രാഹുൽ ഗാന്ധി യുഎഇയിൽ

ദുബായ് ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടു നാലിനു നടക്കുന്ന സാംസ്കാരികോൽസവത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും. പ്രവാസി ഇന്ത്യൻ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ചെയർമാൻ സാം പിത്രോദ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും പ്രസംഗിക്കും.

നാളെ രാഹുൽ അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകളുമായി ചർച്ച നടത്തും. ദുബായിൽ വിദ്യാർഥികളുമായും ലേബർ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും.  കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുൽ ഗാന്ധി യുഎഇയിൽ എത്തുന്നത്. സന്ദർശനം വിജയകരമാക്കാൻ കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗും സജീവമായി രംഗത്തുണ്ട്.