റഫാൽ: വിലയേക്കാൾ പ്രശ്നം വിമാനങ്ങളുടെ എണ്ണം കുറച്ചത്; സേനയുടെ നവീകരണത്തിനു തടസ്സം

ന്യൂഡൽഹി ∙ വ്യോമസേന ആവശ്യപ്പെട്ട 126 റഫാൽ വിമാനങ്ങൾക്കു പകരം 36 എണ്ണം വാങ്ങാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചതാണ് ഓരോ വിമാനത്തിന്റെയും വില 41 % ഉയരാൻ കാരണമെന്ന ആരോപണം നേരത്തേതന്നെ ഉയർന്നിരുന്നു. എന്നാൽ വിലയേക്കാൾ പ്രശ്നമായി വ്യോമസേന കാണുന്നത് മറ്റൊന്നാണ്– വെറും 36 വിമാനങ്ങൾ മാത്രം ലഭിക്കുന്നതിലൂടെയുള്ള വിഭവപരിമിതി. പുതിയ വിമാനം ഏതു വാങ്ങിയാലും അതു വിവിധോദ്ദേശ്യ (മൾട്ടി റോൾ) വിമാനമായിരിക്കണമെന്നും നിലവിലെ വിവിധ മോഡലുകൾ മാറ്റി വ്യോമസേനയുടെ ലോജിസ്റ്റിക്സ് ഭാരം കുറയ്ക്കണമെന്നും രണ്ടു ദശകം മുൻപേ സേന ആവശ്യപ്പെടുന്നതാണ്.

പലതരം വിമാനങ്ങളുടെ വിവിധ സ്ക്വാഡ്രണുകൾക്കു പകരം ഒരേതരം വിമാനത്തിന്റെ ഏതാനും സ്ക്വാഡ്രൺ രൂപീകരിക്കുക. അന്നു വ്യോമസനയുടെ പക്കൽ മിഗ്–21, മിഗ്–ബിസ്, മിഗ്–23, മിഗ്–27, മിഗ്–29, മിറാഷ്–2000, ജാഗ്വാർ, സുഖോയ്–30 എംകെഐ എന്നീ സുപ്പർസോണിക് പോർവിമാനങ്ങളാണുണ്ടായിരുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്ത ഉപയോഗങ്ങളായിരുന്നു. മിഗ്–21, ബിസ്, 23, മിറാഷ് എന്നിവ ഹ്രസ്വ, മധ്യദൂര വിവിധോദ്ദേശ്യം. മിഗ്–27 ഹ്രസ്വദൂര ചെറുബോംബിങ്, ജാഗ്വാർ ദീർഘദൂര ബോംബിങ്, മിഗ്–29 ആകാശസുരക്ഷ, സുഖോയ് ദീർഘദുര തീവ്ര ബോംബിങ്.

വേണ്ടത് ഒരേ തരം വിമാനങ്ങളുടെ സ്ക്വാഡ്രൺ

1980 കളോടെ ഓരോ റോളിനും ഓരോതരം വിമാനം ഉപയോഗിക്കുക എന്നതിനു പകരം ഒരേ തരം വിവിധോദ്ദേശ്യ വിമാനം ഉപയോഗിക്കുക എന്ന സിദ്ധാന്തം ആധുനിക വ്യോമസേനകൾ സ്വീകരിച്ചു തുടങ്ങി.ഓരോ തരം വിമാനത്തിനും പ്രത്യേകം പരിശീലനം ലഭിച്ച പൈലറ്റുമാരും എൻജിനീയർമാരും ടെക്നീഷ്യൻമാരും വേണം. ഇവയുടെയെല്ലാം സ്പെയർപാർട്ടുകളും മറ്റു സാമഗ്രികളും വെവ്വേറെ സൂക്ഷിക്കണം. സ്ക്വാഡ്രൺ ഒരു സ്ഥലത്തു നിന്നു മാറ്റുമ്പോൾ ഇവയെല്ലാം പുതിയ സ്ഥലത്തെത്തിച്ച് അവിടെ മെയിന്റനൻസ് താവളം നിർമിക്കണം. വിവിധ ആവശ്യങ്ങൾക്ക് ഒരേതരം വിമാനം ഉപയോഗിച്ചാൽ ഈ അധികച്ചെലവ് ഒഴിവാക്കാം. മാത്രമല്ല, യുദ്ധത്തിന്റെ ഗതിയനുസരിച്ചു മറ്റു സ്ഥലങ്ങളിൽ നിന്ന് ഓരോ റോളിനും ഒരോതരം സ്ക്വാഡ്രണുകൾ വരുത്തേണ്ടതില്ല.

300 പല വിമാനങ്ങൾക്ക് പകരം126 റഫാൽ

ഈ പശ്ചാത്തലത്തിലാണ്, മിഗ്–21, മിഗ്–23 എന്നിവ ഉടനടിയും മിഗ്–27 പിന്നീടും പരിഷ്കരിച്ച മിഗ് ബിസ് അതിനു ശേഷവും മിഗ്–29–ഉം മിറാഷും കുറേക്കാലം കൂടി കഴിഞ്ഞും മാറ്റാൻ പദ്ധതിയിട്ട് ഇവയ്ക്കെല്ലാം പകരമായി ഒരേതരം വിമാനം വാങ്ങണമെന്നു വ്യോമസേന ആവശ്യപ്പെട്ടത്. അതായതു മുന്നൂറിലധികമുണ്ടായിരുന്ന 6 തരം വിമാനങ്ങൾക്കു പകരം ഒരെണ്ണത്തിന്റെ 126 എണ്ണം. ഇതിനു പകരം വെറും 36 മതിയെന്നെ തീരുമാനത്തോടെ, പഴയവ കളയാനാവാത്ത ഗതികേടിലാവുകയാണു വ്യോമസേന.

36 കഴിഞ്ഞു ബാക്കി ആവശ്യമായ 90 എണ്ണത്തിനായി വീണ്ടും മറ്റൊരു മൾട്ടിറോൾ വിമാനത്തിനു ടെൻഡർ നൽകേണ്ടിവരും. ഇവ ലഭിക്കുന്നതുവരെ പഴയവ ഉപേക്ഷിക്കാനുമാവില്ല. ചുരുക്കത്തിൽ റഫാൽ വരുന്നതോടെ വ്യോമസേനയുടെ ലോജിസ്റ്റിക്സ് തലവേദന കുറയുന്നതിനു പകരം വർധിക്കുകയാണ്. അടുത്ത കൊല്ലം റഫാൽ എത്തുകയാണെങ്കിൽ വ്യോമസേനയുടെ പക്കലുള്ള വിമാന ടൈപ്പുകളുടെ എണ്ണം എത്രയാകുമെന്നു നോക്കാം – മിഗ്–21ബിസ്, മിഗ്–27, മിഗ്–29, മിറാഷ്, ജാഗ്വാർ, സുഖോയ്, ഹോക്ക്, പുതുതായി എത്തുന്ന ഇന്ത്യൻ നിർമിത തേജസ്. ഇവ കൂടാതെയാവും ഇനി ആവശ്യമുള്ള 90 വിമാനങ്ങൾ.

സാങ്കേതിക വിദ്യയും മുൻപ് വാങ്ങി

126 വിമാനങ്ങളിൽ 18 എണ്ണം ഉടനടി വിദേശത്തു നിർമിച്ചു കൊണ്ടുവരികയും ബാക്കിയുള്ളവ സാങ്കേതികവിദ്യ വാങ്ങി ഇന്ത്യയിൽ നിർമിക്കുകയും ചെയ്യണമെന്നാണു സേന ആവശ്യപ്പെട്ടത്. ഒരു പോർവിമാനം 40 കൊല്ലത്തോളം ഉപയോഗിക്കേണ്ടതായതിനാൽ അതിന്റെ സാങ്കേതികവിദ്യ വാങ്ങുന്നതാണ് അഭികാമ്യം.ഇന്ത്യ ഇതുവരെ വാങ്ങിയ വിമാനങ്ങളിൽ മിക്കവയും അങ്ങനെയായിരുന്നുതാനും.

നാറ്റ്, മിഗ്–21, മിഗ്–ബിസ്, മിഗ്–23, മിഗ്–25, മിഗ്–27, മിഗ്–29, ജാഗ്വാർ, മിറാഷ്, സുഖോയ്, ഹോക്ക് പരിശീലനവിമാനം ഇങ്ങനെ 11 തരം പോർവിമാനങ്ങളാണ് ഇന്ത്യ വാങ്ങിയിട്ടുള്ളത്. ഇവയിൽ മിഗ്–23, മിഗ്–25, മിഗ്–29, മിറാഷ് എന്നീ നാലെണ്ണം ഒഴികെ എല്ലാ വിമാനങ്ങളുടെയും നിർമാണസാങ്കേതികവിദ്യ വാങ്ങി, അവയിൽ കുടുതലെണ്ണവും ഇന്ത്യയിൽ നിർമിക്കുകയായിരുന്നു. എല്ലാം നിർമിച്ചത് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സും. നാലെണ്ണത്തിന്റെ കാര്യത്തിൽ മാറ്റം വന്നതിനും കാരണമുണ്ട്. മിഗ്–25 എന്നത് ചാരവൃത്തിക്കു മാത്രം ഉപയോഗിക്കുന്ന വിമാനമാണ്. വെറും എട്ടെണ്ണത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. അത്രയും എണ്ണത്തിനായി സാങ്കേതികവിദ്യ വാങ്ങേണ്ട കാര്യമില്ല. മാത്രമല്ല, അതിന്റെ സാങ്കേതികവിദ്യ സോവിയറ്റ് യൂണിയൻ കൈമാറുകയുമില്ലായിരുന്നു. വ്യോമസേനയ്ക്കു ദീർഘകാല ആവശ്യങ്ങൾ കണക്കുകൂട്ടുന്നതിൽ പിഴവു പറ്റിയതാണ് മിഗ്–23–ന്റെയും മിഗ്–29–ന്റെയും കാര്യത്തിൽ സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്.

ഖജനാവിൽ പണമില്ലാതിരുന്ന 1990 കളിൽ അടിയന്തരമായി വാങ്ങിയതാണ് മിറാഷ്. കൂടുതൽ പണം നൽകി സാങ്കേതികവിദ്യ വാങ്ങാൻ സാധിച്ചില്ല. ഈ 4 വിമാനങ്ങളിൽ മിഗ്–25 ഇന്ത്യ ഉപേക്ഷിച്ചു കഴിഞ്ഞു. അതുപോലെ തന്നെ പഴഞ്ചനായതുമൂലം മിഗ്–23 വിമാനവും. മിഗ്–29–ഉം മിറാഷും ഇന്നും ഏറെക്കുറെ ആധുനികമാണ്. പക്ഷേ, അവയുടെ അറ്റകുറ്റപ്പണി വ്യോമസേനയ്ക്കു വലിയ തലവേദനയാണ്. കാതലായ കേടുപാടുകൾ ഉണ്ടായാൽ അവയുടെ നിർമാതാക്കളെ ആശ്രയിക്കാതെ തരമില്ല. ഇതേ ഗതിയാവും റഫാലിനും സംഭവിക്കുക.

റിലയൻസിന് സാങ്കേതിക കൈമാറ്റമില്ല

റഫാൽ വിമാനത്തിന്റെ ഗുണമേന്മയിലോ സാങ്കേതികവിദ്യയിലോ പോരാട്ടമേന്മയിലോ ആർക്കും സംശയമില്ല. മത്സരത്തിനെത്തിയ 4 വിമാനങ്ങളിൽ മെച്ചപ്പെട്ടത് തന്നെയായിരുന്നു റഫാൽ. പക്ഷേ, അടുത്ത 4 ദശകത്തോളം സർവീസിലിരിക്കേണ്ട വിമാനത്തിൽ ഏതാനും എണ്ണങ്ങൾക്കു കേടുവന്നാൽ അവയുടെ അടിസ്ഥാന സാങ്കേതികവിദ്യ അറിയാത്ത സേന എങ്ങനെ അവ നന്നാക്കും? ഓരോ തവണയും വിദേശകമ്പനിയെ ആശ്രയിക്കേണ്ടി വരും.

റിലയൻസ് കമ്പനിക്ക് സാങ്കേതികവിദ്യ കൈമാറുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉയരാം. ഉത്തരമിതാണ്. റിലയൻസ് കമ്പനിക്ക് ഏതാനും ഭാഗങ്ങളുടെയും ഘടകങ്ങളുടെയും സാങ്കേതികവിദ്യ മാത്രമാണു ലഭിക്കുന്നത്. വിമാനം നിർമിക്കുന്ന അടിസ്ഥാന സാങ്കേതികവിദ്യയല്ല. അത് നിർമിക്കാനുള്ള ലൈസൻസും ലഭിക്കില്ല.