മടിക്കേണ്ട, തീരുമാനിക്കൂ...

മികച്ച ബിസിനസുകാരനുള്ള പുരസ്കാരം നേടിയ വ്യക്തിയോട് ഒരാൾ ചോദിച്ചു, എന്താണ് താങ്കളുടെ വിജയത്തിനു കാരണം? ‘ഞാനെടുത്ത ശരിയായ തീരുമാനങ്ങൾ’– അയാൾ മറുപടി പറഞ്ഞു. ശരിയായ തീരുമാനങ്ങളെടുക്കാൻ പ്രചോദനമായത് എന്താണ്? ‘ജീവിതാനുഭവങ്ങൾ’. പെട്ടെന്ന് ഒരു ചോദ്യം കൂടി എത്തി – ഇത്രയും ശക്തമായ ജീവിതാനുഭവങ്ങൾ ലഭിക്കാനുള്ള കാരണം? മറുപടിയും പെട്ടെന്നായിരുന്നു – ഞാനെടുത്ത തെറ്റായ തീരുമാനങ്ങൾ!

ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അറിഞ്ഞോ അറിയാതെയോ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലമാണ്. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന ആരും ഒരു ദിവസംകൊണ്ടു പൊട്ടിമുളച്ചതല്ല. തെറ്റായ തീരുമാനങ്ങളുടെയും തിരുത്തിയെഴുതിയ വിധിവാചകങ്ങളുടെയും ഇടയിലൂടെയുള്ള തീർഥയാത്രയാണ് ഓരോ ജീവിതവും. കാത്തിരിപ്പുകൊണ്ടു പരിഹരിക്കുന്ന കാര്യങ്ങളിൽ സമയവും ക്രിയാത്മകതയും നഷ്‌ടപ്പെടും. കർമംകൊണ്ടു തീർപ്പാക്കുന്ന വിഷയങ്ങൾക്ക് സൗന്ദര്യവും സർഗശേഷിയുമുണ്ടാകും. പരിഭവങ്ങൾ പോലും, കാലപ്പഴക്കത്താൽ ഇല്ലാതാകുന്നതിനെക്കാൾ നല്ലത് അപ്പപ്പോൾ പറഞ്ഞു തീർക്കുന്നതല്ലേ.ദീർഘദൃഷ്‌ടി നല്ലതാണ്. പക്ഷേ, എല്ലാ തീരുമാനങ്ങളും ഭാവിയുടെ രൂപരേഖ തയാറാക്കി എടുക്കാനാകില്ല. എടുത്ത തീരുമാനങ്ങളുടെ തിരുത്തൽ തീരുമാനങ്ങളാകും ചിലപ്പോൾ മുതൽക്കൂട്ടാകുക. 

വാഹനമോടിക്കുന്നയാൾ എടുക്കുന്ന ഓരോ തീരുമാനവും തൽസമയ തീർപ്പാണ്; ഒരു നിമിഷം വൈകിയാൽ കഥമാറും. ഉപരിപഠന തീരുമാനം കുറച്ചുകൂടി സമയം ആവശ്യപ്പെടുന്നു. എന്നാൽ, ആലോചനയ്‌ക്കും തിരഞ്ഞെടുപ്പിനും അവിടെയും കാലപരിധിയുണ്ട്. വൈകിയെടുത്ത തീരുമാനങ്ങൾ ജീവനും ജീവിതത്തിനും വില പറയും. 

തെറ്റുവരുത്താതെ പഠിച്ച എന്തു കാര്യമാണു ജീവിതത്തിലുള്ളത്? നടക്കാൻ പഠിച്ചപ്പോൾ വീഴാനും പഠിച്ചു; വീണപ്പോൾ നടക്കാനും. തെറ്റായ തീരുമാനമെടുത്തവർ തിരുത്താനും പഠിക്കും.