ബഹളം: രാജ്യസഭയ്ക്ക് മുത്തലാഖ് ബിൽ പരിഗണിക്കാനായില്ല

ന്യൂഡൽഹി ∙ മുത്തലാഖ് ബിൽ രാജ്യസഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, അണ്ണാഡിഎംകെ, ഡിഎംകെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനാൽ നടപടികൾ സാധ്യമായില്ല. അണ്ണാഡിഎംകെയുടെ 10 അംഗങ്ങളും ഡിഎംകെയുടെ 4 പേരും സഭയിൽ നിന്നു പുറത്തുപോകണമെന്ന് അധ്യക്ഷൻ റൂളിങ് നൽകിയെങ്കിലും നടപ്പായില്ല.

കാവേരി വിഷയത്തിലാണ് അണ്ണാഡിഎംകെ, ഡിഎംകെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ഒരുമിച്ചു മുദ്രാവാക്യം വിളിച്ചത്. 14 പേർ സഭയിൽ നിന്നു പുറത്തുപോകണമെന്ന റൂളിങ് പാലിക്കണമെന്ന് ഇടയ്ക്കു നിർത്തിവച്ച സഭ പിന്നീടു ചേർന്നപ്പോൾ ഉപാധ്യക്ഷൻ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സഭാനടപടികൾ അവസാനിപ്പിച്ചു.