ചാക്കോച്ചന്റെ ചിത്രത്തിന് 99 ശതമാനം വിജയം, എന്റെ ചിത്രത്തിന് 100 ശതമാനം: ജയറാം

കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമേന്ദ്രന് 99 ശതമാനം വിജയാശംസകൾ നൽകി ജയറാം. എന്തുകൊണ്ടാകും നൂറിൽ ഒരുശതമാനം കുറച്ച് 99 ൽ എത്തിയതെന്ന് പ്രേക്ഷകർ ചിന്തിക്കുന്നുണ്ടാകും. നൂറ് ശതമാനം വിജയം ജയറാം പ്രതീക്ഷിക്കുന്നത് സ്വന്തം ചിത്രമായ ലോനപ്പന്റെ മാമോദീസയിലാണ്. കാരണം ഈ രണ്ട് ചിത്രങ്ങളും ഒരേദിവസമാണ് തിയറ്ററുകളിലെത്തുന്നത്.

ആഷിക് ഉസ്മാൻ നിർമിക്കുന്ന അള്ള് രാമേന്ദ്രന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സദസ്സിനെ പൊട്ടിചിരിപ്പിച്ച ജയറാമിന്റെ പ്രസംഗം. ബാലതാരമായി തന്റെ സിനിമയിൽ അഭിനയിച്ച ആളാണ് ആഷിക്ക് ഉസ്മാനെന്നും ഇപ്പോൾ അദ്ദേഹത്തെ വലിയൊരു നിർമാതാവായി കാണാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ജയറാം പറഞ്ഞു.

അള്ള് രാമേന്ദ്രനൊപ്പം ആഷിക് ഉസ്മാൻ തന്നെ നിർമിക്കുന്ന അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെയും ഓഡിയോ ലോഞ്ച് ഒരുമിച്ചായിരുന്നു നടന്നത്. കാളിദാസ് ജയറാം ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

അച്ഛനും മകനുമൊപ്പം സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് താനെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ‘കണ്ണൻ (കാളിദാസ്) നായകനായതിന് ശേഷം ജയറാമേട്ടന് അവനൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ ആ ഭാഗ്യം എനിക്ക് ഉണ്ടായി. അവന്റെ തുടക്കം കുഴപ്പമായിട്ടില്ല, ഞാൻ ആയിരുന്നല്ലോ കൂടെ.’–ചാക്കോച്ചൻ പറഞ്ഞു. കാളിദാസ് നായകനായ എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.

‘നവാഗതനായ ബിലഹരിയാണ് അള്ള് രാമേന്ദ്രൻ സംവിധാനം ചെയ്യുന്നത്. 25000 രൂപയ്ക്ക് ഒരു സിനിമ പൂർത്തിയാക്കിയ ആളാണ്. അതുപോലെ തന്നെ ചിലവ് കുറച്ച് ഈ ചിത്രം എടുക്കാെമന്ന് വിചാരിച്ചതാണ്. പക്ഷേ അങ്ങനല്ല, അത്യാവശ്യം നല്ല രീതിയിൽ ചിത്രത്തിന് ബജറ്റ് വന്നിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും അത് കുറച്ചുകൂടി നന്നാക്കണമെന്ന് പറഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെടുന്ന നിർമാതാവ് ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. അത് സിനിമയ്ക്ക് നന്നായി ഗുണം ചെയ്തു. രണ്ട് സിനിമകളും അർഹിക്കുന്ന വിജയം നേടും. ജയറാമേട്ടൻ പറഞ്ഞതുപോലെ 99 ശതമാനം വിജയിക്കട്ടെ. പക്ഷേ ഈ ചിത്രം നൂറുശതമാനം വിജയിക്കും. ലോനപ്പിന്റെ മാമോദീസ 101 ശതമാനം വിജയിക്കും.’–കുഞ്ചാക്കോ ബോബൻ പറഞ്ഞു.