ആലോകിനെ ലക്ഷ്യമിട്ടു; അസ്താനയ്ക്ക് കൊണ്ടു: ഉന്നതാധികാരസമിതിക്കും തിരിച്ചടിയായി കോടതി വിധി

ന്യൂഡൽഹി ∙ സിബിഐ മുൻ ഡയറക്ടർ ആലോക് വർമയ്ക്കെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണം മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ ഹൈക്കോടതി വിധിയുടെ രൂപത്തിൽ തിരിഞ്ഞുകൊത്തി. ആലോക് വർമയെ പുറത്താക്കാൻ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിക്കും ഹൈക്കോടതി വിധി പരോക്ഷമായി തിരിച്ചടിയാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിലുൾപ്പെട്ട വ്യവസായി സതീഷ് ബാബു സനയിൽ നിന്ന് 2 കോടി രൂപ വർമ കൈക്കൂലി വാങ്ങിയെന്നാണ് അസ്താന പരാതിപ്പെട്ടത്. കാബിനറ്റ് സെക്രട്ടറി, കേന്ദ്ര വിജിലൻസ് കമ്മിഷനു (സിവിസി) കൈമാറിയ പരാതിയിലെ പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു ഇത്. കൈക്കൂലി വാങ്ങിയതിനു തെളിവില്ലെങ്കിലും സാഹചര്യത്തെളിവുകൾ പരിശോധിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സിവിസി വിലയിരുത്തി. കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതി പരിഗണിച്ച റിപ്പോർട്ടിൽ ആലോക് വർമയ്ക്കെതിരെയുള്ള ഒന്നാമത്തെ ആരോപണവും ഈ കൈക്കൂലിക്കേസായിരുന്നു. എന്നാൽ, തന്നോട് 3 കോടി രൂപ അസ്താനയും കൂട്ടാളികളും കൈക്കൂലി വാങ്ങിയെന്ന സനയുടെ പരാതിയിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ പറ്റില്ലെന്നാണ് ഇന്നലെ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ആലോക് വർമ തീരുമാനിച്ചത് ദുരുദ്ദേശ്യപരമായിരുന്നുവെന്ന് അസ്താന ആരോപിച്ചിരുന്നു. 

എന്നാൽ, ഈ ആരോപണത്തിൽ കഴമ്പില്ലെന്നു മാത്രമല്ല, അസ്താനയ്ക്കെതിരെയുള്ള ആരോപണം ഈ ഘട്ടത്തിൽ തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തേയുള്ള അന്വേഷണ ഉദ്യോഗസ്ഥനു പകരമായി സനയുടെ മൊഴിയെടുക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയ വർമയുടെ തീരുമാനവും തെറ്റല്ലെന്നു കോടതി വിധിച്ചു. 

മുതിർന്ന ഉദ്യോഗസ്ഥരാണെന്നും തങ്ങളുടെ സംശുദ്ധി സംശയിക്കാൻ പാടില്ലെന്നുമാണ് അസ്താനയും കൂട്ടുപ്രതിയായ ദേവേന്ദ്ര കുമാറും വാദിച്ചത്. 

സനയ്ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണുള്ളതാണ് തങ്ങൾക്കെതിരായ കേസെന്നും അസ്താനയും മറ്റും വാദിച്ചു. ഇതേസമയം, അസ്താനയും കൂട്ടാളികളും ആവശ്യപ്പെട്ടത് 5 കോടിയാണെന്നും 3 കോടി നൽകിയെന്നും ബാക്കി തുകയ്ക്കായി ഇടനിലക്കാർ ശല്യപ്പെടുത്തുന്നുവെന്നുമാണ് സന ആരോപിച്ചത്. നിയമം വ്യക്തികളുടെ താൽപര്യം സംരക്ഷിക്കാനുള്ളതല്ലെന്നും നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നിതിൻ വകാങ്കർ പുതി‌യ വക്താവ്

ന്യൂഡൽഹി∙ ആലോക് വർമ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; ഏജൻസിയുടെ പുതിയ ചീഫ് ഇൻഫർമേഷൻ ഓഫിസറും വക്താവുമായി നിതിൻ വകാങ്കറെ നിയമിച്ചു. ഇതുവരെ ഈ ചുമതല വഹിച്ചിരുന്ന അഭിഷേക് ദയാലിനെ പ്രസിദ്ധീകരണ വിഭാഗത്തിലേക്കാണു നാഗേശ്വർ റാവു സ്ഥലം മാറ്റിയത്. ആലോക് –അസ്താന ആഭ്യന്തരയുദ്ധം തുടർക്കഥയായപ്പോൾ ഇൻഫർമേഷൻ ഓഫിസറായി മിതത്വം പാലിച്ചുള്ള ശ്രദ്ധാപൂർവ ഇടപെടലുകളായിരുന്നു ദയാലിന്റേത്. ജോയിന്റ് ഡയറക്ടർ തലത്തിലുള്ള നാല് ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റമുണ്ട്.