കശ്മീരിലെ ഐഎഎസ് ഒന്നാം റാങ്കുകാരൻ ഷാ ഫൈസൽ രാജിവച്ചു; രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ശ്രീനഗർ∙ 2010 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയനായ കശ്മീരിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ രാജിവച്ചു. കശ്മീരിൽ ഭരണകൂടം യുവാക്കളെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധിച്ചും ജനങ്ങളോട് ആത്മാർഥയില്ലാത്ത നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ആരോപിച്ചുമാണ് രാജിയെങ്കിലും അദ്ദേഹം നാഷനൽ കോൺഫറൻസിൽ ചേർന്ന് രാഷ്ട്രീയത്തിലിറങ്ങുമെന്നു കരുതുന്നു.

കേന്ദ്രസർക്കാർ, രാജ്യത്തെ 20 കോടി മുസ്‍ലിംകളെ അവഗണിക്കുകയും രണ്ടാംകിട പൗരന്മാരായി കാണുകയും ചെയ്യുകയാണെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ ഫൈസൽ ആരോപിച്ചു. സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുന്നവർക്കു പരിശീലനം നൽകുകയാണ് ഇനി തന്റെ ദൗത്യമെന്ന് പറയുന്നു. 

വിദേശത്ത് പരിശീലനം കഴിഞ്ഞ് ഈയിടെ തിരിച്ചെത്തിയ ഫൈസലിന് പുതിയ നിയമനം നൽകിയിരുന്നില്ല. നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്നു.

രാജിവാർത്ത പുറത്തുവന്നതും ഫൈസലിനെ രാഷ്ട്രീയത്തിലേക്കു ക്ഷണിക്കുന്നതായി നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. നാളെ ഭാവിപരിപാടികൾ പ്രഖ്യാപിക്കാൻ ഫൈസൽ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

ഏപ്രിലിൽ ഗുജറാത്തിലെ മാനഭംഗ വാർത്തയെക്കുറിച്ച് ട്വിറ്ററിൽ നടത്തിയ പ്രതികരണത്തിന്റെ പേരിൽ ഫൈസലിനു കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിനെ പരിഹസിച്ചു ‘മേലധികാരിയിൽ നിന്നു പ്രണയലേഖനം ലഭിച്ചു’ എന്നു ട്വിറ്ററിൽ എഴുതിയതും വിവാദമായി.

ഭീകര സംഘാംഗമായിരുന്ന ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഉയർന്ന മാധ്യമ വിചാരണകളിൽ തന്നെ വലിച്ചിഴയ്ക്കുന്നതു നിർത്തുന്നില്ലെങ്കിൽ ജോലി രാജിവയ്ക്കുമെന്നു പറഞ്ഞതും വിവാദമായിരുന്നു. കശ്മീരിൽനിന്ന് ഐഎഎസ് ഒന്നാം റാങ്ക് നേടുന്ന ആദ്യ ആളാണ്.