ബംഗാളിൽ സിപിഎം–കോൺഗ്രസ് ധാരണയ്ക്കു ചർച്ച സജീവം; രാഹുൽ–യച്ചൂരി കൂടിക്കാഴ്ച ഈ മാസം

കൊൽക്കത്ത ∙ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎം – കോൺഗ്രസ് സീറ്റ് ധാരണയ്ക്കുള്ള നീക്കങ്ങൾ സജീവം. സിപിഎമ്മുമായി കൂട്ടുകൂടുന്നതിനോടു സംസ്ഥാന കോൺഗ്രസിനുള്ളിൽ അഭിപ്രായ ഐക്യമാകാത്ത സാഹചര്യത്തിൽ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വിട്ടു. സംസ്ഥാന നേതാക്കളുടെ യോഗം ഈ മാസം ചേരുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയും ഈ മാസം തന്നെ നടക്കും. ചില സംസ്ഥാന നേതാക്കൾ സിപിഎം നേതാക്കളുമായി അനൗപചാരിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിൽ 18–20 സീറ്റുകളിൽ മൽസരിക്കുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. ബാക്കി സീറ്റുകൾ ഇടതുമുന്നണിക്കും. നിലവിൽ കോൺഗ്രസിനു 4 എംപിമാരുണ്ട്. തൃണമൂലിനു 34 എംപിമാരും. സിപിഎമ്മിനും ബിജെപിക്കും 2 വീതം. ഈയിടെ കൊൽക്കത്തയിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞതു ബിജെപി, തൃണമൂൽ വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനു ശ്രമിക്കുമെന്നാണ്. കഴിഞ്ഞമാസം പിസിസി അധ്യക്ഷൻ സോമൻ മിത്ര, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗൗരവ് ഗൊഗോയി എന്നിവരുമായി രാഹുൽ ചർച്ച നടത്തിയിരുന്നു.

സംഘടനാ സംവിധാനം ശക്തമാക്കാനാണു രാഹുൽ പ്രധാനമായും ആവശ്യപ്പെട്ടത്. യച്ചൂരിയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പു ധാരണ സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഇരുപാർട്ടിയിലെയും സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. കോൺഗ്രസുമായി ധാരണയുണ്ടാക്കുമ്പോൾ ഇടതു ഘടകകക്ഷികളായ ഫോർവേഡ് ബ്ലോക്ക്, സിപിഐ, ആർഎസ്പി എന്നിവരെയും സിപിഎം സമാധാനിപ്പിച്ചു കൂടെ നിർത്തേണ്ടിവരും. ഒരിക്കൽ സിപിഎം കോട്ടയായിരുന്ന സംസ്ഥാനമാണു ബംഗാൾ.

ഇപ്പോഴും ‌‌‌സംസ്ഥാനമെങ്ങും വേരുകളുണ്ടെങ്കിലും തൃണമൂൺ കോൺഗ്രസിനോടു പോരാടാൻ ശക്തിയില്ലാതെ അവസ്ഥയിലാണ്. പൂർണമായി അവഗണിക്കുന്ന തൃണമൂലിനോട് അടുക്കുന്നതിലും നല്ലതു സിപിഎമ്മാണ് എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.