അയോധ്യ ഭൂമിതർക്ക കേസ് വാദം: സുപ്രീം കോടതി തീരുമാനം ഇന്നുണ്ടായേക്കും

ഡൽഹി ∙ രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ എന്നു വാദം തുടങ്ങുമെന്ന് സുപ്രീം കോടതി ഇന്നു വ്യക്തമാക്കിയേക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്. എന്നു മുതൽ വാദം തുടങ്ങുമെന്നും ഏതു ബെഞ്ച് ആണെന്നും ജനുവരി ആദ്യവാരം തീരുമാനിക്കുമെന്ന് കോടതി കഴിഞ്ഞ ഒക്ടോബർ 29ന് അറിയിച്ചിരുന്നു. കേസ് വേഗത്തിൽ തീർപ്പാക്കാൻ സർക്കാർപക്ഷത്തു നിന്ന് പരസ്യപ്രസ്താവനകളിലൂടെ സമ്മർദമുണ്ട്.

കോടതി നടപടികൾ പൂർത്തിയായശേഷം സർക്കാർ അതിന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് ക്ഷേത്ര നിർമാണ ഓർഡിനൻസ് ഇറക്കുമോയെന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മറുപടി നൽകിയത്. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു നൽകിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്.