7 കൊടിമുടികളും 7 അഗ്നിപർവതങ്ങളും കാൽക്കീഴിലാക്കി സത്യരൂപ്

കൊൽക്കത്ത ∙ 7 ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയും അഗ്നിപർവതവും കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാളെന്ന ബഹുമതി ഇന്ത്യക്കാരന്. ദക്ഷിണ കൊൽക്കത്ത സ്വദേശിയും ബെംഗളൂരുവിൽ ഐടി എൻജിനീയറുമായ സത്യരൂപ് സിദാന്റയാണ് ഈ നേട്ടം കൈവരിച്ചത്. ഓസ്ട്രേലിയക്കാരനായ ഡാനിയേൽ ബുള്ളിന്റെ പേരിലുള്ള റെക്കോർഡാണ് സത്യരൂപ് മറികടന്നത്.

36 വയസ്സും 157 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഡാനിയേലിന്റെ നേട്ടം. 35 വയസ്സും 262 ദിവസവുമാണ് സത്യരൂപിന്റെ പ്രായം. അന്റാർട്ടിക്കയിലെ ഉയരംകൂടിയ അഗ്നിപർവതമായ സിഡ്‌ലിയുടെ മുകളിൽ ഇന്നലെ എത്തിയതോടെയാണു റെക്കോർഡ് പിറന്നത്. ഉയരം കൂടിയ കൊടിമുടികളിൽ ഏഴാമത്തേത് ഡിസംബർ 15നു സത്യരൂപ് കീഴടക്കിയിരുന്നു.

ഉയരം കൂടിയ കൊടുമുടികൾ. ബ്രാക്കറ്റിൽ രാജ്യം, ഉയരം മീറ്ററിൽ എന്നിവ:

1. എവറസ്റ്റ് (നേപ്പാൾ, 8848)

2. അകോൻകാഗ്വ (അർജന്റീന, 6961)

3. ഡെനാലി (യുഎസ്, 6194)

4. കിളിമഞ്ചാരോ (ടാൻസാനിയ, 5895)

5. എൽബ്രസ് (റഷ്യ, 5642)

6. വിൻസൻ മാസിഫ് (അന്റാർട്ടിക, 4892)

7. കോസ്യൂസ്കോ (ഓസ്ട്രേലിയ, 2228)

ഉയരം കൂടിയ അഗ്നിപർവതങ്ങൾ

1. ഒജോസ് ഡെൽ സലാഡോ (ചിലെ, 6893)

2. കിളിമഞ്ചാരോ

3. എൽബ്രസ്

4. പികോ ഡെ ഒരീസാബോ (മെക്സിക്കോ, 5636)

5. ദമാവാന്ത് (ഇറാൻ, 5610)

6. ഗിലൂവെ (പാപുവ ന്യൂഗിനി, 4368)

7. സിഡ്‌ലി (അന്റാർട്ടിക, 4285)