ഞാനും പക്കാ മാസ് തന്നെ; വിമർശകരെ 'നൈസാ'യി കൊട്ടി ഗോപി സുന്ദർ

ആരാധകരെയും വിമർശകരെയും ഒരുപോലെ കയ്യിലെടുക്കുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. വിമർശനങ്ങൾക്കു തന്റേതായ രീതിയിൽ കൃത്യമായി മറുപടിയും നൽകാറുണ്ട്. ഇത്തവണ സംസാരം കൊണ്ടു സദസ്സിലിരിക്കുന്നവരെ കയ്യിലെടുക്കുകയാണ് അദ്ദേഹം. താനും പക്കാ മാസാണെന്നാണു ഗോപി സുന്ദർ പറയുന്നത്. സദസ്സിലിരിക്കുന്നവരെ കയ്യിലെടുത്തും വിമർശകരെ ചെറുതായി കൊട്ടിയുമായിരുന്നു ഗോപിസുന്ദറിന്റെ പ്രസംഗം

കാളിദാസ്-ഐശ്വര്യ ലക്ഷ്മി ചിത്രം 'അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവി'ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഇങ്ങനെ പറഞ്ഞത്. ഗോപിസുന്ദറിന്റെ വാക്കുകൾ ഇങ്ങനെ: 'കുറെ കാലമായി അണ്ണാ മാസ് മാസ് എന്നാണു ഞാൻ കേൾക്കുന്നത്. കാരണം മാസിന്റെ കയ്യിലാണു നമ്മുടെ സിനിമയിരിക്കുന്നത്. ഞാനും പക്ക മാസ് തന്നെയാണ്. അതുകൊണ്ടു തന്നെ ചവിട്ടിപ്പിടിച്ചു കൊണ്ട് മാസായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ സ്വീകരിക്കും എന്നു തന്നെയാണു പ്രതീക്ഷ.'

അരുൺഗോപി സംവിധാനം ചെയ്യുന്ന പ്രണവ് ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റ പശ്ചാത്തല സംഗീതം ഒരുക്കുന്നതിനിടെയാണ് അർജന്റീന ഫാൻസിന്റെ ഓഡിയോ ലോഞ്ചിനെത്തിയതെന്നും ഗോപി സുന്ദർ പറഞ്ഞു. അതുകൊണ്ട് ഇന്നലെയിട്ട ഷർട്ടുമായി ഓടിയെത്തിയതാണെന്നും ഒന്നും വിചാരിക്കേണ്ടെന്നും ചടങ്ങിനെത്തിയ അരുൺ ഗോപിയോടു ഗോപി സുന്ദർ പറഞ്ഞത്  സദസ്സിൽ ചിരി പടർത്തി. 

കാളിദാസിനെയും ഐശ്വര്യ ലക്ഷ്മിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അർജന്റീന ഫാൻസ് ഫ്രം കാട്ടൂർകടവ്. സാധാരണ മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനായിരിക്കും നിർവഹിക്കുന്നത്. എന്നാൽ ഇത്തവണ ഗോപി സുന്ദറാണു ചിത്രത്തിന്റെ സംഗീതം. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. മുപ്പതോളം പുതുമുഖങ്ങളുള്ള ചിത്രം അശോകൻ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ്.