ, സംഗീതത്തിന്റെ യഥാർഥ പ്രകാശമണ്ഡലം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾ എനിക്ക് കാണിച്ചു തന്നിരിക്കുന്നു.  ബീഥോവനും, മൊസാർട്ടും, ഷുബർട്ടും നടന്നു നീങ്ങിയ വീഥികളിൽ കൂടി നിങ്ങൾപോലും അറിയാതെ എന്നെയും നിങ്ങൾ സഞ്ചരിപ്പിച്ചിരിക്കുന്നു. 

അത്ഭുതപ്രതിഭനായ ഷുബെർട്ടിന്റെ  'unfinished symphony'. അത്രയും മനോഹരമായാണ് നിങ്ങൾ വായിച്ചത്.

അവളുടെ മുഖത്തെ ആരാധനയെ അയാൾ തെല്ലിട നേരം നോക്കിനിന്നു. താളലയങ്ങൾ മാറി വരുന്ന യുവ ഹൃദയങ്ങളിൽ നിന്നും നീ  വ്യത്യസ്തയാണല്ലോ പെണ്ണെ.. അയാൾ ചിരിച്ചു. 

അവിചാരിതമായി എന്റെ മുന്നിൽ എത്തിപ്പെടുന്ന കുറെ ആൾക്കാരിൽ ചിലർ എന്നെ നിന്നെ പോലെ അത്ഭുതപ്പെടുത്തുന്നു. 

സംഗീതവും നീയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാൻ ഒരാഗ്രഹം തോന്നുന്നു. അയാൾ അവളുടെ മുഖത്തേക്ക് നോക്കി. 

പാർക്കിനപ്പുറം ഇരുൾ വീഴാൻ തുടങ്ങുന്ന കായലിലെ അസ്തമയത്തിന്റെ പ്രതിബിംബം നോക്കി അവൾ പതിയെ മന്ദഹസിച്ചു.

കുറച്ചു വർഷമായി ഞാൻ പിയാനോ അഭ്യസിക്കുന്നു. പക്ഷേ, ഞാൻ വളരെ പിന്നിലാണ് അതിൽ. പിന്നെ ഏതെന്നില്ലാതെ കേൾക്കും. 

പുസ്തകങ്ങള്‍, നിങ്ങളെപ്പോലുള്ള ഉൾദർശനം ലഭിച്ച, കലയെ തപസ്യയായി കാണുന്ന ആർട്ടിസ്റ്റുകളുമായുള്ള സംസാരം, സംസർഗം. അതൊക്കെയാണ് എന്റെ സംഗീതവുമായുള്ള ബന്ധങ്ങൾ. 

ചില അവിഹിതബന്ധം പോലെ ഞാൻ അത് എൻജോയ് ചെയ്യുന്നു. പ്രത്യേകിച്ചു ചിലരോടൊത്തുള്ള സംസാരങ്ങൾ, അവരോടുത്തുള്ള സമയം. അതിന്റെ ആഴം അത് വളരെ വലുതാണ്..  ചില ഭ്രാന്തൻ ചിന്താഗതിക്കാരെന്ന് മറ്റുള്ളവർക്ക് തോന്നാവുന്ന ചില സ്പെഷ്യൽ ആൾക്കാരോട് മാത്രമേ എനിക്കി അഫക്ഷൻ ഉള്ളു.   

അവൾ ഉറക്കെ ചിരിച്ചു.

അവളുടെ കണ്ണുകളുടെ തിളക്കം ശ്രദ്ധിക്കാതെന്നപോലെ അയാൾ പുഞ്ചിരിച്ചുകൊണ്ട്‌ കായലിനഭിമുഖമായി നിന്നുകൊണ്ട് അതിമധുരമായ ഈണം സാക്സോഫോണിലൂടെ പ്രവഹിപ്പിക്കാൻ തുടങ്ങി.

മിനുറ്റുകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. കണ്ണുകളടച്ചുകൊണ്ട്‌ ആ ഈണം ആസ്വദിച്ചു ശ്രവിച്ചു കൊണ്ടിരിക്കുന്ന അവളെ അയാൾ തെല്ലിടനേരത്തിനു ശേഷമുള്ള നിശബ്ദദതയിലൂടെ അയാൾ ഉണർത്തി. 

എന്തിനാ നിർത്തിയെ..? പതിഞ്ഞ ഒരു കാറ്റു അവിടെ വീശുന്നുന്ന രീതിയിലാണ് അവളുടെ ശബ്ദം പുറത്തു വന്നത്. 

മറുപടി ഒന്നും പറയാതെ അയാൾ പതിയെ ചിരിച്ചുകൊണ്ടിരുന്നു. 

സാർ.. നിങ്ങൾ ആ സംഗീതോപകരണത്തിലൂടെ യാഥാർഥ്യങ്ങൾ, ഒരു മറുപടി എന്നോണം എനിക്ക് പറഞ്ഞു തരുന്നപോലെ എനിക്കു തോന്നുന്നു.   

തന്റെ ഉള്ളിലെ ശബ്ദവുമായി താദാമ്യം പ്രാപിക്കാതെ ഈണവും, ശ്രുതിയും, ലഭിക്കുകയില്ലെന്നുള്ള യാഥാർഥ്യം എനിക്ക് മനസിലാകുന്നു.

അല്ലാതുള്ള സംഗീതോപകരണ അഭ്യാസം കൊണ്ട്‌ ശബദം പുറപ്പെടുമെന്നല്ലാതെ പൂർണമായി ഉദ്ദേശിച്ച ഈണം പ്രദാനം ചെയ്യുന്നില്ല..ജീവിതത്തിലും ഇത് തന്നെ സംഭവിക്കുന്നു. അവൾ പറഞ്ഞു നിർത്തി. 

അവളെ തന്നെ നോക്കിനിന്നുകൊണ്ട് അയാൾ അവളോട് പതിയെ ചോദിച്ചു. 

നിനക്ക് ഇത് ഇപ്പോൾ കേൾക്കുമ്പോൾ എന്താ തോന്നിയത്.? ബീഥോവന്റെ സിംഫണിയിലേക്ക് ഈ സമയം ഇങ്ങനൊരു പെൺകുട്ടിയോടൊപ്പം പോകാൻ പറ്റിയതിൽ എനിക്ക് സന്തോഷം തോന്നുന്നുണ്ട്.. പക്ഷേ ഇതിനപ്പുറം തനിക്കു ഇനിയും എന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന് തോന്നുന്നു. 

അയാൾ അവളെ സകൂതം നോക്കി നിന്നു. അവൾ അയാളുടെ വിരലുകളുടെ ചലനം നോക്കി നിൽക്കുകയായിരുന്നു. 

അവൾ പതിയെ പുഞ്ചിരിച്ചു.

നിങ്ങളുടെ ഉള്ളിലുള്ള സംഗീതം ബീഥോവനെ ഓർമിപ്പിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു മരണവീട്ടിൽ എത്തിപ്പെട്ട ബിഥോവൻ. ആശ്വാസവാക്കുകൾക്ക്‌ വിലയില്ലാന്ന് മനസിലായപ്പോൾ, ഒന്നും പറയാൻ കിട്ടാതിരുന്നപ്പോൾ അവിടെയുള്ള പിയാനോയിലൂടെ, അപ്പുറമുള്ള ആളിന്റെ മനസ്സ് അദ്ദേഹം തലോടിയത്... എന്തൊരു ജീനിയസ് ആയിരുന്നു അദ്ദേഹം.. സ്വന്തം സങ്കടവും ഇവിടെ അയാൾക്ക് പറയാൻ പറ്റി,  പിന്നെ മറ്റൊരാളുടെ മാനസികാവസ്ഥ മനസിലാക്കി ആശ്വസിപ്പിക്കാനും.. വാക്കുകൾ കാഴ്ചക്കാരായി പോകുന്ന കലയ്ക്ക് മാത്രം കടന്നു ചെല്ലാൻ പറ്റുന്ന ഒരു വല്ലാത്ത തരം വഴി..

അവൾ നെടുവീർപ്പിട്ടു. പിന്നെ തുടർന്നു. 

എന്നെ നിങ്ങൾ ഒരു ഇമോഷണൽ മൂഡിൽ കൊണ്ടുപോകുന്നു. വാക്കുകൾ  കൂടുതൽ കടമെടുക്കാതെ, കുറെ യാഥാർഥ്യങ്ങളുടെ അകമ്പടിയോടു കൂടി.. പക്ഷേ അത് ശാന്തവുമാണ്. വേറൊരു ലോകത്തേക്കുള്ള യാത്ര പോലെ,. 

ക്ലാസ്സിക്‌, ഫോക് , ജാസ്, ട്രൈബൽ, സൂഫി, കർണാടിക്, ഹിന്ദുസ്ഥാനി എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശൈലികൾ പലതും ആയതു കൊണ്ടാവാം. അതൊക്കെ ഒരു ഭാവന ആയി തോന്നുകയാണ് ഈ സമയത്ത്.. സംഗീതം എന്നത് സംഗീതമായി തന്നെ നിലനിൽക്കുന്നു. അല്ലെ.?, 

അവളുടെ ജിജ്ഞാസയോടുള്ള ചോദ്യം ശ്രദ്ധിച്ചു കൊണ്ട്‌ അയാൾ പതിയെ സാക്സോഫോൺ എടുത്തു ആ പഴയ ബാഗിൽ വക്കാൻ തുടങ്ങി. 

പിന്നെ മറുപടി പറയാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു. തെല്ലിട നേരത്തിനു ശേഷം അയാൾ മുരടനക്കി  

നീ നേരത്തെ വച്ചു നീട്ടിയ പണം  എനിക്ക് തരൂ.. എനിക്ക് ഇപ്പോൾ വിശപ്പ് തോന്നുന്നു. ആ ഇരുട്ടിൽ അവളുടെ മുഖത്തു അത്ഭുതം നിറഞ്ഞു. പിന്നെ പതിയെ അത് ആർദ്രമായി. കായലിൽ എങ്ങോട്ടെന്നില്ലാതെ വട്ടമിട്ടു പറക്കുന്ന കിളികൾ അന്ന് പതിവില്ലാതെ നിശബ്ദമായിരുന്നു.