വിജയ് മല്യ പിടികിട്ടാപ്പുള്ളി; സ്വത്ത് പിടിച്ചെടുക്കാൻ‍ കേന്ദ്രത്തിന് അധികാരം

മുംബൈ∙ സാമ്പത്തികത്തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവർക്കെതിരെ ഓഗസ്റ്റിൽ നിലവിൽ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് (എഫ്ഇഒ) നിയമപ്രകാരമാണു നടപടി. ഈ നിയമം ചുമത്തപ്പെടുന്ന ആദ്യ വ്യക്തി.  

ഇതോടെ, മല്യയുടെ ഇന്ത്യയിലെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ഇനി കേന്ദ്രസർക്കാരിനാകും. ഇതു സംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അപേക്ഷ ഫെബ്രുവരി അഞ്ചിനു പരിഗണിക്കുമെന്നു ജഡ്ജി എം.എസ്. ആസ്മി അറിയിച്ചു. 

വായ്പാ കുടിശികയായ 9400 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ യുകെ കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് കുരുക്കു മുറുക്കി അടുത്ത നടപടി. 

ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹൈക്കോടതിയിൽ പോകാൻ സാവകാശം നൽകണമെന്നും മല്യയുടെ അഭിഭാഷകർ അഭ്യർഥിച്ചെങ്കിലും  എഫ്ഇഒ നിയമപ്രകാരമുള്ള സ്വന്തം ഉത്തരവ് തടയാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ജഡ്ജി തള്ളി. 

ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനാലും യുകെ കോടതി വിധിക്കെതിരെ അവിടെ ഉന്നതകോടതിയെ സമീപിക്കാനാണു മല്യയുടെ നീക്കമെന്നു മനസ്സിലായതിനാലും എഫ്ഇഒ ചുമത്തണമെന്നായിരുന്നു ഇഡി അപേക്ഷ. 

ഉടൻ മടക്കമില്ല: നീരവ്

∙ ഇന്ത്യയിലേക്ക് ഉടൻ തിരികെയെത്താൻ പദ്ധതിയില്ലെന്നു പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദി. സുരക്ഷസംബന്ധിച്ച് ആശങ്കയുണ്ടെന്നാണു വിശദീകരണം. മല്യയ്ക്കെതിരെ നടപടിയെടുത്ത അതേ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. നീരവിനും കൂട്ടുപ്രതിയും ബന്ധുവുമായ മെഹുൽ ചോക്സിക്കുമെതിരെ എഫ്ഇഒ ചുമത്തണമെന്ന ഇഡി അപേക്ഷ പരിഗണിക്കുമ്പോഴാണു മറുപടി. 13,000 കോടിയുടെ വായ്പ തട്ടിപ്പ് കേസിലാണിത്.