വീണ്ടും റിസോർട്ട് രാഷ്ട്രീയം; കർണാടക രാഷ്ട്രീയം ഒരിക്കൽക്കൂടി ദേശീയ ശ്രദ്ധയിലേക്ക്

ബെംഗളൂരു/ ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൂറുമാറ്റവും റിസോർട്ട് രാഷ്ട്രീയവുമായി കർണാടക രാഷ്ട്രീയം ഒരിക്കൽക്കൂടി ദേശീയ ശ്രദ്ധയിലേക്ക്. കോൺഗ്രസിലെ ഏഴ് എംഎൽഎമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷൻ താമര’യ്ക്ക്  നീക്കമെന്ന അഭ്യൂഹങ്ങൾക്കിടെ സ്വന്തം പക്ഷത്ത് ചോർച്ചയുണ്ടാകാതിരിക്കാൻ ബിജെപി പാർട്ടി എംഎൽഎമാരെ കൂട്ടത്തോടെ ഡൽഹിയിലെത്തിച്ചു. ബിജെപിയുടെ 104 എംഎൽഎമാരിൽ 102 പേരും തലസ്ഥാനത്തുണ്ട്. ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി.

ബിജെപിയല്ല, കോൺഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎൽഎമാരെ സുരക്ഷിതമായി ഡൽഹിയിൽ പാർപ്പിക്കുമെന്നും ഇവർക്കൊപ്പമുള്ള പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. ഇതിനിടെ, മുംബൈയിലേക്കു പോയ തങ്ങളുടെ 3 എം‌എൽഎമാരെ തിരികെയെത്തിക്കാൻ മന്ത്രി ഡി.കെ. ശിവകുമാറിനെ മും‌ബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. ഭരണപക്ഷ എംഎൽഎമാരെ കൂടെ നിർത്താൻ മുഖ്യമന്ത്രി കുമാരസ്വാമി തന്നെ രംഗത്തുള്ളതു കോൺഗ്രസി‌ന് ആശ്വാസമാണ്.

മന്ത്രിസഭാ പുനസംഘടനയുടെ പേരിൽ അതൃപ്തരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീൽ എന്നിവർ ബിജെപിയുമായി ചർച്ചയിലാണെന്നാണ് കോൺഗ്രസ് സംശയിക്കുന്നത്. എന്നാൽ സർക്കാർ സുരക്ഷിതമാണെന്നും തന്റെ അറിവോടെയാണ് മൂന്ന് കോൺഗ്രസ് എംഎൽഎമാർ മുബൈയിലേക്കു പോയെതെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

13 ഭരണകക്ഷി എംഎൽഎമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാൻ ബിജെപിക്ക് സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ. 

∙ 'ജനതാദൾ എസിനെ മൂന്നാംകിട പൗരന്മാരെപോലെ പരിഗണിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണം. കൂറച്ചുകൂടി മാന്യത ദളിനു നൽകണം. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ ചില ‘കൊടുക്കൽ വാങ്ങൽ’ വേണ്ടിവരും.' - കുമാരസ്വാമി, കർണാടക മുഖ്യമന്ത്രി