ഹെൽമറ്റ് പിഴയുടെ ചക്രശാസ്ത്രം

എന്റെ തല, എന്റെ തല, എന്റെ സ്വന്തം തല എന്ന മുദ്രാവാക്യത്തിൽ വിശ്വസിക്കുന്ന ഇരുചക്ര പ്രതിഭകൾ യു.പ്രതിഭ എന്ന എംഎൽഎയോടു കടപ്പെട്ടിരിക്കുന്നു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രമോടിച്ചതിനു പിടിച്ചാൽ പൊലീസ് ഈടാക്കുന്ന പിഴയ്ക്ക് അളവുതൂക്ക നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അനുഭവസ്ഥർക്കറിയാം. പിടിക്കപ്പെടുന്നവന്റെയും പിടിക്കുന്നവന്റെയും നല്ലനേരം പോലിരിക്കും പിഴത്തൂക്കം. ചിലപ്പോൾ 300 രൂപയാവാം; മറ്റു ചിലപ്പോൾ 500. നൂറേയുള്ളു സാറേ എന്നു കരഞ്ഞാൽ ഹൃദയാലുക്കൾ തന്നിട്ടു പോടേ എന്നു സൗമനസ്യം കാട്ടിയേക്കാം. 

ഹെൽമറ്റ് ധരിക്കാത്തതിന് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയ സംഭവങ്ങളും നമ്മുടെ പെരുവഴികളിലുണ്ടായി. അതിനെതിരെ കേസും വന്നു. എന്തിന്, സൈക്കിളിൽപോയ ഉത്തർപ്രദേശുകാരൻ ഹെൽമറ്റ് ധരിച്ചില്ല എന്നു പറഞ്ഞും അമിതവേഗം ആരോപിച്ചും പിഴയിട്ടതും നമ്മുടെ കേരളത്തിലാണ്; കാസർകോട് ജില്ലയിലെ കുമ്പളയിൽ. 

സൈക്കിളിന്റെ അമിതവേഗത്തിനുള്ള പിഴ എത്രയായിരുന്നുവെന്നോ? വെറും 2000 രൂപ. താനൊരു കൂലിപ്പണിക്കാരനാണെന്ന് ആ പാവം താഴ്മയായി അറിയിച്ചപ്പോൾ പിഴ പെട്ടെന്നു കുറഞ്ഞ് 500 രൂപയായി. 

തന്നെയുമല്ല, പോകുന്ന പോക്കിൽ സൈക്കിളിന്റെ കാറ്റഴിച്ചുവിടാനും പൊലീസ് മറന്നില്ല; വേഗം കൂടരുതല്ലോ.

ഏതു മതിലിലും ഇരുചക്രവാഹനം ചാരിവയ്ക്കാൻ കഴിഞ്ഞേക്കുമെങ്കിലും വനിതാമതിലിനുശേഷം ഹെൽമറ്റ് പിഴ പിഴിയലായി മാറാൻ പറ്റില്ല. ഇവിടെയാണ് എംഎൽഎ പ്രതിഭയെ നമിക്കേണ്ടത്. വനിതാമതിൽ പ്രചാരണാർഥം ഹെൽമറ്റില്ലാതെ സ്കൂട്ടറോടിച്ച പ്രതിഭയുടെ ചിത്രം പത്രങ്ങളിൽ വന്നതോടെ പൊലീസിനു കേസെടുക്കാതിരിക്കാൻ കഴിയില്ലെന്നു വന്നു. 

പിഴ വെറും 100 രൂപ. എംഎൽഎ കൃത്യമായി പിഴയടച്ച് നിയമത്തിന്റ ഇരുചക്രയാത്ര സുഗമമാക്കി. 

പ്രിയപ്പെട്ട ഇരുചക്രവാഹന പ്രതിഭകളേ, ഹെൽമറ്റ് ഇല്ലായ്മയ്ക്ക് ഇനി എവിടെയും 100 രൂപ മാത്രമേ പിഴയിടൂ.എംഎൽഎയ്ക്കു പിഴ 100 രൂപയായതിനാൽ മറ്റുള്ളവർക്കു വേറെ പിഴ ഇനി നടപ്പില്ല. ഒരു പ്രതിഭ മൂലം പിഴയുടെ അളവുതൂക്കങ്ങൾ ഏകീകരിക്കപ്പെടുകയാണ്.

കായംകുളം എംഎൽഎ പ്രതിഭയവർകൾ അങ്ങനെ അളവുതൂക്കങ്ങളുടെ കാവൽസഖിയായിത്തീരുന്നു. കാവൽ സഖാവ് എന്ന വിശേഷണത്തിന്റെ വനിതാരൂപമാണ് കാവൽ സഖി. പറയേണ്ടത് കാവൽ പുണ്യവതി എന്നാണെങ്കിലും ഒരു സിപിഎം എംഎൽ‌എ പുണ്യവതിയാകാൻ പാർട്ടി സമ്മതിക്കില്ലല്ലോ.