ബാലാവകാശത്തിന്റെ വൻമതിൽ

ചൈനയിലെ വൻമതിലിനു നീളം 21,196 കിലോമീറ്ററാണെന്നു ചൈനക്കാർ കണക്കു കൂട്ടുന്നു. അതുകഴിഞ്ഞാൽ ഏറ്റവും നീളമേറിയ മതിൽ കേരളത്തിലാണ്: ഇന്നലെ ഉയർന്ന നെടുനീള കേരള പെൺമതിലിനു നീളം 620 കിലോമീറ്റർ.

റെക്കോർഡ് പുസ്തകങ്ങളിൽ കേരള പെൺമതിൽ നീണ്ടുനിവർന്നു നിൽക്കുന്നതുകണ്ട് ഭാവികേരളം കോൾമയിർകൊള്ളുമ്പോൾ, നവോത്ഥാന കേരളം മതിലോളം ഉയരത്തിൽ സ്ഥാപിച്ചെടുത്ത ഒരവകാശം വിസ്മരിക്കപ്പെട്ടുപോകരുത്: മതിൽനിർമാണത്തിനുള്ള ബാലാവകാശം.

കുട്ടികളെ പെൺമതിലിൽ അണിനിരത്തിക്കൂടാ എന്നു ഹൈക്കോടതി ഉത്തരവായപ്പോൾ സംസ്ഥാന ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ തിരുത്തി: ബാലാവകാശത്തെപ്പറ്റി ഹൈക്കോടതിക്ക് എന്തറിയാം? 

മതിലായ മതിലെല്ലാം കുട്ടികളുടെ അവകാശമാകുന്നു. അണ്ണാൻകുഞ്ഞിനും തന്നാലായത് എന്ന പഴഞ്ചൊല്ലുണ്ടായതുതന്നെ കുട്ടികൾക്കും മതിൽനിർമാണത്തിൽ പങ്കു വഹിക്കാനുണ്ട് എന്നു സ്ഥാപിക്കാനാണ്. മതിൽനിർമാണം എന്നാൽ രാഷ്ട്രനിർമാണത്തിന്റെ ചെറുരൂപമാകുന്നു. മതിലിൽ ചേരുന്ന കുട്ടികളാണ് പിൽക്കാലത്ത് രാഷ്ട്രനിർമാണത്തിലും നിർമാണത്തകരാറുണ്ടാകുമ്പോൾ പുനർനിർമാണത്തിലും ഉയരങ്ങൾ കീഴടക്കി ബഹുമതികൾ നേടുന്നത്. 

രാഷ്ട്രനിർമാണം ബാലികാബാലന്മാരുടെ കടമയായതുകൊണ്ടാണ് ബാലാവകാശ കമ്മിഷൻ ചെയർമാൻ മതിലിന്റെ ബലത്തിൽ ഹൈക്കോടതിയെ തള്ളിപ്പറഞ്ഞത്. 

ചാരുശീലേ, വരികാരോമലേ എന്നു തുഞ്ചത്തെഴുത്തച്ഛൻ പാടിയത് മതിലിൽ ചാരിനിൽക്കാൻ കുട്ടികൾക്കുള്ള ആഹ്വാനമാണെന്നുകൂടി ചെയർമാൻ പറയാൻ തുടങ്ങിയെങ്കിലും മാധ്യമങ്ങൾ അതു കേൾക്കാൻ നിൽക്കാതെ സ്ഥലം വിടുകയായിരുന്നുവെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. 

സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്നു ബാലഗംഗാധര തിലകൻ‌ പറഞ്ഞതിനുശേഷം തത്തുല്യമായ മറ്റൊരു അവകാശ പ്രഖ്യാപനം നടത്താനുള്ള ചരിത്രനിയോഗമുണ്ടായത് നമ്മുടെ ബാലാവകാശ കമ്മിഷൻ അധ്യക്ഷനു മാത്രമാണ്; അതും തിലക്ജിയുടെ പ്രഖ്യാപനം കഴിഞ്ഞ് 101 വർഷത്തിനുശേഷം. 

ചരിത്രബോധം കൊടുമ്പിരിക്കൊണ്ടപ്പോൾ ബാലാവകാശ പ്രമുഖന് ഹൈക്കോടതിക്കെതിരെ വിധി പ്രഖ്യാപിക്കേണ്ടിവന്നു. നിയമനിഷേധം എന്നത് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മജി തന്നെ കയ്യൊപ്പിട്ട മഹാപ്രസ്ഥാനമാണെന്നുകൂടി ബഹു അധ്യക്ഷനവർകൾ പറയാതിരുന്നത് രാഷ്ട്രനിർമാണത്തിനു വിശദീകരണം വേണ്ട എന്ന ന്യായത്തിലാണ്.

മതിലിൽ ബലമായി ചവിട്ടിനിന്ന് കമ്മിഷൻ അധ്യക്ഷൻ വിധി പ്രഖ്യാപിച്ചപ്പോൾ ഞെട്ടിത്തരിച്ചുപോയ നീതിപീഠം പിന്നെയൊരക്ഷരം മിണ്ടിയില്ല. 

സ്വാതന്ത്ര്യസമരത്തിലെ സമ്മോഹന അധ്യായങ്ങൾക്കൊപ്പം നിൽക്കുന്ന ഈ ബാലാവകാശ പ്രഖ്യാപനത്തിന്റെയും ബഹു അധ്യക്ഷന്റെയും സ്മരണയ്ക്കായി ഒരു ശിലയോ ശിലാഫലകമോ പോരാ, ഒരു സ്മാരകമതിൽതന്നെ സ്ഥാപിക്കേണ്ടതാണ്.