ശസ്ത്രക്രിയയ്ക്കു 30 ദിവസം മുൻപുള്ള പരിശോധനയ്ക്കും ഇൻഷുറൻസ്: കോടതി

മുംബൈ∙ ശസ്ത്രക്രിയയ്ക്കു 30 ദിവസം മുൻപുള്ള പരിശോധനാ ചെലവുകൾക്കും മെഡിക്കൽ ഇൻഷുറൻസ് ബാധകമാണെന്ന് മുംബൈ ഉപഭോക്തൃ കോടതി. എംആർഐ സ്‌കാനിന്റെ ചെലവ് നൽകാൻ വിസമ്മതിച്ച ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിക്കെതിരെ ഡോംബിവ്‌ലി സ്വദേശി നൽകിയ പരാതിയിലാണു വിധി. 

മകന്റെ കാൽമുട്ട് ശസ്ത്രക്രിയയുടെ ചെലവിനത്തിൽ 58,000 രൂപയായിരുന്നു ഇയാൾ ക്ലെയിം ചെയ്തത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് 30 ദിവസം മുൻപ് ചെയ്ത പരിശോധനകളുടെ ചെലവു നൽകാൻ പറ്റില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്. ക്ലെയിം ചെയ്ത മുഴുവൻ തുകയും 35,000 രൂപ നഷ്ടപരിഹാരവും നൽകാനാണ് ഉപഭോക്തൃകോടതിയുടെ ഉത്തരവ്.

ശസ്ത്രക്രിയ നിർദേശിച്ച ഡോക്ടറുടെ നിർദേശപ്രകാരമാണ് എംആർഐ സ്‌കാൻ ചെയ്തത്. ഈ സാഹചര്യത്തിൽ സമയപരിധി ചൂണ്ടിക്കാട്ടി ക്ലെയിം തള്ളിക്കളയാൻ കഴിയില്ല-കോടതി ചൂണ്ടിക്കാട്ടി.