‘ഭരണകൂടം സിബിഐയെ തകർക്കുന്നതിന്റെ ദൃഷ്ടാന്തം’; ഗുരുതര ആരോപണങ്ങളുമായി ആലോക് വർമയുടെ കത്ത്

ന്യൂഡൽഹി ∙ സർവീസ് അവസാനിപ്പിക്കുന്നത് അറിയിച്ച് കേന്ദ്രസർക്കാരിനു നൽകിയ കത്തിൽ ഗുരുതര ആരോപണങ്ങളാണ് ആലോക് വർമ ഉന്നയിച്ചത്.

കത്തിന്റെ പ്രസക്തഭാഗങ്ങൾ: ‘തീരുമാനമെടുക്കും മുൻപ്, കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വിശദീകരണം നൽകാൻ സിലക്‌ഷൻ കമ്മിറ്റി എനിക്ക് അവസരം നൽകിയില്ല. സ്വാഭാവിക നീതി നിഷേധിച്ചു, എന്നെ സിബിഐ ഡയറക്ടർ പദവിയിൽനിന്ന് പുറത്താക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടിക്രമം അപ്പാടെ അട്ടിമറിച്ചു. 

നിലവിൽ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എനിക്കെതിരായ സിവിസി റിപ്പോർട്ട് എന്നതുപോലും സിലക്‌ഷൻ കമ്മിറ്റി പരിഗണിച്ചില്ല. പരാതിക്കാരന്റെ മൊഴി അന്വേഷണ റിപ്പോർട്ട് എന്നു തോന്നും വിധം നൽകുകയാണു സിവിസി ചെയ്തത്. 

എനിക്കെതിരായ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് എ.കെ. പട്നായിക്കിനു മുന്നിൽ പരാതിക്കാരൻ ഹാജരായിട്ടില്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും അനുമാനങ്ങളും തന്റേതല്ലെന്നു ജസ്റ്റിസ് പട്നായിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ ശക്തവും ദൃശ്യവുമായ ചിഹ്നങ്ങളാണ്.

 സിബിഐ ഇന്ന് ഇന്ത്യയിലെ സുപ്രധാന സ്ഥാപനങ്ങളിലൊന്നാണെന്നു പറയുന്നത് അതിശയോക്തിയല്ല. കഴിഞ്ഞ ദിവസത്തെ തീരുമാനങ്ങൾ എന്റെ പ്രവർത്തനങ്ങളോടുള്ള പ്രതികരണം മാത്രമല്ല, സിവിസിയെ ഉപയോഗിച്ച് ഭരണകൂടം സിബിഐയെ എങ്ങനെയാണു തകർക്കുന്നതെന്നതിന് ദൃഷ്ടാന്തവുമാവും. സിവിസിയെ നിയമിക്കുന്നതും സർക്കാരിലെ ഭൂരിപക്ഷം പേരാണ്. ഇത് കൂട്ടായ ആത്മപരിശോധനയ്ക്കുള്ള സമയാണ്, സർക്കാരിനെങ്കിലും.’

ഫലത്തിൽ രാജി തന്നെ

ന്യൂഡൽഹി∙ സുപ്രീം കോടതി വിധി പ്രകാരം സിബിഐ മേധാവിയായി തിരിച്ചെത്തി 48 മണിക്കൂറിനകം വീണ്ടും പുറത്താക്കപ്പെട്ടതോടെ ആലോക് വർമ ഇന്നലെ ഔദ്യോഗിക സേവനം അവസാനിപ്പിച്ചു. ‘രാജി’ എന്ന വാക്ക് ഉപയോഗിക്കാതെ കേന്ദ്ര സർവീസിന്റെ പടിയിറങ്ങിയ ആലോക് വർമ, കേന്ദ്ര പഴ്സനേൽ വകുപ്പ് സെക്രട്ടറിക്കു നൽകിയ കത്തിൽ തന്റെ തീരുമാനം വിശദീകരിക്കുന്നത് ഇങ്ങനെ:

‘കേന്ദ്ര സർക്കാർ സർവീസിൽ 2017 ജൂലൈ 31വരെയായിരുന്നു കാലാവധി. സിബിഐ ഡയറക്ടറായി 2017 ഫെബ്രുവരി ഒന്നിനു നിയമിക്കപ്പെട്ടതാടെ സർവീസ് കാലാവധി 2019 ജനുവരി 31 വരെ ദീർഘിപ്പിച്ചു (സിബിഐ മേധാവിക്ക് 2 വർഷം കാലാവധി). ഈ പദവി പോയതോടെ, സ്വാഭാവികമായും സർവീസ് അവസാനിച്ചുവല്ലോ.’ തനിക്കു നൽകിയ പുതിയ പദവിക്കുള്ള പ്രായപരിധി (60 വയസ്സ്) പിന്നിട്ടെന്നും ആലോക് വർമ വ്യക്തമാക്കി.  

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി തന്റെ ഭാഗം കേൾക്കാതെ സ്വാഭാവിക നീതി നിഷേധിച്ചെന്ന് കത്തിൽ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി എ.കെ. സിക്രി, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരുൾപ്പെട്ട സമിതിയാണ് വർമയെ പുറത്താക്കിയത്. ഇതിൽ, ഖർഗെ തീരുമാനത്തോട് യോജിച്ചില്ലെന്നു മാത്രമല്ല, ശക്തമായി വിമർശിക്കുകയും ചെയ്തു.