കൊൽക്കത്തയിൽനിന്നു കേട്ടത് ‘രക്ഷിക്കൂ,’എന്ന നിലവിളി: മോദി

ന്യൂഡൽഹി∙ ഖജനാവ് കൊള്ളയടിക്കുന്നതു താൻ തടഞ്ഞപ്പോഴാണു നേതാക്കൾ വിശാലസഖ്യം എന്നു പേരിൽ കൊൽക്കത്തയിൽ ഒത്തുകൂടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അവർ കൊൽക്കത്തയിൽ നിന്ന് സഹായത്തിനായി രക്ഷിക്കൂ, രക്ഷിക്കൂ എന്ന് നിലവിളിക്കുകയാണ്’– മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിജെപി വിരുദ്ധ കക്ഷികളുടെ റാലിയെ പരിഹസിച്ചു മോദി പറഞ്ഞു. 

‘അഴിമതിക്കെതിരെ ഞാൻ സ്വീകരിച്ച നടപടികൾ ചിലരെ രോഷാകുലരാക്കിയിട്ടുണ്ട്. അവർക്കു കോപം വന്നതു സ്വാഭാവികം. ഇപ്പോൾ അവർ വിശാലസഖ്യം എന്നു പറഞ്ഞ് ഒത്തുകൂടിയിരിക്കുന്നു’ കേന്ദ്രഭരണപ്രദേശമായ ദാദ്ര–നഗർ ഹവേലിയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിശാലസഖ്യം മോദിക്കെതിരെയല്ല, രാജ്യത്തെ ജനങ്ങൾക്കെതിരെയാണ്. സഖ്യമുണ്ടാക്കും മുൻപേ നേതാക്കൾക്ക് എന്തെല്ലാം കിട്ടുമെന്നാണ് അവർ‌ ചർച്ച ചെയ്യുന്നത്. പരസ്പര രക്ഷയാണ് അവരുടെ ലക്ഷ്യം. മമത ബാനർജിയുടെ ‘ഇന്ത്യയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യത്തെയും മോദി വിമർശിച്ചു.