മെയ്ക് ഇൻ ഇന്ത്യ: പ്രതിരോധ മേഖലയിൽ 1.78 ലക്ഷം കോടിയുടെ പദ്ധതികൾ

ന്യൂഡൽഹി∙ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2015 – 18 കാലയളവിൽ പ്രതിരോധ മേഖലയിൽ കേന്ദ്രം അംഗീകാരം നൽകിയത് 111 പദ്ധതികൾക്ക്. ആകെ 1.78 ലക്ഷം കോടി രൂപയുടെ പദ്ധതികളാണിവ. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ സാമഗ്രികൾ ഇന്ത്യയിൽ നിർമിക്കുന്നതിന് ഊന്നൽ നൽകുമെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് യുദ്ധവിമാനത്തിന്റെ നിർമാണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ പുരോഗമിക്കുകയാണെന്നു പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ പറഞ്ഞു. വ്യോമസേന ആവശ്യപ്പെട്ട 16 തേജസ് വിമാനങ്ങളിൽ 10 എണ്ണം ലഭ്യമാക്കി. ബാക്കി ആറെണ്ണം മാർച്ചിൽ തയാറാകുമെന്നും മന്ത്രി അറിയിച്ചു.

ആണവകേന്ദ്ര പട്ടിക ഇന്ത്യയും പാക്കിസ്ഥാനും കൈമാറി

ന്യൂഡൽഹി∙ ഉഭയകക്ഷി ധാരണയനുസരിച്ച്, ആണവ കേന്ദ്രങ്ങളുടെ പട്ടിക ഇന്ത്യയും പാക്കിസ്ഥാനും കൈമാറി. ഇരു രാജ്യങ്ങളും ജയിലിലുള്ളവരുടെ പട്ടികയും പരസ്പരം കൈമാറി. ഇന്ത്യയിൽ 347 പാക്കിസ്ഥാൻകാർ തടവുപുള്ളികളായുണ്ട്, പാക്കിസ്ഥാനിൽ 537 ഇന്ത്യക്കാരും. ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതു തടയുന്നതിന് 1988 ഡിസംബർ 31ന് ഒപ്പിട്ട ധാരണപ്രകാരമാണ് ഇരു രാജ്യങ്ങളും കേന്ദ്രങ്ങളുടെ പട്ടിക കൈമാറുന്നത്.