വൈഎംസിഎ : ജനറൽ സെക്രട്ടറിയെ മാറ്റിയത് ശരിവച്ചു

ന്യൂഡൽഹി ∙ വൈഎംസിഎ ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്.ആർ.പി. മണികുമാറിനെ അന്വേഷണ വിധേയമായി മാറ്റി നിർത്തിയ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചു. വ്യാജരേഖ ചമയ്ക്കൽ, അഴിമതി, തിരഞ്ഞെടുപ്പു നടപടികളിൽ കൃത്രിമത്വം തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു മണികുമാറിനെതിരെ പുതിയ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി നടപടി സ്വീകരിച്ചത്. ദേശീയ പ്രസിഡന്റിന്റെ തീരുമാനം പരിഗണിച്ച ജസ്റ്റിസ് പ്രതിഭാ സിങ്ങാണു നടപടി ശരിവച്ചത്.

23,24 തീയതികളിൽ കോടതി നിയമിച്ച കമ്മിണറുടെ സാന്നിധ്യത്തിൽ ഓഫിസ് ചുമതല കൈമാറണമെന്നു മണികുമാറിനു നിർദേശം നൽകി. പുതുതായി ചുതലയേറ്റ ഭാരവാഹികൾക്കു ഫെബ്രുവരി ഒന്നിനു ദേശീയ ബോർഡ് യോഗം കൂടി തുടർ നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. വൈഎംസിഎ ദേശീയ നിർവാഹക സമിതി റിപ്പോർട്ട് തിരുത്തിയതുൾപ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു മണികുമാറിനെതിരെ നടപടി സ്വീകരിച്ചത്. പുതിയ പ്രസിഡന്റിന്റെ തീരുമാനങ്ങൾ കോടതിയുടെ തീരുമാനത്തിനു വിധേയമായിരിക്കുമെന്നുള്ള മുൻ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു വിഷയം ഹൈക്കോടതി പരിഗണിച്ചത്.