ഐഎസ് മാതൃകയിലുള്ള ഭീകരസംഘടന: ഒരാൾ കൂടി പിടിയിൽ

ന്യൂഡൽഹി∙ ഡൽഹിയിലും മറ്റും ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്ന സംഘത്തിലെ ഒരാൾ കൂടി ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിൽ. 

ഉത്തർപ്രദേശിലെ മീററ്റിലുള്ള ജസോറ സ്വദേശി മുഹമ്മദ് അബ്സറാണ് (24) ഗാസിയാബാദിലെ ഹപുരിൽ നിന്ന് അറസ്റ്റിലായത്. ഇതോടെ സംഘത്തിലെ 12 പേർ അറസ്റ്റിലായി.

ഐഎസ് ഭീകരസംഘടനയുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായ ഇവർ ഹർക്കത്തുൽ ഹർബെ ഇസ്‌ലാം എന്ന സംഘടന രൂപീകരിച്ച് ഉത്തരേന്ത്യയിൽ രാഷ്ട്രീയ നേതാക്കളെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ചാവേർ ആക്രമണവും മറ്റും നടത്താൻ ഗൂഢാലോചന നടത്തിവരുകയായിരുന്നു. 

ഇതിനായി അബ്സർ മറ്റൊരു പ്രതി ഇഫ്തിക്കർ സാഖിബുമായി കശ്മീരിൽ മൂന്നിടത്ത് സന്ദർശനം നടത്തിയിരുന്നു.

നേരത്തേ നടത്തിയ റെയ്ഡിൽ റോക്കറ്റ് വിക്ഷേപിണി, ചാവേർ ആക്രമണ സാമഗ്രികൾ, ടൈംബോബുകൾക്കുള്ള 112 അലാം ക്ലോക്കുകൾ, 25 കിലോ സ്ഫോടകവസ്തുക്കൾ, സ്റ്റീൽ കണ്ടയിനറുകൾ, 91 മൊബൈൽ ഫോണുകൾ, 134 സിം കാർഡുകൾ, 3 ലാപ്ടോപ്പുകൾ, ഐഎസ് ലഘുലേഖകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. 

വിദൂര നിയന്ത്രിത സ്ഫോടനങ്ങൾ നടത്തുന്നതിനായി റിമോട്ട് കൺട്രോൾ കാറുകൾ, വയർലെസ് ഡോർ ബെല്ലുകൾ എന്നിവ ഇവർ വാങ്ങിയതായി സംശയിക്കുന്നു.