ശ്രീകുമാറിന്റെ പൊട്ടത്തരങ്ങൾ മറുപടി അർഹിക്കുന്നില്ല: ദിലീപ് ഫാൻസ് അസോസിയേഷൻ

ശ്രീകുമാര്‍ മേനോന്‍ മറുപടി അർഹിക്കുന്നില്ലെന്ന് ദിലീപ് ഫാൻസ്‌ ചെയർമാൻ റിയാസ് ഖാൻ. ഒടിയൻ സിനിമയ്ക്കെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ഫാൻസ് ആണെന്ന ആരോപണം നിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുമാര്‍ മേനോന്റെ ഇത്തരം പൊട്ടത്തങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും റിയാസ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. 

"യാഥാർഥ്യം എന്താണെന്ന് പ്രേക്ഷകർക്ക് അറിയാം. അത്രയേ ഉള്ളൂ. ഇതൊന്നും വലിയ സംഭവമാക്കേണ്ട സംഗതിയല്ല. അയാൾ പറയുന്ന പൊട്ടത്തരങ്ങൾ മറുപടി അർഹിക്കുന്നില്ല," റിയാസ് പറഞ്ഞു. 

ഒടിയൻ പ്രദർശനത്തിനെത്തിയ ആദ്യ ദിനം മുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിനാണ് സംവിധായകൻ ശ്രീകുമാർ മേനോൻ വിധേയനായത്. ഇക്കാര്യം തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാൽ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അകാരണമായി തന്നെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയാമെന്നുമായിരുന്നു ശ്രീകുമാർ മേനോൻ പറഞ്ഞത്. 

നടി മഞ്ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു. "സിനിമാരംഗത്ത് ഞാൻ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയിൽ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങൾ നിങ്ങൾക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാൻ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോൾ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ആവർത്തിക്കേണ്ട ആവശ്യം എനിക്കില്ല," ശ്രീകുമാർ മേനോൻ തിരുവനന്തപുരത്ത് പറഞ്ഞു. 

"മോഹൻലാൽ എന്ന പേരിൽ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോൽപിക്കാൻ തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന് മൊബൈൽ മതി," ശ്രീകുമാർ മേനോൻ ആരോപിച്ചു.