വരത്തനു ശേഷം വീണ്ടും സുഷീൻ സംഗീതം; തരംഗമായി ഗാനം

മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ആദ്യഗാനം എത്തി. ചെരാതുകൾ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. സിത്താര കൃഷ്ണകുമാറും സുഷിൻ ശ്യാമും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്റെ തന്നെയാണു സംഗീതം. അൻവർ അലിയുടെതാണു വരികൾ. 

വരത്തനു ശേഷം സുഷീൻ സംഗീതം നൽകുന്ന ഗാനമാണ് കുമ്പളങ്ങി നൈറ്റ്സിലേത്. വ്യത്യസ്തമായ സംഗീതവും വരികളും തന്നെയാണു ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. ഫഹദ് ഫാസിൽ, സൗബിന്‍ ഷാഹിർ, ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർ വേഷമിടുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിന്റെ ടീസറിനും വന്‍ വരവേൽപാണു ലഭിച്ചത്. മേഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ ഹിറ്റ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുമ്പളങ്ങി നൈറ്റസ.് മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. 

നസ്രിയ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം. സാൾട്ട് ആന്റ് പെപ്പറിലൂടെ സംവിധാന സഹായിയായി സിനിമയിലേക്കു ചുവടെടുത്തു വത്ത മധു സി. നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫെബ്രുവരി ഏഴിനു ചിത്രം തീയറ്ററുകളിലെത്തും.